Connect with us

From the print

വെള്ളിയാഴ്ചകളില്‍ അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കര്‍

വിഷയം പ്രതിപക്ഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ നേതാവ് വിഷയത്തില്‍ പ്രതികരിച്ചില്ല.

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ സമ്മേളനം ചേരുന്ന വെള്ളിയാഴ്ചകളില്‍ ശൂന്യവേളകളില്‍നിന്ന് അടിയന്തര പ്രമേയം ഒഴിവാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ അഭ്യര്‍ഥന. അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും പരിഗണിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുന്നതിനായാണ് സ്പീക്കര്‍ അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. വിഷയം പ്രതിപക്ഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ നേതാവ് വിഷയത്തില്‍ പ്രതികരിച്ചില്ല.
അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ അനൗദ്യോഗിക ബില്ലുകള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് പരിഗണിക്കുന്നതെന്ന് പ്രതിപക്ഷത്തെ പി സി വിഷ്ണുനാഥ് പറഞ്ഞു. സമാന മാതൃക സ്വീകരിച്ച് വെള്ളിയാഴ്ചയൊഴിച്ചുള്ള ദിവസങ്ങളില്‍ അനൗദ്യോഗിക ബില്ലുകള്‍ പരിഗണിക്കണമെന്നും വിഷ്ണുനാഥ് നിര്‍ദേശിച്ചു.

വെള്ളിയാഴ്ചകളില്‍ സഭ ഉച്ചക്ക് 12.30ന് പിരിയുന്നതാണ് കീഴ്്വഴക്കം. രാവിലെ ഒമ്പതിന് സഭ ചേര്‍ന്ന് ഒരു മണിക്കൂര്‍ ചോദ്യോത്തര വേളയാണ് ആദ്യം. 10ന് അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതോടെ ശൂന്യവേള തുടങ്ങും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് അടിയന്തര പ്രമേയ നോട്ടീസായി അവതരിപ്പിക്കപ്പെടുക. വെള്ളിയാഴ്ച ഒഴിവാക്കിയാല്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിന് ആഴ്ചയില്‍ നാല് ദിവസം മാത്രമേ ലഭിക്കൂ.