Connect with us

Kerala

അമിത വേഗവും അപകടവും; നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും

മോട്ടോര്‍ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല

Published

|

Last Updated

കൊച്ചി |  അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടം വരുത്തിയ നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിലാണ് നടപടി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നിര്‍ദേശിച്ച് മോട്ടോര്‍ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.ഇതോടെയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

നടന് ആദ്യം രജിസ്ട്രേഡ് തപാലില്‍ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആര്‍ടിഒയ്ക്ക് മടക്ക തപാലില്‍ ലഭിച്ചിരുന്നു. മറുപടി ഇല്ലാതിരുന്നതോടെയാണ് രണ്ടാമതും മൂന്നാമതും നോട്ടീസ് അയച്ചത്.

ജൂലൈ 29ന് രാത്രി തമ്മനം കാരണക്കോടം റോഡില്‍ വെച്ച് സുരാജ് ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചു ബൈക്ക് യാത്രികന്‍ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും നാലു വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

 

Latest