Cover Story
ദക്ഷിണാഫ്രിക്കക്കാർ അന്ന്, ബാലേട്ടനോട് ചോദിച്ചു, "ഗാന്ധിജി ഇപ്പോൾ ഇന്ത്യയിലുണ്ടോ..?!'
ആശയങ്ങൾ പണയപ്പെട്ട അണികൾ അരങ്ങുവാഴുന്ന നാട്ടിൽ സ്മാരകങ്ങൾ അപ്രസക്തങ്ങളാകുന്നുണ്ട്. എങ്കിലും കല്ലിലും മരത്തിലും ലോഹത്തിലും പണിതത് പോൽ കരളിൽ പതിയാതെ പോയത് അത്രമേലൊന്നും കുറ്റമല്ലാതാകുന്ന കാലത്ത് സ്മാരകങ്ങൾ ഹനിക്കപ്പെടുന്നത് നിസ്സാരവത്കരിക്കാനും എളുപ്പമുണ്ട് താനും. പക്ഷേ, ഈ അടയാള ചിഹ്നങ്ങളൊന്നും താനേ രൂപപ്പെട്ടതല്ല, ഒരു കാലത്തിലെ പോരാട്ട വീര്യത്തിന്റെ ഒടുങ്ങാത്ത, ഒടുങ്ങാൻ പാടില്ലാത്ത താഴികക്കുടങ്ങൾ കൂടിയാണത്. ഇന്ത്യയിൽ തകർക്കപ്പെടുകയും ദക്ഷിണാഫ്രിക്കയിൽ നിലനിർത്താൻ പോരാടുകയും ചെയ്ത കഥകൾ ആ ഒരു കാഴ്ചപ്പാടിലും വായിച്ചെടുക്കേണ്ടതുണ്ട്.
അസ്തമയ സൂര്യന്റെ അവസാന ചുവപ്പും മാഞ്ഞ്, ഇരുട്ട് പരന്നു തുടങ്ങിയ നേരത്താണ്, കോഴിക്കോട് അത്താണിക്കലിലെ “തായാട്ട്’ എന്ന വീട്ടിലേക്ക് കടന്നുചെന്നത്. രാജ്യത്തിന്റെ പിതാവ് കൊല ചെയ്യപ്പെട്ടതിന്റെ എഴുപതിയഞ്ചാം ആണ്ട് ആചരിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ, സ്മാരകങ്ങൾ നാശമടയുന്നതിൽ മനംനൊന്ത്, അന്യരാജ്യത്ത് സമരപഥങ്ങളിലേക്ക് ഒറ്റക്കിറങ്ങിയ ഗാന്ധിജിയുടെ കറകളഞ്ഞ ഒരനുയായിയെ മുഖദാവിൽ കാണുന്നത് സുകൃതമാണല്ലോ.
നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടതിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ, സ്വന്തം രാഷ്ട്രപിതാവിനെ പിന്നെയും പിന്നെയും കൊന്ന് രസിക്കുന്ന അതിലാനന്ദം കണ്ടെത്തുന്ന ഗതികെട്ട ജനതയുടെ എണ്ണം അനുദിനം വർധിച്ചു വരുന്ന ഒരു കാലത്ത്, ആ മഹാത്മാവിന്റെ ഓർമകളും സ്മാരകങ്ങളും നിലനിൽക്കാൻ പോരാട്ടത്തിന്റെ ഏതറ്റം വരെയും പോകാൻ തയ്യാറായ തായാട്ട് ബാലേട്ടനെ പോലുള്ളവരെ എത്രമേൽ കേട്ടാലും അറിഞ്ഞാലും മതിയാകില്ല എന്നതും സത്യം.
