school re opening
പ്രതീക്ഷയുടെ അക്ഷരപ്പുലരി; പ്രവേശനോത്സവത്തോടെ സ്‌കൂള്‍ കവാടങ്ങള്‍ തുറന്നു
മൂന്ന് ലക്ഷത്തോളം നവാഗതരാണ് ഒന്നാം ക്ലാസിലേക്കെത്തിയത്.
കോഴിക്കോട് | പുത്തന്‍ പ്രതീക്ഷയുമായി സ്‌കൂളിന്റെ കവാടങ്ങള്‍ തുറന്നു. വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ആഘോഷ പൂര്‍വം തുറന്നു. പ്രവേശനോത്സവത്തിന്റെ അകടമ്പടിയോടെ പുതിയ മുഖങ്ങള്‍ സ്‌കൂളിലേക്ക് പ്രവേശിച്ചു. മൂന്ന് ലക്ഷത്തോളം നവാഗതരാണ് ഒന്നാം ക്ലാസിലേക്കെത്തിയത്.
സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. രാവിലെ 9 മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചു.
ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രാദേശികാടിസ്ഥാനത്തില്‍ പ്രവേശനോത്സവം നടന്നു. കാലവര്‍ഷമെത്തിയെങ്കിലും മിക്കജില്ലകളിലും കുട്ടികളുടെ പുത്തനുടുപ്പും പുത്തന്‍ കുടയും നനയ്ക്കാന്‍ മഴയെത്തിയില്ല. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്‌കൂള്‍ തുറക്കല്‍. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍.
ലിംഗനീതി ഉയര്‍ത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങള്‍ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസില്‍ അക്ഷരമാലയും തിരികെയെത്തി. ഈ വര്‍ഷ മുതല്‍ എസ് എസ് എല്‍ സി മൂല്യനിര്‍ണയത്തിലും മാറ്റം നടപ്പാവും. 2005ല്‍ അവസാനിപ്പിച്ച വിഷയങ്ങള്‍ക്കുള്ള മിനിമം മാര്‍ക്ക് തിരികെ വരികയാണ്. നിരന്തര മൂല്യനിര്‍ണ്ണയത്തിലും ഇനി വാരിക്കോരി മാര്‍ക്കുണ്ടാകില്ല.
പുതിയ അധ്യയനവര്‍ഷത്തില്‍ 39.95 ലക്ഷം കുട്ടികളാണ് സ്‌കൂളിലെത്തുന്നത്.. പ്രീ പ്രൈമറിയില്‍ 1,34,763, പ്രൈമറിയില്‍ 11,59,652, അപ്പര്‍ പ്രൈമറിയില്‍ 10,79,019, ഹൈസ്‌കൂളില്‍ 12,09,882, ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷത്തിലേക്ക് 3,83,515, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷത്തിലേക്ക് 28,113 എന്നിങ്ങനെയാണ് കുട്ടികളുടെ എണ്ണം.
സര്‍ക്കാര്‍ മേഖലയില്‍ 11,19,380, എയ്ഡഡില്‍ 20,30,091, അണ്‍ എയ്ഡഡില്‍ 2,99,082 കുട്ടികളുമാണുള്ളതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ ക്ലാസുകള്‍ 24ന് തുടങ്ങും. സംസ്ഥാനത്തെ കോളേജുകളില്‍ ഒന്നാംവര്‍ഷ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. ഒന്നാംക്ലാസില്‍ ഇതുവരെ 2,44,646 കുട്ടികള്‍ ചേര്‍ന്നു. അധ്യയനവര്‍ഷം ആരംഭിക്കുംമുമ്പേ അധ്യാപകര്‍ക്ക് നിര്‍മിത ബുദ്ധിയിലടക്കം പരിശീലനം നല്‍കിയതായിരുന്നു.