Connect with us

Kerala

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍

മൃഗ ഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, മൃഗങ്ങളെ പിടിക്കുന്നവര്‍ എന്നിവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുക.

Published

|

Last Updated

തിരുവനന്തപുരം | മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക വാക്സിനേഷന്‍ നല്‍കും. മൃഗ ഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, മൃഗങ്ങളെ പിടിക്കുന്നവര്‍ എന്നിവര്‍ക്കാണ് വാക്സിനേഷന്‍ നല്‍കുക.

ഇടുക്കിയിലെ തൊടുപുഴയില്‍ വെറ്ററിനറി ഡോക്ടറെ കടിച്ച നായക്ക് ഇന്നലെ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. തൊടുപുഴ ജില്ലാ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനാണ് കടിയേറ്റത്. ചികിത്സക്കിടെയാണ് ഡോക്ടറെ വളര്‍ത്തുനായ കടിച്ചത്. നായയുടെ ഉടമസ്ഥനും ഭാര്യക്കും കടിയേറ്റിരുന്നു.

മുമ്പ് വാക്‌സിന്‍ എടുത്തവരേയും എടുക്കാത്തവരേയും തരംതിരിച്ചാണ് വാക്‌സിന്‍ നല്‍കുന്നത്. മുമ്പ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മൂന്ന് ഡോസ് വാക്‌സിനാണ് നല്‍കുന്നത്. പൂജ്യം, 7, 21 ദിവസങ്ങളിലാണ് വാക്‌സിന്‍ നല്‍കുന്നത്. ഇവര്‍ 21 ദിവസം കഴിഞ്ഞിട്ട് മാത്രമേ മൃഗങ്ങളുമായി ഇടപെടാന്‍ പാടുള്ളൂ. ഭാഗികമായി വാക്‌സിനെടുത്തവരും വാക്‌സിന്‍ എടുത്തതിന്റെ രേഖകള്‍ ഇല്ലാത്തവരും ഇത്തരത്തില്‍ മൂന്ന് ഡോസ് വാക്‌സിന്‍ എടുക്കണം.

നേരത്തെ വാക്‌സിന്‍ എടുത്തവരും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുമായവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസ് നല്‍കും. അതിന് ശേഷം മാത്രമേ മൃഗങ്ങളുമായി ഇടപെടാന്‍ പാടുള്ളൂ. വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച് ജോലിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് വീണ്ടും മൃഗങ്ങളുടെ കടിയേറ്റാല്‍ ഇവര്‍ക്ക് പൂജ്യം, 3 ദിവസങ്ങളില്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കും. ഇവര്‍ റീ എക്‌സ്‌പോഷര്‍ വിഭാഗത്തിലാണ് വരിക.

നിലവില്‍ വാക്‌സിന്‍ ലഭ്യമായിട്ടുള്ള ആശുപത്രികളിലാണ് വാക്‌സിന്‍ എടുക്കാന്‍ സാധിക്കുക. ഒരു കുപ്പി കൊണ്ട് 10 പേര്‍ക്ക് വരെ വാക്‌സിന്‍ എടുക്കാന്‍ സാധിക്കും. 0.1 എം എല്‍ ആണ് ഒരാള്‍ക്ക് നല്‍കുന്നത്. വാക്‌സിന്‍ വേസ്റ്റേജ് ഒഴിവാക്കാന്‍ 10 പേരടങ്ങിയ ബാച്ച് വീതമായിരിക്കും വാക്‌സിന്‍ നല്‍കുക.