speaker
സ്പീക്കറും ഉത്തരവാദിത്വങ്ങളും
ഭരണപക്ഷത്തെയെന്ന പോലെ പ്രതിപക്ഷത്തെ കൂടി മുഖവിലക്കെടുത്താണ് സ്പീക്കര്‍ പ്രവര്‍ത്തിക്കേണ്ടതെങ്കിലും പൊതുവെ അവര്‍ ഭരണപക്ഷത്തിന്റെ ചട്ടുകമായി മാറുന്നതാണ് അനുഭവം. സ്പീക്കര്‍പദവിയിലിരിക്കുന്ന കാലത്തോളം പാര്‍ട്ടി വിധേയത്വം പ്രകടമാകാത്ത വിധം സ്വതന്ത്രനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നിടത്താണ് ഒരു സ്പീക്കറുടെ വിജയം.
നിയമസഭാ സ്പീക്കര്‍ പദവി ഏറ്റെടുത്ത ശേഷം എ എന്‍ ഷംസീര്‍ നടത്തിയ മാധ്യമ സമ്മേളനത്തിലെ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. “പ്രതിപക്ഷമെന്നത് ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. ആരോഗ്യകരമായ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തെ കൂടി കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ക്ക് ആവശ്യമായ സമയം നല്‍കണം. നിയമസഭയില്‍ പ്രതിപക്ഷവുമായി വാക്കേറ്റവും തര്‍ക്കവുമുണ്ടാകുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്. സ്പീക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും പ്രതിപക്ഷത്തെ മുതിര്‍ന്ന അംഗങ്ങളുടെ കൂടി ഉപദേശം സ്വീകരിച്ചാകും സഭയില്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ പദവി ഏറ്റെടുക്കുമ്പോള്‍ മുമ്പും പലരും പറഞ്ഞ കാര്യങ്ങള്‍ തന്നെയാണിത്. മിക്കവര്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ കഴിയാറില്ലെന്നു മാത്രം. ഭരണപക്ഷത്തെയെന്ന പോലെ പ്രതിപക്ഷത്തെ കൂടി മുഖവിലക്കെടുത്താണ് സ്പീക്കര്‍ പ്രവര്‍ത്തിക്കേണ്ടതെങ്കിലും പൊതുവെ അവര്‍ ഭരണപക്ഷത്തിന്റെ ചട്ടുകമായി മാറുന്നതാണ് അനുഭവം. ബ്രിട്ടനില്‍ സ്പീക്കര്‍ പദവി ഏറ്റെടുക്കുന്ന വ്യക്തി രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കണമെന്നാണ് ചട്ടം. രാഷ്ട്രീയ നിഷ്പക്ഷത പുലര്‍ത്തുന്ന വ്യക്തിയായി മാറണം. പാര്‍ട്ടി പ്രശ്‌നങ്ങളില്‍ ഒരിക്കലും അഭിപ്രായം പ്രകടിപ്പിക്കരുത്. സഭക്കുള്ളില്‍ ഒരു നിഷ്പക്ഷ ന്യായാധിപനായി തീരണം. ഒരു റഫറിയെ പോലെ രാഷ്ട്രീയ മത്സരം നിയമാനുസൃതമായും നിഷ്പക്ഷമായും നിയന്ത്രിക്കണം. എന്നാല്‍ ഇന്ത്യയില്‍ പാര്‍ലിമെന്റിലായാലും നിയമസഭകളിലായാലും സ്പീക്കര്‍ പലപ്പോഴും ഭരണകക്ഷിയോടുള്ള വിധേയത്വം ഉപേക്ഷിക്കുന്നില്ല. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിത്തം വഹിക്കില്ലെന്ന് മാത്രം.
ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വേദിയാണ് നിയമസഭ. ജനങ്ങളുടെ സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ചക്കു വിഷയീഭവിക്കും. ഇവ പലപ്പോഴും ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരിക്കും. രാഷ്ട്രീയവും മറ്റു സാമൂഹിക വിഷയങ്ങളും തമ്മിലുള്ള പരസ്പരാശ്രയത്വവും ബന്ധവും വേര്‍പ്പെടുത്താനാകാത്തതിനാല്‍ അത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ട് അഭിപ്രായപ്രകടനം നടത്തുമ്പോള്‍, താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ നിലപാട് ഏതൊരു വ്യക്തിയെയും സ്വാധീനിക്കുക സ്വാഭാവികം. സ്പീക്കര്‍ പക്ഷപാതിയാണെന്ന തോന്നലുണ്ടാക്കാന്‍ ഇതിടയാക്കും. സ്പീക്കര്‍പദവിയിലിരിക്കുന്ന കാലത്തോളം പാര്‍ട്ടി വിധേയത്വം പ്രകടമാകാത്ത വിധം സ്വതന്ത്രനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നിടത്താണ് ഒരു സ്പീക്കറുടെ വിജയം.
