child kidnap
പിതാവിനെ വരെ സംശയനിഴലിൽ നിർത്തിയ ഊഹാപോഹങ്ങൾ; ഒടുവിൽ ചുരുളഴിച്ച് പോലീസ് ബുദ്ധി
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിനെതിരെ തിരിഞ്ഞ മാധ്യമങ്ങളും നാട്ടുകാരുമെല്ലാം ഇപ്പോൾ കേരള പോലിസിന് കൈയടിക്കുകയാണ്. എല്ലാ വിമർശനങ്ങളെയും അവഗണിച്ചും അതിന് മറുപടി പറഞ്ഞ് സമയം കളയാതിരുന്നും പോലീസ് പ്രതികൾക്ക് പിറകിൽ തന്നെ സഞ്ചരിക്കുകയായിരുന്നു
കൊല്ലം | ആറു വയസ്സുകാരി അബിഗേലിനെ തട്ടികൊണ്ടുപോയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ നമ്മൾ കേട്ട ഊഹാപോഹങ്ങൾക്ക് കൈയും കണക്കുമില്ല. ഒരു ഘംട്ടത്തിൽ കുട്ടിയുടെ പിതാവിലേക്ക് വരെ സംശയത്തിന്റെ കുന്തമുന നീണ്ടു. എന്തിന് ഈ മൂവർ സംഘം കുട്ടിയെ തട്ടികൊണ്ടുപോയി എന്ന ചോദ്യത്തിന് ഉത്തരമാകും വരേക്കും പലവിധത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ഇപ്പോൾ പ്രതികളായ മൂന്ന് പേരെയും തുറുങ്കിലടച്ച് ആ ഊഹാപോഹങ്ങളുടെ വൻമതിൽ പോലീസ് തകർത്തിരിക്കുന്നു.
കുട്ടിയുടെ പിതാവുമായി ബന്ധപെടുത്തി സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ ആരോപണങ്ങളാണ് ഉയർന്നത്. നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെടുത്തിയാണ് പിതാവിലേക്കും അദ്ദേഹത്തിന്റെ ബന്ധങ്ങളിലേക്കും സംശയം നീണ്ടത്. പിതാവിന്റെ ഫോൺകോളുകളും മറ്റു ഇടപെടലുകളുമെല്ലാം പോലീസ് അരിച്ചുപൊറുക്കി. അദ്ദേഹം നഴ്സിംഗ് സംഘടനയായ യുഎൻഎയുടെ ജില്ലാ നേതാവായത് കൊണ്ട് തന്നെ ആ സംഘടനയിലേക്കും അന്വേഷണം നീണ്ടു. എന്നാൽ ഇതിനിടയിലും പോലീസിന്റെ കൂർമബുദ്ധി മറ്റൊരുവഴിക്ക് പ്രതികൾക്ക് മേൽ കുരുക്കിട്ടിരുന്നുവെന്നാണ് അന്വേഷണം പൂർത്തിയാകുമ്പോൾ മനസ്സിലാകുന്നത്.
പെൺകുട്ടിയുടെ പിതാവിന് സംഭവത്തിൽ യാതൊരു ബന്ധവുമില്ലെന്ന് എ.ഡി.ജി.പി എം ആർ അജിത് കുമാർ തന്നെ വ്യക്തമാക്കിയതോടെ അതുസംബന്ധിച്ച ഊഹാപോഹങ്ങളെല്ലാം വെറും പുകയായി ഒടുങ്ങി. നഴ്‌സസ് സംഘടനയ്ക്കും സംഭവവുമായി ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. സാമ്പത്തിക തകർച്ചയിലായ ഒരു കുടുംബനാഥന്റെ മനസ്സിൽ ഉദിച്ച ക്രിമിനൽ ബുദ്ധിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തൽ വ്യക്തമായി.
