Connect with us

International

സ്‌പേസ് എക്‌സ് ക്രൂ-10 വിക്ഷേപിച്ചു; സുനിതാ വില്യംസ് 19 നു മടങ്ങും

നാല് യാത്രികരുമായി ഫാല്‍ക്കണ്‍-9 റോക്കറ്റാണ് വിക്ഷേപിച്ചത്

Published

|

Last Updated

ഫ്‌ളോറിഡ | അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സുനിതാ വില്യംസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭൂമിയിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങി. മാര്‍ച്ച് 19നായിരിക്കും ഇവരുടെ മടക്കം. കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സ് ക്രൂ-10 വിക്ഷേപിച്ചതോടെയാണ് ഇവരുടെ മടക്കത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. നാല് യാത്രികരുമായി ഫാല്‍ക്കണ്‍-9 റോക്കറ്റാണ് വിക്ഷേപിച്ചത്.

കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രൂ-10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. നാളെ രാവിലെ ഒന്‍പത് മണിക്ക് ക്രൂ-10 യാത്രികര്‍ ബഹിരാകാശ നിലയത്തില്‍ എത്തും. പുതിയ സഞ്ചാരികളെ സുനിതാ വില്യംസും സംഘവും സ്വീകരിക്കും.

കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ ആറിന് ഐഎസ് എസിലെത്തി ജൂണ്‍ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐ എസ് എസിലേക്ക് രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വില്‍മോറും. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

ജൂണ്‍ 13നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് അത് ജൂണ്‍ 26 ലേക്ക് നീട്ടിവെച്ചു. ബോയിങ് സ്റ്റാര്‍ലൈനര്‍ ക്യാപ്സ്യൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങാന്‍ സാധിക്കാത്തത്. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറും ഹീലിയം ചോര്‍ച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

 

Latest