KERALA BUDGET
ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി; ധന സമാഹരിക്കുന്നതിനുള്ള ശക്തമായ നീക്കം
പൂട്ടിയിട്ട വീടുകളുടെ എണ്ണം 12 ലക്ഷത്തോളം
കോഴിക്കോട് | കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങള്‍ക്കും ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി കൊണ്ട് വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത് സമ്പന്ന വിഭാഗത്തില്‍ നിന്നു ധനം സമാഹരിക്കുന്നതിനുള്ള ശക്തമായ നീക്കം. ഇത് വഴി പ്രതീക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി അധിക വരുമാനമാണെന്നു ബജറ്റ് പ്രതീക്ഷിക്കുന്നു.
കേരളത്തില്‍ ആള്‍താമസമില്ലാതെ പൂട്ടിയിട്ട വീടുകളുടെ എണ്ണം 12 ലക്ഷത്തോളം വരുമെന്നാണു കണക്ക്. ലക്ഷങ്ങള്‍ ചെലവഴിച്ച് വലിയ സൗകര്യങ്ങളോട് കൂടി നിര്‍മിച്ച വീടുകളാണ് ആള്‍ താമസമില്ലാതെ പൂട്ടിക്കിടക്കുന്നത്. കേരളത്തില്‍ മൊത്തം വീടുകളുടെ എതാണ്ട് 14 ശതമാനത്തോളവും ആള്‍ താമസമില്ലാതെ പൂട്ടിക്കിടക്കുകയാണെന്നാണ് കണക്ക്.
ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് കേരളത്തില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളുടെ എണ്ണം. ഗുജറാത്താണ് ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. ഇവിടെ 19 ശതമാനം വീടുകളും ഒഴിഞ്ഞു കിടക്കുകയാണ്.
പ്രവാസി മലയാളികളുടെ എണ്ണത്തിലെ വര്‍ധനയാണ് കേരളത്തില്‍ വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. കേരളത്തിന് പുറത്ത് കുടുംബ സമേതം താമസിക്കുന്നവരില്‍ അധികവും കേരളത്തില്‍ വലിയ വീടുകള്‍ പണിത് അടച്ചിടുന്നു.
ഒന്നിലധികം വീടുകള്‍ ഉള്ളവരുടെ എണ്ണവും കേരളത്തില്‍ കൂടുതലാണ്.
കേരളത്തിലെ ഒരു വീടിന്റെ ശരാശരി ചെലവ് ദേശീയ തലത്തിലുള്ളതിനേക്കാള്‍ നാലു മടങ്ങ് കൂടുതലാണ്. മികച്ച സൗകര്യങ്ങളുള്ള വീട് ഉണ്ടായിരിക്കെ തന്നെ ആധുനിക ഫാഷനനുസരിച്ചുള്ള മറ്റൊരു വീട് കൂടി നിര്‍മ്മിക്കുക എന്ന പ്രവണത കേരളത്തില്‍ കാണാം.
കേരളത്തില്‍ ഏതാണ്ട് മൂന്ന് ലക്ഷത്തിനടുത്ത് വീടുകള്‍ ഓരോ വര്‍ഷവും നിര്‍മ്മിക്കുന്നുണ്ട്. ഓരോ വര്‍ഷവും കേരളത്തില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ 75 ശതമാനത്തോളവും വീടുകളാണ്.
മലപ്പുറം,എറണാകുളം, കോഴിക്കോട്ട് ജില്ലകളാണ് യഥാക്രമം വീടു നിര്‍മാണത്തില്‍ മുന്നില്‍.കുറവ് വയനാട് ജില്ലയിലാണ്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വലിയ തോതില്‍ വായ്പ നല്‍കുന്നതും ഇടത്തര പ്രോത്സാഹിപ്പിക്കുന്നു.
സാമ്പത്തിക ശേഷിയുള്ള മാതാപിതാക്കള്‍ മക്കള്‍ക്ക് അവരുടെ വിവാഹത്തോടെ വീട് വെച്ചുകൊടുക്കുന്നതില്‍ വലിയ താല്‍പര്യം കാണിക്കുന്നു. എന്നാല്‍ അവര്‍ കേരളത്തിന് പുറത്തേക്ക് ജോലിയും മറ്റുമായി പോകുന്നതോടെ വീടുകള്‍ അടച്ചിടുന്നു.