Connect with us

stray dogs

വന്ധ്യംകരണവും ഷെല്‍ട്ടറും പരിഹാരമല്ല

മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ പരാക്രമം കാണിക്കുകയും അക്രമസ്വഭാവം സംശയിക്കുകയും ചെയ്യുന്ന നായകളെ കൊന്നൊടുക്കുകയാണ് നിലവില്‍ പ്രശ്‌നത്തിന് പ്രായോഗിക പരിഹാരം. തെരുവുനായ ശല്യത്തിനു പരിഹാരം കാണാന്‍ തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന്റെ നിലപാടും അതാണ്.

Published

|

Last Updated

തെരുവുനായ പ്രശ്‌നത്തില്‍ കോടതിയും ഇടപെട്ടിരിക്കുന്നു. അക്രമകാരികളായ നായ്ക്കളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാറിനു ബാധ്യതയുണ്ടെന്നും അത്തരം നായകളെ കണ്ടെത്തി പൊതുസ്ഥലങ്ങളില്‍ നിന്ന് മാറ്റണമെന്നുമാണ് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. അതേസമയം നിയമം കൈയിലെടുത്ത് തെരുവുനായകളെ ഉപദ്രവിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. തെരുവുനായകളെ കൊല്ലുന്ന സംഭവത്തില്‍ കേസെടുക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി. തിരുവനന്തപുരം അടിമലത്തുറയില്‍ അക്രമകാരിയായ വളര്‍ത്തുനായയെ തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നായകളെ അനധികൃതമായി കൊന്നൊടുക്കുന്നതായി അമിക്കസ് ക്യൂറി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പ്രശ്‌നത്തില്‍ ഇടപെട്ടത്.

കേരളത്തിലെ പൊതുജനാരോഗ്യ പ്രശ്നങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ന് തെരുവുനായ ആക്രമണം. ദിനംപ്രതി നൂറുകണക്കിനാളുകളാണ് തെരുവുനായ ആക്രമണത്തിനിരയായിക്കൊണ്ടിരിക്കുന്നത്. തെരുവുനായ ആക്രമണത്തില്‍ നഷ്ടപരിഹാരത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ നിയോഗിതമായ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയില്‍ ലഭ്യമായ കണക്കു പ്രകാരം പ്രതിവര്‍ഷം ലക്ഷത്തിലേറെ പേര്‍ തെരുവുനായ ആക്രമണത്തിനിരയാകുന്നുണ്ട്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം 2016 സെപ്തംബറിലാണ് ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായി മൂന്നംഗ സമിതി നിലവില്‍ വന്നത്. അന്ന്മുതല്‍ ഇന്നോളമുള്ള തെരുവുനായ ആക്രമണത്തിന് ഇരയായവരുടെ എണ്ണം ആറ് ലക്ഷത്തിലേറെയാണ്. മാത്രമല്ല ഈ വര്‍ഷം മുമ്പൊന്നുമില്ലാത്ത വിധം നായശല്യം വര്‍ധിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ചൊവ്വാഴ്ച കാലത്ത് ആറ് മുതല്‍ ഉച്ച വരെയുള്ള ആറോ ഏഴോ മണിക്കൂറിനകം 26 പേരാണ് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടി ജില്ലയിലെ വിവിധ ആശുപത്രികളിലെത്തിയത്. പ്രശ്‌നം മനുഷ്യ ജീവന് ഇത്രമാത്രം ഭീഷണിയായിട്ടും തെരുവുനായകളെ ഒന്നും ചെയ്തുപോകരുതെന്നും മനുഷ്യ ജീവനേക്കാള്‍ അവയുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടതെന്നും വാദിക്കുന്നത് സാമാന്യ യുക്തിക്ക് നിരക്കാത്തതാണ്.

എ ബി സി (നായകളെ വന്ധ്യംകരിക്കല്‍) പദ്ധതിയും തെരുവുനായകളെ പാര്‍പ്പിക്കാന്‍ ആനിമല്‍ ഷെല്‍ട്ടര്‍ നിര്‍മാണവുമാണ് സര്‍ക്കാറിന്റെ മുമ്പിലുള്ള മറ്റു മാര്‍ഗങ്ങള്‍. നായകളെ പിടികൂടി വന്ധ്യംകരിച്ച ശേഷം രണ്ട് ദിവസം കഴിഞ്ഞ് ചെവിക്ക് അടയാളം വെച്ച് പിടിച്ചു കൊണ്ടുപോയ സ്ഥലത്ത് തന്നെ വിടുന്ന പദ്ധതിയാണ് എ ബി സി. ഇതുകൊണ്ട് നായശല്യം ഇല്ലാതാകുമോ? വന്ധ്യംകരിച്ച നായ ആളുകളെ കടിക്കുകയും ആക്രമിക്കുകയുമില്ലെന്നുണ്ടോ? മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എ ബി സി പദ്ധതിക്ക് സൗകര്യങ്ങള്‍ സജ്ജീകരിക്കണമെങ്കില്‍ കാലതാമസമെടുക്കും. ചിലപ്പോള്‍ മാസങ്ങള്‍ തന്നെ നീണ്ടെന്നിരിക്കും. അതുവരെയും ആളുകള്‍ നായകളുടെ ആക്രമണം സഹിക്കണമെന്നാണോ? കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ എ ബി സി പദ്ധതിയോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയും വെറുതെ പണം നഷ്ടപ്പെടുത്തുകയല്ലാതെ ഇതുകൊണ്ട് ഒരു ഗുണവുമില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തത് ശ്രദ്ധേയമാണ്. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടാന്‍ തീരുമാനിച്ചിട്ടുണ്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്.

