National
ഉത്തര്‍ പ്രദേശ്; എസ് പി-എ എ പി സഖ്യ സാധ്യത തെളിയുന്നു
പ്രതിപക്ഷ പ്രചാരണത്തിനായി കോക്റോച്ച് ജനത പാര്‍ട്ടിയും ഇറങ്ങും
ന്യൂഡല്‍ഹി | ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്താന്‍ സമാജ്വാദി പാര്‍ട്ടി (എസ് പി) ആം ആദ്മി പാര്‍ട്ടി (എ എ പി) സഖ്യം യാഥാര്‍ഥ്യമാകുന്നു. എ എ പി എം പി സഞ്ജയ് സിങ് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി ലഖ്നൗവില്‍ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ പ്രചാരണത്തിനായി കോക്റോച്ച് ജനത പാര്‍ട്ടിയും (സി ജെ പി) ഇറങ്ങുമെന്നു പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ സഖ്യം ശക്തി പ്രാപിക്കുകയാണ്. നിലവില്‍ എ എ പി, അഖിലേഷ് യാദവ് ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിനൊപ്പമല്ല. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ച ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ സമ്മര്‍ദ ഗ്രൂപ്പായി തുടരാനാണ് സി ജെ പി തീരുമാനിച്ചിരിക്കുന്നത്. യു പി കോ ഓഡിനേഷന്‍ കമ്മിറ്റിയില്‍ സി ജെ പി 16 പേരെ ഉള്‍പ്പെടുത്തി. ബി ജെ പിക്കും പ്രതിപക്ഷ മതേതര സഖ്യത്തിനും നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് സി ജെ പി സാന്നിധ്യം ഏറെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് എസ് പി. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി പി ഐ (എം എല്‍) ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യയുമായും അഖിലേഷ് യാദവ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജുലൈയിലാണ് എ എ പി ഇന്ത്യ സഖ്യം വിട്ടത്. 2022ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും സഖ്യസാധ്യത ചര്‍ച്ചചെയ്തിരുന്നെങ്കിലും സീറ്റ് വിഭജനത്തെച്ചൊല്ലി ചര്‍ച്ച വഴിമുട്ടിയതോടെ എ എ പി തനിച്ചു മത്സരിക്കുകയായിരുന്നു. അന്ന് ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്ന എ എ പി ഇത്തവണ വിട്ടുവീഴ്ചക്കു തയ്യാറാവുമെന്നാണു കണക്കു കൂട്ടല്‍.
സീറ്റ് വിഭജനം സംബന്ധിച്ചു കോണ്‍ഗ്രസുമായുള്ള എസ് പിയുടെ ചര്‍ച്ച മറ്റന്നാള്‍ തുടങ്ങും. എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തേക്കും.
സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളില്‍ 181 സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി അഖിലേഷ് യാദവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന നിലപാടിലാണ് എസ് പി. ഒറ്റയ്ക്ക് 399 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് രണ്ട് സീറ്റുകളിലാണ് വിജയിച്ചിരുന്നത്. 2022ലെ തെരഞ്ഞെടുപ്പില്‍ 255 സീറ്റുകളില്‍ വിജയിച്ചാണ് ബി ജെ പി സംസ്ഥാനത്ത് തുടര്‍ഭരണം നേടിയത്. എസ് പി 111 സീറ്റുകളില്‍ വിജയം നേടിയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയ എസ് പി – കോണ്‍ഗ്രസ് സഖ്യം 80ല്‍ 43 സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ ബി ജെ പിക്ക് 33 സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്.
Content Highlights: AAP MP Sanjay Singh met SP chief Akhilesh Yadav in Lucknow as opposition parties rally ahead of Uttar Pradesh assembly elections. Talks on seat sharing with Congress are set to begin soon amid shifting political alignments. SP also met CPI (ML) leader Dipankar Bhattacharya to bolster unity.




