From the print
എല്ലാ കാർഡിനും സ്‌പെഷ്യൽ പഞ്ചസാര; ഓണത്തിന് എ എ വൈ വിഭാഗങ്ങൾക്ക് സൗജന്യ കിറ്റ്
സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടങ്ങും
തിരുവനന്തപുരം| ഓണത്തിന് എ എ വൈ വിഭാഗങ്ങൾക്ക് സൗജന്യ കിറ്റും മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്‌പെഷ്യൽ പഞ്ചസാരയും വിതരണം നടത്താൻ സർക്കാർ തീരുമാനിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി എ എ വൈ വിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്‌പെഷ്യൽ പഞ്ചസാര വിതരണം, സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങൾക്കുള്ള പ്രത്യേക കിറ്റുകൾ എന്നിവ സപ്ലൈകോ വഴി ഓണത്തിനു മുമ്പ് വിതരണം ചെയ്യാനാണ് നിർദേശം. ഒപ്പം പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകൾ ഊർജിതമാക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടങ്ങും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി കൗണ്ടറുകൾ, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങൾ മുതലായവ സംഘടിപ്പിക്കും. ഹോർട്ടികോർപ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകൾ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളിൽ കുടുംബശ്രീ ചന്തകൾ സംഘടിപ്പിക്കും. കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്‌സിഡി വിപണികൾ ആരംഭിക്കും. ഓണാഘോഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ, ജി ആർ അനിൽ, എം ബി രാജേഷ്, പി പ്രസാദ്, വി ശിവൻകുട്ടി, വി അബ്ദുർറഹ്മാൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു സംസാരിച്ചു.