ഹൃദ്യമായി സ്വീകരിച്ചാനയിച്ച്, അകത്തിരുത്തി ഇടറാത്ത വാക്കുകളും ചിതറിത്തുടങ്ങിയ ചിന്തകളുമായി കഥ പറയാനിരുന്ന, തൊണ്ണൂറ്റി അഞ്ചാം പിറന്നാളും പിന്നിട്ട അദ്ദേഹത്തെ കേട്ടു കൊണ്ടിരിക്കുമ്പോൾ ഓർമകളിൽ, കേട്ടും കണ്ടും വായിച്ചും അകതാരിൽ അനുഭവങ്ങളായി മാറിയ എണ്ണമറ്റ ചിത്രങ്ങൾ ഒളിമങ്ങാതെ താനെ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.
ദേശീയ പ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെയും “കേരളാ ഗാന്ധി’എന്നറിയപ്പെട്ട കെ കേളപ്പജിയുടെയും അനുയായി ആയി ജീവിക്കാൻ ആഗ്രഹിച്ച ഒരച്ഛന്റെ മകനെ, കേളപ്പജി തന്നോടൊപ്പം ചേർത്ത് പിടിച്ച കഥ മുതൽ, ദക്ഷിണാഫ്രിക്കൻ തെരുവിലൊരു ഗാന്ധി പ്രതിമ സ്ഥാപിച്ചു കാണാൻ തായാട്ട് ബാലൻ നടത്തിയ ഒറ്റയാൾ പോരാട്ടം വരെ…ചരിത്രത്താളുകളിൽ വിസ്മരിക്കാനാകാത്തൊരു ഏടായി നിറഞ്ഞു നിൽക്കുന്ന ബാലേട്ടന്റെ ചിത്രങ്ങൾ…
ആദ്യമായി ഗാന്ധിജിയെ നേരിട്ട് കണ്ട കാലം മുതൽ, അന്നു തൊട്ടിന്നോളം, ഓർമകൾക്ക് ഇടർച്ച വന്നുതുടങ്ങിയ നവതിയുടെ ഈ സായാഹ്ന സമയത്തും യാതൊരു പതർച്ചയുമില്ലാതെ ബാലേട്ടൻ ആ പ്രദീപ്ത സ്മരണകളെ അക്ഷരം തെറ്റാതെ ആവർത്തിച്ചാവർത്തിച്ചു ഉരുക്കഴിക്കുമ്പോൾ ചെറു ബാല്യം വിടാത്ത ഒരു കുട്ടിയുടെ കൗതുകവും ആവേശവും ആ മുഖത്തു താനെ വന്നു നിറയുന്നുണ്ട്.
മഹാത്മാ ഗാന്ധിയെ നേരിൽ കാണുന്നു
1934 ജനുവരി 12ന് ഹരിജനോദ്ധാരണ ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി ഗാന്ധിജി കേരളത്തിലെത്തിയ സമയത്താണ് അന്ന് ആറ് വയസ്സ് മാത്രം പ്രായമുള്ള തായാട്ട് ബാലേട്ടൻ തലശ്ശേരി കടപ്പുറത്ത് വെച്ച് ആദ്യമായി മഹാത്മാ ഗാന്ധിയെ നേരിൽ കാണുന്നത്. ഗാന്ധിജിയോടും കേളപ്പജിയോടുമെല്ലാം കടുത്ത ആദരവ് ഉള്ളിൽ കൊണ്ട് നടക്കുന്ന അച്ഛൻ പന്യന്നൂർ ചന്തു നമ്പ്യാർ, തന്റെ മൂന്ന് ആൺമക്കളെയും കൊണ്ടുപോയി ഗാന്ധിജിയെ കാണിച്ചു കൊടുക്കാൻ കുടുംബത്തിലൊരാളെ ആവശ്യത്തിനുള്ള