ഭരണ- പ്രതിപക്ഷങ്ങള്‍ക്ക് തുല്യപരിഗണന നല്‍കാന്‍ ബാധ്യസ്ഥനാണ് സ്പീക്കര്‍. ജനാധിപത്യ ഭരണകൂടങ്ങളെ ശരിയായ ദിശയിലൂടെ നയിക്കുന്നതിലും നിയമ നിര്‍മാണങ്ങളെ കുറ്റമറ്റതാക്കുന്നതിലും പ്രതിപക്ഷത്തിന് വലിയ പങ്കുണ്ട്. ഭരണത്തിലിരിക്കുന്നവരുടെ തെറ്റായ നടപടികള്‍ ചൂണ്ടിക്കാണിക്കുക, ജനങ്ങളെയോ സംസ്ഥാനത്തെയോ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അടിയന്തര ചര്‍ച്ചക്ക് അവസരം ചോദിക്കുക, ചോദ്യങ്ങള്‍ ഉന്നയിക്കുക തുടങ്ങിയവയെല്ലാം പ്രതിപക്ഷത്തിന്റെ അവകാശങ്ങളും അവര്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങളുമാണ്. പലപ്പോഴും അതിനുള്ള അവസരങ്ങള്‍ പ്രതിപക്ഷത്തിന് നിഷേധിക്കപ്പെടുന്നു. നിയമസഭാ സാമാജികരുടെ ചോദ്യത്തിന് ഉത്തരം പറയാതെ ബന്ധപ്പെട്ട മന്ത്രിമാര്‍ ഒഴിഞ്ഞുമാറുകയും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്യുന്നു. അടുത്തിടെ രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അഭിപ്രായപ്പെട്ടതു പോലെ, രാജ്യത്ത് പ്രതിപക്ഷത്തിന് പ്രവര്‍ത്തിക്കാനുള്ള ഇടം കുറയുകയാണ്. മുമ്പൊക്കെ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പര ബഹുമാനം കാണിച്ചിരുന്നു. ഇപ്പോള്‍ ഇരു വിഭാഗവും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത ശത്രുതയിലേക്ക് മാറുകയാണ്. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ഭാഗമല്ലെന്ന് ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി. പാര്‍ലിമെന്റിനെ ചൂണ്ടിയാണ് അദ്ദേഹം ഇത് പറഞ്ഞതെങ്കിലും നിയമസഭകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
പ്രതിപക്ഷവും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഭരണപക്ഷത്തിനെതിരെയുള്ള രാഷ്ട്രീയ പകപോക്കലിനുള്ള വേദിയായി നിയമസഭയെ മാറ്റരുത്. പേര് സൂചിപ്പിക്കുന്നതു പോലെ നിയമ നിര്‍മാണത്തിനും ജനപ്രതിനിധി സഭ എന്ന നിലയില്‍ സംസ്ഥാനത്തിന്റെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാനുമുള്ള വേദിയാണ് നിയമസഭ. അവിടെ നടക്കുന്ന ചര്‍ച്ചകളും വാഗ്വാദങ്ങളും ഈ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാകണം. സഭയുടെ അന്തസ്സിനു ചേരാത്ത പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്ത് നിന്നുമുണ്ടാകരുത്. 2015 മാര്‍ച്ച് 13ന് കെ എം മാണിയുടെ ബജറ്റ് അവതരണ വേളയില്‍ അന്നത്തെ പ്രതിപക്ഷം കാണിച്ച ഗുണ്ടായിസം മറക്കാറായിട്ടില്ല. കൈയാങ്കളി നടത്തുകയും സ്പീക്കറുടെ മൈക്കും കമ്പ്യൂട്ടറും അടക്കമുള്ള സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്ത പ്രതിപക്ഷം, കോടതിയുടെ കണക്ക് പ്രകാരം 2.20 ലക്ഷം രൂപയുടെ പൊതുമുതലാണ് അന്ന് നശിപ്പിച്ചത്. അന്ന് സഭയുടെ അന്തസ്സിനു നിരക്കാത്ത കാര്യങ്ങള്‍ ഭരണപക്ഷ സാമാജികരില്‍ നിന്നും ഉണ്ടായി. സഭയില്‍ ജനകീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ സാമാജികര്‍ക്ക് താത്പര്യമില്ല. ഫലവത്തായ സംവാദങ്ങള്‍ സഭയില്‍ അരങ്ങേറുന്നില്ല. സഭയില്‍ മന്ത്രിമാര്‍ പ്രസംഗിക്കുമ്പോഴും ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോഴും സാമാജികര്‍ അതിലൊന്നും ശ്രദ്ധിക്കാതെ പരസ്പരം മറ്റു സംസാരങ്ങളില്‍ മുഴുകുന്നത് പതിവു സംഭവമാണ്. ഇതിന്റെ പേരില്‍ സ്പീക്കര്‍ക്ക് പലപ്പോഴും സാമാജികരെ ശാസിക്കേണ്ടി വന്നിട്ടുണ്ട്. സഭ അലങ്കോലപ്പെടുത്തലും സഭാ ബഹിഷ്‌കരണവുമാണ് തങ്ങളുടെ ബാധ്യതയെന്ന നിലയിലാണ് ചിലപ്പോഴൊക്കെ പ്രതിപക്ഷത്തിന്റെ സമീപനം. ഭരണപക്ഷവും പ്രതിപക്ഷവും സ്പീക്കറുമെല്ലാം കക്ഷിരാഷ്ട്രീയ വിദ്വേഷങ്ങള്‍ മാറ്റിവെച്ച് തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ യഥാവിധി നിര്‍വഹിച്ചെങ്കിലേ സഭയുടെ ലക്ഷ്യവും അന്തസ്സും കാത്തുസൂക്ഷിക്കാനാകൂ.