ഷെല്‍ട്ടര്‍ പദ്ധതിയും ശാസ്ത്രീയമല്ലെന്നാണ് വിദഗ്ധാഭിപ്രായം. പ്രത്യേക പാര്‍പ്പിട സംവിധാനം ഒരുക്കി ഭക്ഷണവും ആവശ്യമായ മരുന്നുകളും നല്‍കി നായകളെ പരിചരിക്കുകയാണ് ഷെല്‍ട്ടര്‍ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. ഇതിലൂടെ നായകളുടെ സ്വഭാവത്തില്‍ മാറ്റം വരുത്താനും തെരുവില്‍ അവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ തടയാനും കഴിയുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ജനിതകമായി സാമൂഹിക സ്വഭാവമുള്ള, സ്വച്ഛന്ദം വിഹരിക്കാനും ഇരതേടാനും ഇഷ്ടപ്പെടുന്ന ഒരു ജീവിവര്‍ഗത്തെ പിടികൂടി കൂട്ടിലടച്ചാല്‍ അവയുടെ സഹജസ്വഭാവം മാറില്ലെന്ന് മാത്രമല്ല അവ കൂടുതല്‍ അക്രമകാരികളായി തീരുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ പരാക്രമം കാണിക്കുകയും അക്രമസ്വഭാവം സംശയിക്കുകയും ചെയ്യുന്ന നായകളെ കൊന്നൊടുക്കുകയാണ് നിലവില്‍ പ്രശ്‌നത്തിന് പ്രായോഗിക പരിഹാരം. തെരുവുനായ ശല്യത്തിനു പരിഹാരം കാണാന്‍ തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന്റെ നിലപാടും അതാണ.് പേബാധിച്ചതും ആക്രമണ സ്വഭാവവുമുള്ള നായകളെ കൊല്ലാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതുപറയുമ്പോള്‍ മൃഗസ്‌നേഹികളെന്നു പറയപ്പെടുന്ന ചിലര്‍ എതിര്‍പ്പുമായി രംഗത്തു വന്നേക്കാം. പക്ഷിപ്പനി വന്നാല്‍ ലക്ഷക്കണക്കിനു കോഴികളെയും താറാവുകളെയുമാണ് കൊന്നൊടുക്കാറുള്ളത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ഭരണകൂടവും ജുഡീഷ്യറിയും അനുവദിക്കുന്നുണ്ട്. ഇതിനെതിരെ ഈ മൃഗസ്‌നേഹികള്‍ മിണ്ടാറില്ല. അക്രമകാരികളായ നായയെ കൊല്ലണമെന്നു പറയുമ്പോള്‍ മാത്രമാണ് ഇവരുടെ മൃഗസ്‌നേഹം തികട്ടിവരാറുള്ളത്. ആന്റി റാബീസ് വാക്‌സീന്‍ കമ്പനികളാണ് ഇവരുടെ പിന്നിലെന്ന് ആരോപിക്കപ്പെടുന്നുണ്ട്. രാജ്യത്ത് 2,800 കോടി രൂപയുടെ ആന്റി റാബീസ് വാക്‌സീനാണ് കമ്പനികള്‍ വിറ്റഴിച്ചു കൊണ്ടിരിക്കുന്നത്. പട്ടിയെ കൊല്ലാന്‍ തീരുമാനിച്ചാല്‍ ഈ വാക്‌സീന്റെ വിപണനം ഗണ്യമായി കുറയും. നായയും പട്ടിയും വന്‍തോതില്‍ പെരുകണമെന്നാണ് അവരുടെ താത്പര്യം. തെരുവുനായകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് 2016ല്‍ നിയമസഭയില്‍ ചില അംഗങ്ങള്‍ ആവശ്യപ്പെട്ട കാര്യം ഇത്തരുണത്തില്‍ സ്മരണീയമാണ്.

Latest