Kerala
റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്; നടപടി നിയമസേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹരജിയില്‍
റാഗിംഗ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് നിയമ സേവന അതോറിറ്റി വിമര്‍ശിച്ചു.

തിരുവനന്തപുരം| സംസ്ഥാനത്ത് റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് രൂപീകരിക്കും. റാഗിംഗ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിയമസേവന അതോറിറ്റിയുടെ (കെല്‍സ) പൊതുതാത്പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. റാഗിംഗ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് നിയമ സേവന അതോറിറ്റി വിമര്‍ശിച്ചു. റാഗിംഗിനെതിരെ ശക്തമായ സംവിധാനങ്ങള്‍ ഉണ്ടാകണം. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നും കെല്‍സ ആവശ്യപ്പെട്ടു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിനോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു.
അതേസമയം പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാര്‍ഥികള്‍ക്കെതിരായ അന്വേഷണം മാര്‍ച്ച് മുപ്പത്തിയൊന്നിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്ക് പഠനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാര്‍ഥന്റെ മാതാവ് നല്‍കിയ ഹരജിയിലാണ് നിര്‍ദേശം. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന വെറ്റിനറി സര്‍വകലാശാലയുടെ ആവശ്യം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.