Connect with us

International

ട്രെയിനുകളുടെ വേഗം കൂട്ടാൻ 1,300 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ദക്ഷിണ റെയിൽവേ

ചെന്നൈ-റേണികുണ്ഡ, ആരക്കോണം-ജോലാർപേട്ട് റൂട്ടുകളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനുള്ള പ്രവൃത്തികൾ പൂർത്തിയായതായും റെയിൽവേ

Published

|

Last Updated

ചെന്നൈ | ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നതിന് 1,300 കോടി രൂപയുടെ നവീകരണ പദ്ധതികൾ അടുത്ത വർഷം നടപ്പാക്കുമെന്ന് ദക്ഷിണ റെയിൽവേ. ട്രാക്ക് നവീകരണം, ആധുനിക സിഗ്നൽ സാങ്കേതികവിദ്യ നടപ്പാക്കൽ തുടങ്ങിയ പ്രവർത്തികൾക്കായാണ് തുക നീക്കിവെച്ചത്.

ദക്ഷിണ റെയിൽവേക്ക് കീഴിലെ ചെന്നൈ-റേണികുണ്ഡ, ആരക്കോണം-ജോലാർപേട്ട് റൂട്ടുകളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനുള്ള പ്രവൃത്തികൾ പൂർത്തിയായതായും റെയിൽവേ അറിയിച്ചു. സുരക്ഷാ കമ്മിഷന്റെ അനുമതി ലഭിച്ചാൽ ഉടൻ ഈ റൂട്ടുകളിൽ ട്രെയിനുകളുടെ വേഗം കൂട്ടും.

മറ്റ് പ്രധാന റൂട്ടുകളിൽ ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നതിനായി റെയിൽവേ ട്രാക്കുകൾ നവീകരിക്കുക, ആധുനിക സിഗ്നൽ സാങ്കേതികവിദ്യ സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികൾക്കായി 2023-24 വർഷത്തേക്കാണ് ദക്ഷിണ റെയിൽവേ 1,300 കോടി രൂപ അനുവദിച്ചതെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ദക്ഷിണ റെയിൽവേയുടെആകെ 2,485 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന റൂട്ടുകളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിലാണ് ട്രെയിനുകൾ ഓടുന്നത്. ഈ റൂട്ടുകളിൽ 145 കിലോമീറ്റർ വേഗത കൂട്ടാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റെയിൽവേയുടെ ശേഷിക്കനുസരിച്ച് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്റർ വരെ വർധിപ്പിക്കാനാണ് ഭാവി പദ്ധതി. ഇതിനായി റെയിൽവേ ട്രാക്കുകളുടെ നവീകരണം, സിഗ്നൽ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തൽ, വളവുകൾ നീക്കം ചെയ്യൽ, അനാവശ്യ പ്രവേശന കവാടങ്ങൾ നീക്കൽ തുടങ്ങിയ പ്രവൃത്തികൾ നടത്തിവരികയാണ്. ആവശ്യത്തിന് ഫണ്ട് ലഭിച്ചതിനാൽ പ്രവൃത്തി ദ്രുതഗതിയിൽ നടത്താനാകുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

Latest