Connect with us

Articles

റമസാനിലെ ആത്മസുഗന്ധങ്ങള്‍

വിശ്വാസിയുടെ അകം മിനുക്കാനുള്ള അവസരങ്ങളാണ് റമസാനില്‍ എമ്പാടുമുള്ളത്. ഇതോടൊപ്പം തന്നെ സാമൂഹികമായ നന്മകളില്‍ ഏര്‍പ്പെടുന്നതിനും ഒട്ടേറെ അവസരങ്ങള്‍ റമസാനിലുണ്ട്. ചുറ്റുമുള്ള മനുഷ്യരുടെ പരാധീനതകള്‍ മനസ്സിലാക്കി അവരെ സഹായിക്കുകയെന്നത് നോമ്പുകാലത്തെ പ്രധാനപ്പെട്ട പുണ്യങ്ങളില്‍ ഒന്നാണ്. വീടുകളില്‍ വരുന്ന മനുഷ്യരെയെല്ലാം സഹായങ്ങള്‍ നല്‍കി ചേര്‍ത്തു പിടിക്കുന്നതും നോമ്പുകാലത്തെ സൗന്ദര്യങ്ങളില്‍ പ്രിയപ്പെട്ടതു തന്നെ.

Published

|

Last Updated

ആത്മീയതയുടെ ആനന്ദം വിശ്വാസത്തിലും ഹൃദയത്തിലും ഉന്മേഷം നല്‍കുന്ന കാലമാണ് റമസാന്‍. ഇന്നേവരെയുള്ള തിന്മകളെ ശുദ്ധീകരിച്ചും കുറവുകളെ പരിഹരിച്ചും ഊര്‍ജസ്വലവും ശുദ്ധവുമായ പുതിയ ആത്മാവിനെയും മനുഷ്യനെയും നിര്‍മിക്കുകയാണ് ഈ വിശുദ്ധമാസം. നന്മയും അവസരങ്ങളും പ്രതിഫലങ്ങളും കാരുണ്യവുമടക്കം ഒട്ടനവധി ആത്മസുഗന്ധങ്ങളാണ് ഈ വ്രതകാലം വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ ഭാവിയെ തന്നെ നിര്‍ണയിക്കുന്ന, ചിട്ടപ്പെടുത്തുന്ന, പുരോഗതിയിലേക്ക് നയിക്കുന്ന കര്‍മങ്ങള്‍. ‘റമസാന്‍ അനുകൂലമായി സാക്ഷി പറയേണമേ എന്നും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ക്ക് സൗഭാഗ്യം നല്‍കേണമേ’ എന്നുമെല്ലാം പ്രാര്‍ഥിക്കുന്നത് അനുഗ്രഹ നാളുകളിലെ ഒരവസരവും പാഴായിപ്പോകരുത് എന്ന വിശ്വാസിയുടെ ജാഗ്രതയാണ്.

റമസാനിന്റെ അകക്കാമ്പ് തൊട്ടറിഞ്ഞ് സത്കര്‍മങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ അതീവ ശ്രദ്ധാലുക്കളായിരുന്നു പൂര്‍വസൂരികള്‍. പുണ്യമേറിയ ഓരോ നിമിഷവും അവര്‍ അനുഭവിച്ചു. വികാരവായ്‌പോടെ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തു. പലവിധത്തിലുള്ള പുണ്യങ്ങള്‍ നിറഞ്ഞ റമസാന്‍ എവ്വിധം ഉപയോഗപ്പെടുത്തണമെന്നതിന് നമുക്കുള്ള മാതൃക സച്ചരിതരായ മുന്‍ഗാമികള്‍ തന്നെയാണ്. ഓരോ പത്തിലെയും സവിശേഷ നാളുകളെയും അവര്‍ അതീവ പ്രാധാന്യത്തോടെ കണ്ടു. മനുഷ്യരുടെ വഴികാട്ടിയായ ഖുര്‍ആന്‍ അവതീര്‍ണമായ മാസമായതിനാല്‍ തന്നെ ഖുര്‍ആന്‍ പാരായണം കൊണ്ട് അവര്‍ ഈ കാലത്തെ സമ്പന്നമാക്കി.

രാവുപുലരും വരെ നിസ്‌കരിച്ചും ദാനധര്‍മങ്ങള്‍ ചെയ്തും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ അവര്‍ മത്സരിച്ചു. ആത്മീയമായും ഭൗതികമായും പ്രതിസന്ധികളും പ്രയാസങ്ങളും മുമ്പത്തേക്കാളേറെ തീക്ഷ്ണമായ ഇക്കാലത്ത് കൂടുതല്‍ ഉത്സാഹത്തോടെ ആരാധനകള്‍ നിര്‍വഹിക്കാനും ആത്മധൈര്യവും സമ്പന്നതയും കൈവരിക്കാനും വിശ്വാസികള്‍ തയ്യാറാകേണ്ടതുണ്ട്.

