Connect with us

Kerala

അഡീഷണല്‍ ചീഫ് സെക്രട്ടറിയെ മനോരോഗിയെന്ന് ആക്ഷേപിച്ച്  സ്പെഷല്‍ സെക്രട്ടറി

കലക്ടര്‍ ബ്രോ എന്ന പേരില്‍ അറിയപ്പെട്ട മുന്‍ കോഴിക്കോട് കലക്ടറും കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറിയുമായ എന്‍ പ്രശാന്തിന്റെ ഫേസ്ബുക് കുറിപ്പാണ് വിവാദമായത്.

Published

|

Last Updated

തിരുവനന്തപുരം | സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥനെ മനോരോഗിയെന്ന് അപമാനിച്ചുകൊണ്ട് കലക്ടര്‍ ബ്രോ എന്ന പേരില്‍ അറിയപ്പെട്ട മുന്‍ കോഴിക്കോട് കലക്ടറും കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറിയുമായ എന്‍ പ്രശാന്തിന്റെ ഫേസ്ബുക് കുറിപ്പ്.

പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ ഫയലുകള്‍ കാണാനില്ലെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് തനിക്കെതിരായ വാര്‍ത്തക്കുപിന്നില്‍ ചീഫ് സെക്രട്ടറി പദവി സ്വപ്‌നം കാണുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ആണെന്ന് പരസ്യമായ കുറ്റപ്പെടുത്തല്‍. തനിക്കെതിരായ റിപ്പോര്‍ട്ടുകള്‍ തയാറാക്കി പത്രത്തിനു നല്‍കുന്ന ഡോ. ജയതിലകിനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ താന്‍ നിര്‍ബന്ധിതനായിക്കുകയാണെന്ന് പ്രശാന്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിനു താഴെ കമന്റുകളോടു പ്രതികരിച്ചാണ് ജയതിലക് തന്നെയാണ് മാടമ്പള്ളിയിലെ ചിത്തരോഗി എന്ന് പ്രശാന്ത് മറുപടി നല്‍കിയത്. തിടമ്പിനെയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പേല്‍ക്കാന്‍ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ് എന്നും പ്രശാന്ത് കുറിച്ചിട്ടുണ്ട്.

വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാന്‍ അവകാശമുള്ള കാര്യങ്ങള്‍ മാത്രമാണ് താന്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോള്‍ പോസ്റ്റാം. കാര്യം അറിയാവുന്നവര്‍ക്ക് താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ.. എന്നും പ്രശാന്ത് പോസ്റ്റില്‍ പറയുന്നു.

പട്ടികജാതിവര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ (കേരള എംപവര്‍മെന്റ് സൊസൈറ്റി) ഫയലുകള്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ഉന്നതിയുടെ പ്രവര്‍ത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷനല്‍ സെക്രട്ടറി ഡോ.എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പട്ടികജാതിവര്‍ഗ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്തെ വീഴ്ചകളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ആരോപണവിധേയനായ കെ ഗോപാലകൃഷ്ണനെയാണ് പിന്നീട് ഉന്നതിയുടെ സിഇഒ ആയി നിയമിച്ചത്. മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ ഗോപാലകൃഷ്ണനെതിരെ ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണ് പ്രശാന്തിനെതിരായ വാര്‍ത്തകള്‍ പുറത്തുവന്നത്.

 

 

 

Latest