school vehicles
സ്‌കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധന ഇന്ന് മുതൽ
കുട്ടികളുടെ യാത്രക്ക് ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളും പരിശോധിക്കും.
തിരുവനന്തപുരം | സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ഇന്ന് മുതൽ. അഞ്ച് ദിവസം കൊണ്ട് പരമാവധി സ്‌കൂൾ ബസുകളും കുട്ടികളുടെ യാത്രക്ക് ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളും പരിശോധിക്കും. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സ്‌കൂൾ വാഹനങ്ങൾ അപകടങ്ങളിൽപ്പെടുകയും കണ്ണൂരിൽ വാഹനം കത്തി ഗർഭിണി ഉൾപ്പെടെ രണ്ട് പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. വാഹനങ്ങളുടെ സുരക്ഷാ സംവിധാനവും മെക്കാനിക്കൽ സ്ഥിതിയും പരിശോധിക്കും.
ഫയർ എക്സ്റ്റിംഗ്വിഷർ, എമർജൻസി എക്‌സിറ്റ്, ഫസ്റ്റ് എയ്ഡ് ബോക്‌സ്, ഡോർ അറ്റൻഡ്മാർ, സ്പീഡ് ഗവേണർ, വാഹനത്തിന്റെ പൊതുവായ അവസ്ഥ, ഓവർലോഡ് എന്നിവ പരിശോധനയിൽ വിലയിരുത്തും. മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താൻ ബ്രെത്ത്‌ലൈസർ ഉപയോഗിക്കും. സുക്ഷാ വീഴ്ച കണ്ടെത്തുന്ന വാഹനങ്ങൾ തുടർ സർവീസിന് മുമ്പ് അവ പരിഹരിച്ചുവെന്ന് ഉറപ്പാക്കണം.
വിദ്യാർഥികളെ പരിഭ്രാന്തരാക്കാതെ കഴിയുന്നത്ര വേഗം പരിശോധന പൂർത്തിയാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രാവിലെ സ്‌കൂൾ തുടങ്ങിയ ശേഷം ആരംഭിക്കുന്ന പരിശോധന വൈകിട്ട് സ്‌കൂൾ വിടുമ്പോഴേക്കും പൂർത്തിയാക്കണമെന്നും നിർദേശത്തിൽ പറയുന്നു.