Kerala
ക്യാന്‍സര്‍ ഭേദമാക്കാന്‍ മന്ത്രവാദം; 4 ലക്ഷം തട്ടിയയാള്‍ അറസ്റ്റില്‍
അസുഖം ഭേദമാകാത്തതിനാല്‍ ഇവര്‍ പണം തിരികെ ചോദിച്ചപ്പോള്‍, മന്ത്രവാദം നടത്തി ശരീരം തളര്‍ത്തിക്കളയുമെന്ന് ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പോലിസിന് നല്‍കിയ പരാതി
പത്തനംതിട്ട | ക്യാന്‍സര്‍ രോഗം പൂജ നടത്തി ഭേദമാക്കാമെന് വിശ്വസിപ്പിച്ച് 4 ലക്ഷം രൂപ തട്ടിയെടുത്ത മന്ത്രവാദി പിടിയില്‍. തണ്ണിത്തോട് തേക്കുതോട് ചവുണിക്കോട്ട് വീട്ടില്‍ ബാലന്‍(53)നെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. കോന്നി-ഐരവണ്‍ സ്വദേശിനിയെയാണ് ഇയാള്‍ പറഞ്ഞുവിശ്വസിപ്പിച്ച ശേഷം പണം തട്ടിയത്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് പ്രതിയുടെ വീട്ടില്‍ വച്ച് പൂജകള്‍ നടത്തിയത്. തുടര്‍ന്ന്, ഇയാള്‍ 4 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.
അസുഖം ഭേദമാകാത്തതിനാല്‍ ഇവര്‍ പണം തിരികെ ചോദിച്ചപ്പോള്‍, മന്ത്രവാദം നടത്തി ശരീരം തളര്‍ത്തിക്കളയുമെന്ന് ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പോലിസിന് നല്‍കിയ പരാതി. വിശ്വാസവഞ്ചനയ്ക്കും, ഉദ്ദിഷ്ട കാര്യം സാധിച്ചുകൊടുക്കാമെന്ന് വിശ്വസിപ്പിച്ചശേഷമുള്ള ആഭിചാര ക്രിയനടത്തി പറ്റിച്ചതിനുമാണ് കേസെടുത്തത്. ഇയാളുടെ വീട്ടില്‍ നിന്നും പൂജകള്‍ നടത്താനുപയോഗിച്ച സാധനങ്ങള്‍ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐ സജു എബ്രഹാം, ഏ എസ് ഐ റോയ് മോന്‍, എസ് സി പി ഓ രഞ്ജിത്ത്, സി പി ഓ അരുണ്‍ രാജ് എന്നിവരാണുള്ളത്.