Connect with us

National

സ്‌പേഡെക്‌സ് ദൗത്യം: പരീക്ഷണം വീണ്ടും മാറ്റിവച്ച് ഐ എസ് ആര്‍ ഒ

ഇക്കഴിഞ്ഞ ഏഴാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷണമാണ് നാളത്തേക്ക് മാറ്റിയിരുന്നത്. അതാണ് ഇപ്പോള്‍ വീണ്ടും മാറ്റിവച്ചിരിക്കുന്നത്.

Published

|

Last Updated

ബെംഗളൂരു | ബഹിരാകാശ ഡോക്കിംഗ് പരീക്ഷണമായ സ്‌പേഡെക്‌സ് ദൗത്യത്തിലെ പരീക്ഷണം വീണ്ടും മാറ്റിവച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ എസ് ആര്‍ ഒ). ഇക്കഴിഞ്ഞ ഏഴാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷണമാണ് നാളത്തേക്ക് മാറ്റിയിരുന്നത്. അതാണ് ഇപ്പോള്‍ വീണ്ടും മാറ്റിവച്ചിരിക്കുന്നത്.

ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ അതിസങ്കീര്‍ണമായ പരീക്ഷണത്തിലൂടെ ബഹിരാകാശത്ത് വെച്ച് ഒന്നാക്കി മാറ്റുന്ന പരീക്ഷണമാണ് മാറ്റിവച്ചത്. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചുവരുന്നതിന്റെ വേഗം കൂടിയിട്ടുണ്ടെന്ന് ഇസ്രോ അറിയിച്ചു. വേഗം പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണ്.

ഇന്ത്യന്‍ ചരിത്രത്തില്‍ ഐ എസ് ആര്‍ ഒയുടെ കന്നി ബഹിരാകാശ ഡോക്കിംഗ് പരീക്ഷണമാണ് സ്‌പേഡെക്‌സ് ദൗത്യം. കഴിഞ്ഞ വര്‍ഷം ഡിസം: 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് പി എസ് എല്‍ വി-സി 60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്‌പേഡെക്‌സ് ഉപഗ്രഹങ്ങള്‍ ഐ എസ് ആര്‍ ഒ വിക്ഷേപിച്ചത്. ഏകദേശം 220 കിലോഗ്രാം വീതം ഭാരമുള്ള എസ് ഡി എക്സ്01 (SDX01 ചേസര്‍), എസ് ഡി എക്സ്02 (SDX02 ടാര്‍ഗറ്റ്) എന്നീ ഉപഗ്രഹങ്ങളാണ് പരീക്ഷണ ദൗത്യത്തിലുള്ളത്.

20 കിലോമീറ്റര്‍ അകലത്തില്‍ വിക്ഷേപിക്കപ്പെട്ട ഈ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള വ്യത്യാസം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, മൂന്ന് മീറ്റര്‍ എന്നിങ്ങനെ സാവധാനം കുറച്ചുകൊണ്ടുവന്നാണ് അവസാനം ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കുക.

സ്‌പേഡെക്സ് ഡോക്കിംഗ് വിജയിച്ചാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിനു മുമ്പ് ബഹിരാകാശ ഡോക്കിംഗ് സാങ്കേതികത വിജയിപ്പിച്ചത്.

 

---- facebook comment plugin here -----

Latest