Connect with us

International

ബഹിരാകാശ വിനോദസഞ്ചാരം: സ്‌പേസ് എക്‌സ് വിക്ഷേപണം വിജയകരം

അടുത്ത മൂന്ന് ദിവസം നാല് യാത്രക്കാരും ബഹിരാകാശത്ത് ചെലവഴിക്കും.

Published

|

Last Updated

വാഷിംഗ്ടണ്‍ | ബഹിരാകാശ വിനോദസഞ്ചാരത്തില്‍ വഴിത്തിരിവാകുന്ന സ്‌പേസ് എക്‌സ് സ്വകാര്യ കമ്പനിയുടെ പേടകം വിക്ഷേപിച്ചു. നാല് യാത്രക്കാരെയും വഹിച്ച് ഇന്‍സ്പിരേഷന്‍ 4 എന്ന പേടകം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് പറന്നുയര്‍ന്നത്. ഡ്രാഗണ്‍ ക്യാപ്‌സൂളിലാണ് യാത്ര.

അടുത്ത മൂന്ന് ദിവസം നാല് യാത്രക്കാരും ബഹിരാകാശത്ത് ചെലവഴിക്കും. ഒരു പതിറ്റാണ്ട് നീണ്ട പരിശ്രമങ്ങളാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. നേരത്തേ, കോടിപതികളായ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സനും ജെഫ് ബെസോസും സ്വന്തം പേടകങ്ങളിൽ ബഹിരാകാശം സന്ദര്‍ശിച്ചിരുന്നു. ഏതാനും മിനുട്ടുകളാണ് അവര്‍ അന്ന് ബഹിരാകാശത്ത് ചെലവഴിച്ചത്.

ജറീഡ് ഐസക്മാന്‍, ഹെയ്‌ലി ആഴ്‌സിനീക്‌സ്, സിയാന്‍ പ്രോക്ടര്‍, ക്രിസ് സെംബ്രോസ്‌കി എന്നിവരാണ് ഇന്ന് യാത്ര തിരിച്ചത്. ആറ് മാസം നീണ്ട പരിശീലനത്തിനൊടുവിലാണ് ഇവര്‍ പുറപ്പെട്ടത്. അടുത്ത മാസവും അടുത്ത വര്‍ഷം രണ്ടാം പാദത്തിലും സ്വകാര്യ യാത്രാ സംഘം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം സന്ദര്‍ശിക്കുന്നുണ്ട്.