സംഭവത്തിന്റെ ആദ്യദിനം തന്നെ ലഭിച്ച നിർണായകമായ ഒരു തുമ്പിൽ നിന്നാണ് പോലീസ് പിന്നീട് അന്വേഷണം മുന്നോട്ടുനയിച്ചതെന്ന് അജിത്കുമാർ പറയുന്നു. ആദ്യഘട്ടത്തിൽ കുട്ടിയുടെ സഹോദരൻ ജോനാഥനും പിന്നീട് കുട്ടി തന്നെയും കൃത്യമായ വിവരങ്ങൾ നൽകി പോലീസിനെ സഹായിച്ചപ്പോൾ അന്വേഷണ വഴികൾ എളുപ്പമാവുകയായിരുന്നു. കുട്ടിയെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച കോൾ റെക്കോർഡിൽ നിന്ന് സ്ത്രീയുടെ ശബ്ദം ചിലർ തിരിച്ചറിഞ്ഞതും പോലീസിന് കുരുക്കഴിക്കൽ എളുപ്പമാക്കി.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിനെതിരെ തിരിഞ്ഞ മാധ്യമങ്ങളും നാട്ടുകാരുമെല്ലാം ഇപ്പോൾ കേരള പോലിസിന് കൈയടിക്കുകയാണ്. എല്ലാ വിമർശനങ്ങളെയും അവഗണിച്ചും അതിന് മറുപടി പറഞ്ഞ് സമയം കളയാതിരുന്നും പോലീസ് പ്രതികൾക്ക് പിറകിൽ തന്നെ സഞ്ചരിച്ചു. ഒടുവിൽ തമിഴ്നാട്ടിലെ പുളിയറ പുതൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങവേ പ്രതികൾ പോലീസിന്റെ വലയത്തിലായി. കൊല്ലം പൊലീസ് സ്പെഷൽ സ്ക്വാഡ് പ്രതികളെ കസ്റ്റഡിയിലെടുത്തു.
പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി അസ്സൽ സാമ്യമുള്ളയാളാണ് പ്രതിയെന്നതും പോലീസിന്റെ മികവിന് തെളിവായി. കുട്ടി കൃത്യമായ വിവരങ്ങൾ നൽകി സഹായിച്ചതോടെയാണ് രേഖാചിത്രം ഇത്രയും കൃത്യമാകാൻ കാരണമായത്. സാധാരണ കേസുകളിൽ രേഖാചിത്രം ഇത്രയും സാമ്യം പുലർത്തുന്നത് വളരെ ചുരുക്കമാണ്. കുട്ടി നൽകിയ വിവരങ്ങൾ അനുസരിച്ച് അഞ്ചാലും മൂട് സ്വദേശിയായ കൊച്ചുപറമ്പില്‍ ഷജിത്തും ഭാര്യ സ്‌മിതയുമാണ് രേഖാചിത്രം തയ്യാറാക്കിയത്. അഞ്ച് മണിക്കൂർ സമയമെടുത്ത്, പലതവണ വരച്ചാണ് അന്തിമ ചിത്രത്തിൽ എത്തിയതെന്ന് ദമ്പതികൾ പറയുന്നു.
നവംബർ 27ന് വൈകിട്ടാണ് വെള്ള കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആ നിമിഷം മുതൽ കേരളം കുട്ടിയെ തിരഞ്ഞു. മാധ്യമങ്ങളും പോലീസും മുഴുവസമയം അലർട്ടായി. എല്ലാവഴികളും പോലിസിന്റെയും മാധ്യമങ്ങളുടെയും നാട്ടുകാരുടെയും നിരീക്ഷണത്തിലായതോടെ കുട്ടിയെ സുരക്ഷിതമായി ഒരിടത്ത് ഉപേക്ഷിക്കാൻ പ്രതികൾ തയ്യാറായി. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് സുരക്ഷിത സ്ഥലത്ത് കുട്ടിയെ ഉപേക്ഷിച്ച് പ്രതികള കടന്നുളഞ്ഞു. പത്മകുമാറിന്റെ ഭാര്യായ അനിതയാണ് കുട്ടിയെ ഇവിടെ എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുട്ടിയുമായി കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെയെത്തിയ നീല കാറും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ള കാറും പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഞ്ച് കോടി കടം വീട്ടാൻ കുട്ടികളെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപെടുക എന്ന പദ്ധതിയാണ് കുടുംബം ആവിഷ്‌കരിച്ചത്. ഇതിനായി ഒരു വർഷത്തോളമായി പദ്ധതി ആസൂത്രണം ചെയ്യുന്ന കുടുബം കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽ പദ്ധതി വേഗം നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഒറ്റയക്ക് നടക്കുന്ന കുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. അബിഗേൽ തന്നെ മുമ്പ് രണ്ടുതവണ ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നും പോലിസ് പറയുന്നു.