Kerala
കിഴിശ്ശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട മര്‍ദനത്തില്‍ തന്നെയെന്ന് എസ് പി; എട്ട് പേര്‍ അറസ്റ്റില്‍
മരക്കൊമ്പുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു മര്‍ദനമെന്ന് എസ് പി
മലപ്പുറം | കൊണ്ടോട്ടി കിഴിശ്ശേരിയില്‍ ഇതരസംസ്ഥാനത്തൊഴിലാളി കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട മര്‍ദനത്തിലെന്ന് പോലീസ്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായി മലപ്പുറം എസ് പി സുജിത് ദാസ്. തെളിവ് നശിപ്പിച്ചതിനാണ് ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മരക്കൊമ്പുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു മര്‍ദനമെന്ന് എസ് പി മാധ്യമങ്ങളോട പറഞ്ഞു മണിക്കൂറുകള്‍ നീണ്ടുനിന്ന ക്രൂര മര്‍ദനത്തിലാണ് ബീഹാര്‍ ഈസ്റ്റ് ചമ്പാര, സ്വദേശി രാജേഷ് മാഞ്ചി (36) കൊല്ലപ്പെട്ടത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. എന്നാലിത് പിന്നീട് ഡിലിറ്റ് ചെയ്തു. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്ന് എസ് പി വ്യക്തമാക്കി. പോലീസ് എത്തി ആശുപത്രിയില്‍ എത്തിക്കമ്പോഴേക്കും രാജേഷ് മാഞ്ചി മരിച്ചിരുന്നു. മോഷണത്തിനായാണ് രാജേഷ് മാഞ്ചി എത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വ്യക്തമാക്കി.
ആള്‍ക്കൂട്ടത്തില്‍ നിന്നേറ്റ മര്‍ദനം മൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.വെള്ളിയാഴ്ച രാത്രിയാണ് രാജേഷ് മാഞ്ചിയെ കീഴിശ്ശേരി വറളിപിലാക്കല്‍ അലവിയുടെ വീടിന് മുന്‍പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ഇയാള്‍ക്ക് മര്‍ദനമേറ്റു എന്ന് കണ്ടെത്തി.നെഞ്ചിലും വാരിയെല്ലുകളിലും ഇടുപ്പിലും പരിക്കും പൊട്ടലും ഉണ്ട്. മോഷണ ശ്രമത്തിനിടെ താഴെ വീണ രാജേഷ് മാഞ്ചിയെ നാട്ടുകാര്‍ കൂട്ടമായി മര്‍ദ്ദിക്കുക ആയിരുന്നു എന്നാണ് വിവരം. പ്രതികള്‍ക്കെതിരെ എതിരെ കൊലക്കുറ്റം, കുറ്റകരമായ സംഘം ചേരല്‍, അക്രമം തുടങ്ങി വിവിധ വകുപ്പുകള്‍ ആണ് ചുമത്തിയിട്ടുള്ളത്. രാജേഷ് മാഞ്ചി രണ്ട് ദിവസം മുമ്പ് ആണ് പാലക്കാട് നിന്ന് കിഴിശ്ശേരി തവനൂര്‍ റോഡില്‍ ഒന്നാം മൈലിലെ കാലി തീറ്റ ഗോഡൗണില്‍ ജോലിക്ക് എത്തിയത്. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.