Kerala
ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പ്രത്യേക പരിശോധന
വേനല്‍കാലമായതിനാല്‍ ധാരാളം വെള്ളം കുടിക്കുമെന്നും സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം | സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് കുപ്പിവെള്ളം വില്‍ക്കുന്ന കടകളും ജ്യൂസ് കടകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് . ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. കുപ്പി വെള്ളത്തിന്റെയും മറ്റ് പാനീയങ്ങളുടെയും ശുദ്ധത ഉറപ്പ് വരുത്തുന്നതിനായാണ് പരിശോധനകള്‍ നടപ്പിലാക്കുന്നത്.
വേനല്‍കാലമായതിനാല്‍ ധാരാളം വെള്ളം കുടിക്കുമെന്നും സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസിലാണ് ഏറെ ശ്രദ്ധപുലര്‍ത്തേണ്ടത്. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസ് പല രോഗങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ. കടകളില്‍ നിന്നും റോഡ്‌സൈഡുകളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധ ജലത്തില്‍ നിന്നുണ്ടാക്കിയതാണെന്നതില്‍ ഉറപ്പ് വരുത്തണം.
അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. വലിയ കാനുകളില്‍ വരുന്ന കുടിവെള്ളള്ളം സീല്‍ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
അതേസമയം ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനങ്ങള്‍ ശക്തമായി തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.