പണവും കൊടുത്തു പറഞ്ഞേൽപ്പിച്ചു. അന്ന്, ആ പരിപാടിയുടെ വളണ്ടിയർമാരിൽ ഒരാളായിരുന്ന അമ്മാവൻ സദസ്സിന്റെ മുൻനിരയിൽ തന്നെ സ്ഥാനവും ഒരുക്കിക്കൊടുത്തു. സ്ഥാനമെന്ന് പറഞ്ഞാൽ, തലശ്ശേരി കടപ്പുറത്ത് തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ നിന്ന്, ഉയരത്തിൽ കെട്ടിയ വേദിയിൽ നിൽക്കുന്ന ഗാന്ധിജിയെ നന്നായി തലയുയർത്തിപ്പിടിച്ചു നോക്കിയാൽ കാണാം. കടപ്പുറത്തെ പൂഴിമണൽ കൂട്ടിവെച്ചു അതിലിരുന്ന് പരിപാടി അവസാനിക്കും വരെ ഗാന്ധിജിയെ കണ്ടും കേട്ടും മനസ്സിൽ ആഘോഷമായി തീർന്ന, ആ ദിവസത്തിലെ ഓരോ വിനാഴികകളും ബാലേട്ടന് ഇന്നും ഹൃദിസ്ഥം. മറ്റെല്ലാ ഓർമകളിലും ക്ലാവ് പിടിച്ചു തുടങ്ങുമ്പോഴും, അന്നേ ദിവസം അവസാനം കുടുംബക്കാരന്റെ ചുമലിലേറി വീട്ടിലേക്കുള്ള മടക്കയാത്ര വരെ, എത്രയെത്ര ആവർത്തിയാണ് ബാലേട്ടൻ ആർത്തിയോടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
പക്ഷേ, തായാട്ട് ബാലേട്ടന്റെ മുന്നിലിരുന്ന സമയമത്രയും മനസ്സിലോർത്തത്, മറ്റെല്ലാറ്റിലുമുപരി അതു തന്നെയായിരുന്നു. ഓർമകളിൽ ക്ലാവ് പിടിക്കാതെ, ചിന്തകളിൽ ആകുലതകൾ തീർത്ത വാർത്തകളായിരുന്നു അത്. അമേരിക്കയിൽ, രാജസ്ഥാനിൽ, കണ്ണൂരിൽ പിന്നെയും വാർത്തകളാകാതെ പോയ എവിടെയെല്ലാമോ, എപ്പോഴൊക്കെയോ ആരെല്ലാമോ രാഷ്ട്ര പിതാവിന്റെ സ്മാരക സ്തൂപങ്ങളെ തല്ലിത്തകർത്തതിന്റെ ആത്മനിന്ദ അനുഭവിച്ച, ഉൽകണ്ഠയേറ്റിയ വാർത്തകൾ. അതിനുമപ്പുറം മറ്റൊരു രാജ്യത്ത്, മറ്റൊരു സംസ്കൃതി നില കൊള്ളുന്ന ദേശത്ത് സ്വന്തം രാഷ്ട്രപിതാവിന്റെ സ്മാരകങ്ങൾ സംരക്ഷിക്കപ്പെടാനും, ആ മഹാത്മാവ് അപമാനിക്കപ്പെട്ട അതേ ഇടങ്ങളിൽ ആദരിക്കപ്പെടണം എന്ന വാശിയോടെ ഒറ്റയ്ക്കൊരു പോരാട്ടത്തിനിറങ്ങിയ തായാട്ട് ബാലൻ എന്ന മനുഷ്യനെ കുറിച്ചും…
ദക്ഷിണാഫ്രിക്കൻ തെരുവുകളിലും ഗവണ്മെന്റ് ഓഫീസുകളിലും പോരാടാനുറച്ചു കയറി ച്ചെന്ന ആ മനുഷ്യനാണ് ഞങ്ങൾക്ക് മുന്നിലിരിക്കുന്നതെന്ന ചിന്ത തെല്ലൊന്നുമല്ല ത്രസ്സിപ്പിച്ചത്. 2021ൽ കാലിഫോർണിയയിലെ ഡേവിഡ് സിറ്റി സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന 294 കിലോ ഗ്രാം ഭാരമുള്ള വെങ്കല പ്രതിമ പാടെ തകർത്തെറിഞ്ഞ വാർത്ത കേൾക്കുമ്പോൾ ഞെട്ടാനും അത്ഭുതപ്പെടാനും ഏറെയൊന്നും നമുക്ക് അവകാശമില്ലായിരുന്നു.കാരണം അന്യദേശത്ത് അത്തരമൊരു കൃത്യം അരങ്ങേറുന്നതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ, തന്റെ രാജ്യത്തിന് വേണ്ടി ചോര ചിന്തിയ, ആ സാധു മനുഷ്യന്റെ ആശയാദർശങ്ങളോട് സമരസപ്പെടാനാകാത്തവർ, അദ്ദേഹത്തിന്റെ ഓർമകളോട് പോലും അസഹിഷ്ണുത പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നല്ലോ. സ്വന്തം രാജ്യത്തു തന്നെ രാഷ്ട്ര പിതാവിന്റെ സ്മാരകങ്ങളെ തച്ചു തകർത്തു, ആത്മസായൂജ്യമടയാൻ ശീലിച്ചു തുടങ്ങിയിരുന്നു. രാജസ്ഥാൻ സംസ്ഥാനത്തെ നാഥദ്വാരയിലെ രാജ് മന്ദിലുള്ള ഗാന്ധിജിയുടെ അർധകായ പ്രതിമയുടെ തലയും പ്രതിമ സ്ഥാപിച്ച തറയും തകർത്തെറിഞ്ഞത് 2018ലാണ്. കേരളത്തിൽ കണ്ണൂർ തളിപ്പറമ്പിലും ഗാന്ധി പ്രതിമക്ക് നേരെ കല്ലേറും തകർക്കൽ ഭീഷണിയും ഉണ്ടായത് ഇതേ വർഷത്തിലൊരു പട്ടാപ്പകൽ നേരത്താണ്.
ഉത്തർപ്രദേശിൽ അലിഗഢിലെ തെരുവോരങ്ങളിൽ അണികളായും കാണികളായും ഒരുമിച്ചു കൂടിയ ജനസഞ്ചയത്തെ സാക്ഷിയാക്കി ഗാന്ധിജിയുടെ പ്രതിമയിലേക്ക് വെടിയുതിർത്ത്, ഗോഡ്‌സെക്ക് സിന്ദാബാദ് വിളിക്കുന്ന കാഴ്ച അരങ്ങേറിയത് മഹാത്മാ ഗാന്ധിയുടെ എഴുപതിയൊന്നാം രക്തസാക്ഷി ദിനത്തിലാണ്. കൃത്യമായി പറഞ്ഞാൽ 2019 ജനുവരി 30ന്.
രക്തസാക്ഷിത്വത്തിന്റെ കറുത്തിരുണ്ട ഒരു ദിനത്തെ “ശൗര്യ ദിവസ്’എന്ന പേരിൽ ആഘോഷപൂർവം കൊണ്ടാടുന്ന, തച്ചു തകർക്കലിൻ തത്ത്വശാസ്ത്രങ്ങൾ കൊണ്ട് ഒരു അഹിംസാവാദിയുടെ ഓർമകളെ പോലും ഹനിക്കാൻ വിഭ്രാന്തി പൂണ്ട, ഒരു ജനതയുടെ അംഗ സംഖ്യ അനുദിനം ഏറിയേറി വരുന്ന, അതേ ലോകത്തിലും കാലത്തിലും തന്നെയാണ് ഒരു ഗാന്ധിയൻ, തന്റെ രാഷ്ട്രപിതാവിന്റെ സ്മാരകങ്ങൾ സംരക്ഷിക്കപ്പടാൻ ഒരന്യ രാജ്യത്ത് ഒറ്റക്കൊരു പോരാട്ടത്തിനിറങ്ങിയത് എന്നത് ചരിത്രം തമസ്‌കരിക്കപ്പെടാത്തോളം കാലം ഏറെ പ്രസക്തമാണ്. ദക്ഷിണാഫ്രിക്കയിൽ ഗാന്ധി സ്മാരകങ്ങൾ വേണ്ട വിധം സംരക്ഷിക്കപ്പെടാതെ നാശമടഞ്ഞു തുടങ്ങിയ കാഴ്ചകൾ കണ്ണിലും നെഞ്ചിലും നീറ്റലുളവാക്കിയപ്പോൾ, പീേറ്റഴ്സ്ബെർഗിലെ മാർറ്റീവ് ബെർഗ് റെയിൽവേ സ്റ്റേഷനിൽ കടന്നു പോയ ഒരു യാത്രയിൽ, അതേ രാജ്യത്ത് അതേ സ്റ്റേഷനിൽ വെച്ചു തന്റെ നേതാവ് അപമാനിക്കപ്പെട്ട ചരിത്രകഥകൾ വീണ്ടും വേട്ടയാടിയപ്പോൾ, ഇങ്ങു കൊച്ചു കേരളത്തിൽ നിന്ന് ഹ്രസ്വ സന്ദർശനത്തിന് ദക്ഷിണാഫ്രിക്കയിൽ എത്തിയ തായാട്ട് ബാലൻ പോരാടിയ കഥയാണത്.
ആ പോരാട്ടത്തിന് ഒരാമുഖം
ഡോക്ടർ ജോൺ അൽമോർട്ട് എന്ന ക്രിസ്ത്യൻ പാതിരി ഒരിക്കൽ, ജീവിതത്തിൽ ഏറ്റവും അധികം വേദനിപ്പിച്ച സംഭവം എന്താണ് എന്ന്,ഗാന്ധിജിയോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഗാന്ധിജി നൽകിയ മറുപടി ഇതേ അനുഭങ്ങളായിരുന്നു. ഒരു കേസ് സംബന്ധിച്ചുള്ള കാര്യങ്ങൾക്കായി ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രയിൽ പീറ്റർ മാറിറ്റേസ് ബെർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ചു നിറത്തിന്റെയും വംശീയതയുടെയും പേരിൽ ഒന്നാം നമ്പർ കമ്പാർട്ടുമെന്റിൽ നിന്ന് പുറത്താക്കി മൂന്നാം ക്ലാസ്സിലേക്ക് ബലാത്കാരമായി മാറ്റി കയറ്റിയ, തന്റെ ബാഗും പെട്ടിയും മറ്റും പ്ലാറ്റ് ഫോമിലേക്ക് വലിച്ചെറിഞ്ഞ റെയിൽവേ ഉദ്യോഗസ്ഥരുടെ വൃത്തികെട്ട പെരുമാറ്റമാണ് തന്നെ ഏറെ വേദനിപ്പിച്ചതും പല കാര്യങ്ങളിലും മാറ്റിച്ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നും പറയുകയുണ്ടായി. ആ ദുരനുഭവങ്ങളുടെ നീർകുത്തുകളിൽ നിന്നാണ് ഒരു രാജ്യത്തിന്റെ, പോരാട്ട വീര്യമേറിയ രാഷ്ട്രപിതാവ് പിറവി കൊള്ളുന്നത് എന്നത് ഇന്ന് മറ്റൊരു തരത്തിൽ വായിക്കപ്പെടേണ്ടതുണ്ട്.
