Connect with us

Kerala

സിൽവർലൈൻ പദ്ധതി മംഗലാപുരം വരെ നീട്ടുവാൻ ദക്ഷിണ സോണൽ കൗൺസിലിൽ ധാരണ

കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിൽ ഈ മാസം ബംഗളൂരുവിൽ ചർച്ച നടത്തും.

Published

|

Last Updated

തിരുവനന്തപുരം | കേരള സർക്കാറിന്റെ അതിവേഗ റെയിൽവേ പദ്ധതിയായ സിൽവർലൈൻ കർണാടകയിലെ മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ച് ദക്ഷിണ സോണൽ കൗൺസിൽ യോഗത്തിൽ ധാരണ. ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിൽ ഈ മാസം ബംഗളൂരുവിൽ ചർച്ച നടത്തും.

മുഖ്യമന്ത്രി തല ചർച്ചക്ക് ശേഷം വിഷയം കൗൺസിൽ അജണ്ടയായി ചർച്ച ചെയ്യും. തലശ്ശേരി, മൈസൂരു, നിലമ്പൂര്‍, നഞ്ചന്‍കോട് പാതയും മുഖ്യമന്ത്രിതല ചർച്ചയിൽ ഉൾപ്പെടുത്തും. കൗൺസിലിൽ കേരളമാണ് ഈ രണ്ട് വിഷയങ്ങളും ഉന്നയിച്ചത്. ഇതിനോട് കർണാടക അനുഭവം പ്രകടിപ്പിക്കുകയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും അതിവേഗ റെയിൽ ഇടനാഴി ആവശ്യപ്പെട്ടിട്ടുണ്ട്.

കോവളം റാവിസ് കൺവൻഷൻ സെന്‍ററിലാണ് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന സോണൽ കൗൺസിൽ നടക്കുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായാണ് യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത്. കൗൺസിലിൽ പങ്കെടുക്കാനായി ഇന്നലെയാണ് അമിത്ഷാ കോവളത്ത് എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ കൗൺസിലിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 10 മുതൽ 2 വരെയാണ് കൗൺസിൽ ചേരുന്നത്.

Latest