Connect with us

International

പ്രത്യേക തൊഴിൽ സംവരണം: ബംഗ്ലാദേശിൽ തെരുവിൽ ഏറ്റുമുട്ടി വിദ്യാർഥികൾ; അഞ്ച് പേർ മരിച്ചു

പ്രധാനമന്ത്രി ശേഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ വിദ്യാർഥി സംഘടനയും സർക്കാറിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമാണ് രാജ്യത്തുടനീളമായി ഏറ്റുമുട്ടിയത്.

Published

|

Last Updated

ധാക്ക | സർക്കാർ ജോലികൾക്കായുള്ള പ്രത്യേക സംവരണം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിൽ രണ്ടാം ദിവസവും തെരുവിൽ ഏറ്റുമുട്ടൽ. തലസ്ഥാനമായ ധാക്കയിൽ നടന്ന പ്രതിഷേധത്തിനിടെ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെപ്പും നടത്തി. അതേസമയം, പ്രതിഷേധക്കാരും ഭരണകക്ഷി പാർട്ടിക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് വിദ്യാർഥികൾക്ക് പരുക്കേറ്റതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിലും നൂറിലധികം പേർക്ക് പരുക്കേറ്റിരുന്നു. തുടർന്ന് രാജ്യവ്യാപകമായി ഇന്നലെ വിദ്യാർഥികൾ പ്രതിഷേധിച്ചു.
പ്രധാനമന്ത്രി ശേഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ വിദ്യാർഥി സംഘടനയും സർക്കാറിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമാണ് രാജ്യത്തുടനീളമായി ഏറ്റുമുട്ടിയത്. ഭൂരിഭാഗം സർവകലാശാലകളിലും വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായി.
യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമായ ബംഗ്ലാദേശിൽ, 1971ലെ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്ക് 30 ശതമാനം തൊഴിൽ സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചത്.

എന്നാൽ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും സംവരണ നടപടിയിൽ സർക്കാർ മുന്നോട്ടു പോകുകയും പ്രതിഷേധങ്ങൾ ക്രൂരമായി അടിച്ചമർത്തുകയും ചെയ്തതോടെ തെരുവുകൾ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലിന് വേദിയായി. രാജ്യത്തുടനീളമുള്ള സർവകാലാശാ ക്യാമ്പസുകൾ കനത്ത പോലീസ് വലയത്തിലാണ്.