Eranakulam
കൊച്ചിയിലെ സ്പാ ആക്രമണക്കേസ്; പ്രതികളുമായി തെളിവെടുത്ത് പോലീസ്, മാരകായുധങ്ങള്‍ കണ്ടെത്തി
നോര്‍ത്ത് സി ഐ. പ്രതാപ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
കൊച്ചി | കൊച്ചിയില്‍ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി ആറുലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന സ്പാ ആക്രമണ കേസില്‍ പ്രതികളുമായി തെളിവെടുത്ത് പോലീസ്. തെളിവെടുപ്പില്‍ പ്രതികള്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച മാരകായുധങ്ങള്‍ കണ്ടെത്തി. നോര്‍ത്ത് സി ഐ. പ്രതാപ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
കഴിഞ്ഞ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ പ്രതികള്‍ പുല്ലേപ്പടി കത്രിക്കടവ് റോഡിലെ വനിതാ ജീവനക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. പിന്നീട് തൃശൂര്‍ സ്വദേശികളായ ആകാശ്, രാകേഷ്, സിയാദ്, നിഖില്‍ എന്നിവരെ നോര്‍ത്ത് പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. തൃശൂരിലെ താവളത്തില്‍ നിന്നാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവരെ പിടികൂടിയത്.
കൊച്ചിയിലെ ഗുണ്ടാ സംഘത്തിന്റെ പിരിവില്‍ നിന്ന് രക്ഷപ്പെടാന്‍ സ്പാ ഉടമയായ മെജോ തന്നെയാണ് പ്രതികളെ ഇവിടെ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ മദ്യലഹരിയില്‍ ഇവര്‍ തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ക്കിടെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മെജോയെയും ജീവനക്കാരിയെയും ആക്രമിക്കുകയും വിലപ്പിടിപ്പുള്ള സാധനങ്ങള്‍ കവരുകയുമായിരുന്നു.