Connect with us

Kerala

വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക പോലീസ് സംഘം; ഡിഐജി ആര്‍ നിശാന്തിനി സ്‌പെഷല്‍ ഓഫീസര്‍

നാല് എസ് പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം

Published

|

Last Updated

തിരുവനന്തപുരം |  വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കപ്പെടുകയും നിരവധി പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിറകെ പ്രദേശത്തെ സ്‌പെഷ്യല്‍ പോലീസ് ഓഫീസറായി ഡിഐജി ആര്‍ നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിഐജിക്ക് കീഴില്‍ പ്രത്യേക പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ് പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവര്‍ നടത്തും. ഡിസിപി അജിത്കുമാര്‍,കെ ഇ ബൈജു, മധുസൂദനന്‍ എന്നിവര്‍ സംഘത്തിലുണ്ട്.

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെടുകയും 36 പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവം വളരെ ഗൗരവമായിട്ടാണ് ആഭ്യന്തര വകുപ്പ് കാണുന്നത്. വിഴിഞ്ഞത്തെ സ്ഥിതി അങ്ങേയറ്റംഗുരുതരമാണെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാം എന്നും പോലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐജി നിശാന്തിനിയെ വിഴിഞ്ഞത്ത് പ്രത്യേക ചുമതല നല്‍കി നിയമിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ആണ് നിശാന്തിനിയെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചത്.

 

Latest