Connect with us

up election

എസ് പി പ്രവര്‍ത്തിക്കുന്നത് മുസ്‌ലിംകള്‍ക്കും യാദവര്‍ക്കും വേണ്ടി മാത്രം; വര്‍ഗീയ കാര്‍ഡില്‍ നിന്ന് പിന്നോട്ടില്ലാതെ യു പിയില്‍ ബി ജെ പി

എസ് പി മുസ്ലിംകള്‍ക്കും യാദവര്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നായിരുന്നു മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗിന്റെ പരാമര്‍ശം

Published

|

Last Updated

ലക്‌നോ | മൂന്ന് മന്ത്രിമാരടക്കം പതിനൊന്നോളം എം എല്‍ എമാര്‍ പാര്‍ട്ടിവിടുന്ന സാഹചര്യത്തിലും വര്‍ഗീയ ഭിന്നിപ്പല്ലാതെ മറ്റൊന്നും രാഷ്ട്രീയ പ്രചരണമാക്കാതെ ഉത്തര്‍പ്രദേശില്‍ ബി ജെ പി. ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് വര്‍ഗീയ വിഭജനമായിരിക്കും വോട്ടെടുപ്പിനെ നിര്‍ണ്ണയിക്കുകയെന്ന സൂചന മുഖ്യമന്ത്രി യോഗി തന്നെ നല്‍കിയിരുന്നു. ഈ തിരഞ്ഞെടുപ്പ് 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള പോരാട്ടമായിരുന്നു എന്നായിരുന്നു യോഗിയുടെ പ്രതികരണം. ഇതിന് പിന്നാലെ എസ് പിക്കെതിരെ നേരിട്ട് വര്‍ഗീയ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് യോഗി മന്ത്രിസഭയിലെ മറ്റൊരംഗം.

എസ് പി മുസ്ലിംകള്‍ക്കും യാദവര്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നായിരുന്നു മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗിന്റെ പരാമര്‍ശം. സംസ്ഥാനത്ത് ഒ ബി സി വിഭാഗങ്ങളും ദളിത് വിഭാഗങ്ങളും തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്. എസ് പി ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടി നടത്തിയ പത്ത് പദ്ധതികളുടേയെങ്കിലും പേര് ബി ജെ പി വിട്ട എം എല്‍ എമാര്‍ക്ക് ചൂണ്ടിക്കാട്ടാമോ. എസ് പി പ്രവര്‍ത്തിക്കുന്നത് മുസ്ലിംകള്‍ക്കും യാദവര്‍ക്കും വേണ്ടി മാത്രമാണ്. എനിക്ക് ഇവരോട് ഒരു കാര്യം പറയാനുണ്ട്, എന്തെന്നാല്‍ മറ്റ് ഒ ബി സി വിഭാഗകാര്‍ ഒന്നും ഇവര്‍ക്കൊപ്പം ചേരില്ലെന്നാണ്.

ബി ജെ പി വിടാന്‍ ഈ എം എല്‍ എമാര്‍ക്ക് പല കാരണങ്ങളുമുണ്ട്. ചിലര്‍ സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പാര്‍ട്ടി വിടുന്നത്. മറ്റുള്ളവര്‍ അവര്‍ക്ക് താത്പര്യമുള്ള സീറ്റ് ലഭിക്കില്ലെന്ന് കരുതിയാണ് പാര്‍ട്ടി വിടുന്നതെന്നും യു പി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗ് പറഞ്ഞു.

Latest