From the print
ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ പ്രത്യേകം നോഡല്‍ ഓഫീസര്‍മാര്‍; ക്രമീകരണങ്ങള്‍ നടത്താന്‍ മന്ത്രി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി
കഴിഞ്ഞ വര്‍ഷത്തെ പോലെ ഇപ്രാവശ്യവും മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളാണുള്ളത്.
തിരുവനന്തപുരം/ കോഴിക്കോട് | ഈ വര്‍ഷത്തെ ഹജ്ജിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഓരോ പുറപ്പെടല്‍ കേന്ദ്രത്തിലും പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുമെന്ന് ഹജ്ജ് മന്ത്രി വി അബ്ദുര്‍റഹ്മാന്‍. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇപ്രാവശ്യവും മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളാണുള്ളത്.
പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിന് ബന്ധപ്പെട്ട കലക്ടര്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മക്കയിലും മദീനയിലും ഹാജിമാര്‍ക്ക് കുറ്റമറ്റ സൗകര്യമൊരുക്കുന്നതിന് കഴിഞ്ഞ വര്‍ഷത്തെ പോലെ ഒരു നോഡല്‍ ഓഫീസറെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹജ്ജ് അപേക്ഷകരുടെ സൗകര്യാര്‍ഥം സംസ്ഥാനത്ത് ഹജ്ജ് ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ 200 ഓളം സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ കൂടാതെ അക്ഷയ സെന്ററുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയതായും മന്ത്രി അറിയിച്ചു.
യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയെ കൂടാതെ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി ബീന ആന്റണി, മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്, കണ്ണൂര്‍ എ ഡി എം. സി ദിവാകരന്‍, എറണാകുളം എ ഡി എം അബ്ബാസ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കെ മുഹമ്മദ് കാസിം കോയ, അഡ്വ. പി മൊയ്തീന്‍ കുട്ടി, ഡോ. ഐ പി അബ്ദുസ്സലാം, സഫര്‍ കയാല്‍, ഹജ്ജ് കമ്മിറ്റി എക്സി. ഓഫീസര്‍ പി എം ഹമീദ് എന്നിവര്‍ പങ്കെടുത്തു.