ഗാന്ധിജിയുടെ തീക്ഷ്ണമേറിയ ഈ ദുരനുഭവങ്ങൾ വായിച്ചും കേട്ടുമറിഞ്ഞ ഇങ്ങേ തലയ്ക്കൽ കേരളത്തിലുള്ള ഒരു സാദാ അനുയായിക്ക്, അത് എക്കാലവും ഉള്ളുപൊള്ളിച്ച തീക്കനലായിരുന്നു. ഗാന്ധിജിയെ അപമാനിച്ചു പടിയിറക്കി വിട്ട അതേ റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ ആ ദുരനുഭവങ്ങളുടെ നൊമ്പരങ്ങളൊന്നന്നായി ഓർമകളായി നിറഞ്ഞു നിന്നപ്പോൾ, തന്റെ നേതാവ് അപമാനിക്കപ്പെട്ടിടത്ത് ആദരിക്കപ്പെടണം, ആദരവിന്റെ അടയാള ചിഹ്നങ്ങൾ അനശ്വരമായി നിലനിർത്തപ്പെടണമെന്ന ഉൾവിളിയാൽ അടങ്ങിയിരിക്കാനാകാതെ ആവശ്യമുന്നയിച്ചു സമരത്തിനിറങ്ങിയതാണ് ബാലേട്ടൻ.
ദക്ഷിണാഫ്രിക്കയിലുള്ള മകളെയും മരുമകനേയും കാണണം. അവരോടുത്തു കുറച്ചു ദിവസങ്ങൾ കഴിയണം. അതുമാത്രം മോഹിച്ചാണ്,1992 ൽ തായാട്ട് ബാലേട്ടൻ അവിടെയെത്തുന്നത്. ആ യാത്രക്കിടയിലാണ്, പീറ്റർ മാരിറ്റസ് ബർഗ് റെയിൽവേ സ്റ്റേഷനിലെത്തുന്നതും നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള, ഗാന്ധിജി അപമാനിക്കപ്പെട്ട ആ സംഭവത്തിന്റെ ഓർമയിൽ ബാലേട്ടൻ അവിടെയിറങ്ങുന്നതും. പലയിടങ്ങളിലും കാണപ്പെട്ട നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഗാന്ധിയൻ ശിൽപ്പങ്ങളും ചിത്രങ്ങളും സ്മാരക സ്തൂപങ്ങളും യാത്രയിലുടനീളം ബാലേട്ടനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. ഗാന്ധിയൻ സ്മാരകങ്ങൾ സംരക്ഷിക്കപ്പെടാൻ ഇന്ത്യയിൽ നിന്ന് തുകയനുവദിച്ചു കൊടുക്കുന്ന കാലം കൂടിയായിരുന്നു അത്.
തകർന്നടിഞ്ഞു ഇല്ലാതായിക്കൊണ്ടിരിക്കുന്ന സ്മാരകങ്ങളും കൈയേറി അന്യമായിക്കൊണ്ടിരിക്കുന്ന സ്മാരക സ്ഥലങ്ങളും കണ്ടില്ലെന്ന് ഭാവിച്ചു കടന്നുപോയാൽ, അതി വിദൂരമല്ലാത്ത ഭാവിയിൽ തന്നെ ദക്ഷിണാഫ്രിക്കൻ തെരുവുകളിൽ ഗാന്ധിജിയുടെ സ്മാരകങ്ങൾ എന്നന്നേക്കുമായി ഇല്ലാതായിപ്പോകും എന്ന ആകുലമായ ചിന്തയിലാണ് “ദി നേഷൻ’ പത്രത്തിന്റെ ഓഫീസിലേക്ക് കയറിച്ചെന്നത്. അറിയാവുന്ന രീതിയിൽ തപ്പിത്തടഞ്ഞ അന്യ ഭാഷയിലാണ് കാര്യങ്ങൾ പറഞ്ഞതെങ്കിലും ആത്മരോഷത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ജ്വലിച്ചുനിന്ന ഭാവഹാദികൾ കൊണ്ട് പറഞ്ഞുകൊണ്ടിരിക്കുന്ന ആവശ്യത്തിന്റെ ഗൗരവം തിരിച്ചറിയാൻ അവർക്കും ഏറെയൊന്നും സമയം വേണ്ടിവന്നില്ല. അവർ തന്നെ ഒരുക്കിയ പത്ര സമ്മേളനത്തിലൂടെ വിശേഷങ്ങൾ ദക്ഷിണാഫ്രിക്കയിൽ മുഴുക്കെയും വിഷയമായി. തുടർന്ന് സ്മാരകങ്ങൾ സംരക്ഷിക്കാൻ പണം നൽകുന്നതിന് ചുമതലയുള്ള സി സുബ്രഹ്‌മണ്യത്തെ കണ്ടതോടെ കാര്യങ്ങൾക്ക് വേഗം കൂടി. 1993ൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ വെങ്കല പ്രതിമ, ദക്ഷിണാഫ്രിക്കൻ വർണ വർഗ വിവേചന വിരുദ്ധ സമരങ്ങളുടെ മുന്നണിപ്പോരാളി കൂടിയായ ഡെസ്മണ്ട് ടുട്ടു അനാച്ഛാദനം ചെയ്തു.
