Indian constitution
കശ്മീരിനു പ്രത്യേക പദവി; സുപ്രധാന വിധി ഇന്ന്; കേന്ദ്രസര്‍ക്കാറിന് നിര്‍ണായകം
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണു വിധി പറയുക
ന്യൂഡല്‍ഹി | ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണു വിധി പറയുക.
2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്. ഇതിനെതിരെ 2020ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് രണ്ടു മുതല്‍ 16 ദിവസം സുപ്രീംകോടതി വാദ കേട്ടിരുന്നു. തുടര്‍ന്നാണു കേസ് വിധി പറയാന്‍ മാറ്റിയത്. ഹര്‍ജികളിലെ വിധി കേന്ദ്ര സര്‍ക്കാരിന് ഏറെ നിര്‍ണായകമാണ്.
പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് 23 ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. അനുച്ഛേദം 370 എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ഭരണഘടന സാധുതയാണ് സുപ്രീം കോടതി പരിശോധിച്ചത്. വാദങ്ങളില്‍ കോടതിയെ സഹായിക്കാന്‍ രണ്ട് അഭിഭാഷകരെയും നിയമിച്ചിരുന്നു.
ഭരണഘടനയുടെ 370ാം അനുച്ഛേദം കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജമ്മുകശ്മീരിലെ ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമായിരുന്നു എന്നാണു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. പ്രത്യേക പദവി താത്കാലിക അടിസ്ഥാനത്തിലാണ് ഏര്‍പ്പെടുത്തിയതെന്നും എന്നാല്‍ ഈ പ്രത്യേക അനുച്ഛേദം 75 വര്‍ഷം കഴിഞ്ഞിട്ടും തുടരുകയായിരുന്നുവെന്നും കേന്ദ്രം വാദിച്ചു.
ജമ്മുകശ്മീരിന് പുറമേ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ച മറ്റ് നാട്ടുരാജ്യങ്ങള്‍ക്കും ചില പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്നുവെന്നും ഇതൊക്ക പിന്നീട് റദ്ദാക്കിയിരുന്നുവെന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി.