Connect with us

National

അടിയന്തരാവസ്ഥയെ അപലപിച്ച് ലോക്‌സഭയില്‍ സ്പീക്കറുടെ പ്രമേയം; പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭ നിര്‍ത്തിവച്ചു

അജണ്ഡയില്‍ ഉള്‍പ്പെടാത്ത പ്രമേയം അവതരിപ്പിച്ചതിനെതിരെ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭയില്‍ അടിയന്തരാവസ്ഥയെ അപലപിച്ച് പ്രമേയം അവതരിപ്പിച്ച് സ്പീക്കര്‍ ഓം ബിര്‍ല. ഇന്ദിരാ ഗാന്ധി ഭരണകാലത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെ ഈ സഭ അപലപിക്കുന്നു. അടിയന്തരാവസ്ഥയെ എതിര്‍ക്കുകയും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനായി പോരാടുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നു എന്നുമായിരുന്നു പ്രമേയം. 1975 ജൂണ്‍ 25ലെ അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും ഓം ബിര്‍ല പ്രമേയത്തില്‍ പറഞ്ഞു.

ലോകമെമ്പാടും ജനാധിപത്യത്തിന്റെ മാതാവെന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലും വ്യത്യസ്തമായ സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യ എക്കാലും പ്രാധാന്യം നല്‍കാറുണ്ട്. അങ്ങനെയുള്ള ഇന്ത്യയില്‍ ഏകാധിപത്യം അടിച്ചേല്‍പ്പിച്ച് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ ഇന്ദിരാഗാന്ധി തകര്‍ത്തുവെന്നും ബിര്‍ല പ്രമേയത്തില്‍ പറഞ്ഞു.

സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അടിയന്തരാവസ്ഥയെ അപലപിച്ച് പ്രമേയം അവതരിപ്പിച്ചത്. സ്പീക്കര്‍ തിരഞ്ഞെടുപ്പും സ്പീക്കറെ അനുമോദിച്ചുള്ള സഭാ നേതാക്കളുടെ പ്രസംഗവുമായിരുന്നു ഇന്നത്തെ ലോക്‌സഭയുടെ പ്രധാന അജണ്ഡ. അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലം ഓര്‍മ്മിപ്പിച്ച് സ്പീക്കര്‍ മൗനപ്രാര്‍ഥനയും നടത്തി. ഇതോടെ അജണ്ഡയില്‍ ഉള്‍പ്പെടാത്ത പ്രമേയം അവതരിപ്പിച്ചതിനെതിരെ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭ നിര്‍ത്തിവെച്ചു.

Latest