ഒരുപക്ഷേ തായാട്ട് ബാലേട്ടൻ ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയുടെ സ്മാരകങ്ങൾ നില നിർത്താനും പ്രതിമ സ്ഥാപിക്കാനും പോരാട്ടം നടത്തുമ്പോൾ അന്ന് അദ്ദേഹത്തിന്റെ മനസ്സിലത് തന്റെ നേതാവിന്റെ, തന്റെ രാജ്യത്തിന്റെ രാഷ്ട്ര പിതാവിന്റെ ആദരം മാത്രമായിരിക്കാം. പിന്നീട് ദശകങ്ങൾ മാത്രം പിന്നിടുമ്പോൾ രാഷ്ട്ര പിതാവിന്റെ രാജ്യത്ത് തന്നെ സ്മാരകങ്ങളിൽ പോലും നിറയൊഴിച്ചു ആനന്ദിക്കുന്ന, തച്ചുതകർത്ത് ആഘോഷിക്കുന്ന ഒരു ജനത വളർന്നു വരുമ്പോൾ തായാട്ട് ബാലേട്ടനെ പോലുള്ള സ്വാതന്ത്ര്യ സമര പോരാളികൾ പിന്നീടും നടത്തിയ ശ്രമങ്ങളും പോരാട്ടങ്ങളും നിസ്സാരമായിരുന്നില്ല.അത്തരം പോരാട്ടങ്ങളെ ഓർക്കുന്നതും സ്മാരകങ്ങൾക്കായി വിരൽ ഉയർത്തുന്നതും പ്രതിരോധത്തിന്റെ വഴികളായി മാറുകയാണ്..!!
ആശയങ്ങൾ പണയപ്പെട്ട അണികൾ അരങ്ങു വാഴുന്ന നാട്ടിൽ സ്മാരകങ്ങൾ തീരെ അപ്രസക്തങ്ങളാകുന്നുണ്ട്. എങ്കിലും കല്ലിലും മരത്തിലും ലോഹത്തിലും പണിതത് പോൽ കരളിൽ പതിയാതെ പോയത് അത്രമേലൊന്നും കുറ്റവും അല്ലാതാകുന്ന കാലത്ത് സ്മാരകങ്ങൾ ഹനിക്കപ്പെടുന്നതു നിസ്സാരവത്കരിക്കാനും എളുപ്പമുണ്ട് താനും. പക്ഷേ, ഈ അടയാള ചിഹ്നങ്ങളൊന്നും താനേ രൂപപ്പെട്ടതല്ല, ഒരു കാലത്തിലെ പോരാട്ട വീര്യത്തിന്റെ ഒടുങ്ങാത്ത, ഒടുങ്ങാൻ പാടില്ലാത്ത താഴികക്കുടങ്ങൾ കൂടിയാണത്. ഇന്ത്യയിൽ തകർക്കപ്പെടുകയും ദക്ഷിണാഫ്രിക്കയിൽ നില നിർത്താൻ പോരാടുകയും ചെയ്ത കഥകൾ ആ ഒരു കാഴ്ചചപ്പാടിലും വായിച്ചെടുക്കേണ്ടതുണ്ട്.