നമ്മെ പടച്ചു പരിപാലിക്കുന്ന അല്ലാഹുവിന്റെ കാരുണ്യം കൂടുതല്‍ വര്‍ഷിക്കുന്ന ആദ്യ ദിനങ്ങള്‍ വിശ്വാസികള്‍ക്ക് സവിശേഷമായി ലഭിച്ച അനുഗ്രഹമായി വേണം ഉള്‍ക്കൊള്ളാന്‍. യാചിച്ചും ചോദിച്ചും ഖേദിച്ചും റഹ്മത്ത് സമ്പാദിക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇതുവരെ സ്രഷ്ടാവ് നമുക്ക് കനിഞ്ഞേകിയ അനുഗ്രഹങ്ങളില്‍ നിന്നൊരു പങ്ക് മറ്റുള്ളവര്‍ക്ക് കൂടി കൈമാറി കാരുണ്യത്തിന്റെ കടപ്പാട് പൂര്‍ത്തിയാക്കണം. തിരുനബി(സ)യെ കുറിച്ച് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: മനുഷ്യരില്‍ ഏറ്റവും വലിയ ധര്‍മിഷ്ഠനാണ് തിരുനബി(സ). റമസാനില്‍ അവിടുത്തെ ധര്‍മം അടിച്ചുവീശുന്ന മാരുതനെ വെല്ലുന്നതായിരിക്കും (ബുഖാരി, മുസ്ലിം). എല്ലാവര്‍ക്കും കാരുണ്യവും സ്‌നേഹവും നല്‍കുന്നതായിരുന്നു നബി(സ)യുടെ വ്രതകാലം. പട്ടിണി കിടക്കുന്നവര്‍ക്ക് നോമ്പ് പൂര്‍ത്തിയാക്കാനാവശ്യമായ ഭക്ഷണങ്ങള്‍ എത്തിച്ചും വൃദ്ധര്‍, കുട്ടികള്‍, രോഗികള്‍, വിധവകള്‍ തുടങ്ങിയവരെ പ്രത്യേകം പരിഗണിച്ചുമായിരുന്നു തിരുനബി(സ) റമസാനിനെ ഉപയോഗപ്പെടുത്തിയത്. മാതാപിതാക്കള്‍, ഭാര്യ, സന്താനങ്ങള്‍, കുടുംബം, അയല്‍വാസികള്‍ തുടങ്ങിയവരെ റമസാനില്‍ പ്രത്യേകം പരിഗണിക്കണം. നാം അനുഭവിക്കുന്ന കാരുണ്യത്തിന്റെ ഉറവ അവരിലേക്ക് കൂടി തിരിച്ചുകൊണ്ടായിരിക്കണം ആ പരിഗണന.

പാപമോചനം സവിശേഷമായി നല്‍കുന്ന ദിനങ്ങളാണ് റമസാനിലെ മറ്റൊരു ആനന്ദം. മൂല്യശോഷണം സംഭവിച്ച നമ്മുടെ ആത്മവിശുദ്ധി തിരിച്ചുപിടിക്കാനാണ് ഈ അവസരം ഉപയോഗപ്പെടുത്തേണ്ടത്. നഷ്ടപ്പെട്ടത് ഇസ്തിഗ്ഫാര്‍, തൗബ എന്നിവ കൊണ്ട് തിരിച്ചുപിടിക്കണം. ആത്മവിമര്‍ശനം നടത്തി ഇനിയൊരിക്കലും ആത്മീയ ദുരന്തങ്ങളില്‍ അകപ്പെടുകയില്ലെന്ന തീരുമാനമെടുക്കണം. കേവല വാക്കുകളിലോ മന്ത്രങ്ങളിലോ ഒതുങ്ങാത്ത, ഭാവിയെ നിര്‍ണയിക്കുന്ന ഉറച്ച തീരുമാനം.

ഖുര്‍ആന്‍ സൂചിപ്പിക്കുന്നതും അതാണ്: ‘സത്യവിശ്വാസികളേ, നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി’. സ്വര്‍ഗീയ സുഖങ്ങള്‍ ലക്ഷ്യം വെച്ചാണ് വിശ്വാസിയുടെ ജീവിതം. ഇലാഹിന്റെ ശിക്ഷയില്‍ നിന്നുള്ള മോചനമാണ് റമസാനിന്റെ അന്ത്യ ദിനങ്ങള്‍ സമ്മാനിക്കുന്നത്. ഓരോ രാത്രിയിലും നരക വിമുക്തി ലഭിക്കുന്ന ലക്ഷങ്ങളില്‍ ഒരാളായി ഞാനുമുണ്ടാകണമെന്ന അഭിലാഷ തീക്ഷ്ണതയോടെ അവസാന ദിനങ്ങള്‍ പ്രയോജനപ്പെടുത്തണം.

അവസാനത്തെ പത്തില്‍ ഇബാദത്തുകള്‍ നിര്‍വഹിക്കാന്‍ തിരുനബി(സ) കാണിച്ചിരുന്ന ആവേശം ഹദീസിലുണ്ട്. ആഇശ ബീവി(റ) പങ്കുവെക്കുന്നു: ‘റമസാനിന്റെ അവസാന പത്തില്‍ മറ്റുള്ള സമയത്തേക്കാള്‍ തിരുനബി(സ) ഇബാദത്തുകള്‍ വര്‍ധിപ്പിക്കുമായിരുന്നു’ (മുസ്ലിം). രാത്രിയെ ജീവസ്സുറ്റതാക്കിയും കുടുംബത്തെ കൂടി പങ്കാളികളാക്കിയും ഒരുങ്ങിത്തയ്യാറായി ഇബാദത്തുകള്‍ നിര്‍വഹിക്കുന്നതായിരുന്നു റമസാന്‍ അവസാന പത്തില്‍ നബിയുടെ പ്രകൃതം.

ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാത്രിയും കൂടുതല്‍ പ്രതീക്ഷയുള്ള ദിനങ്ങളും അവസാന പത്തിലാണ്. ഒരു പുരുഷായുസ്സ് കൊണ്ട് പോലും നേടാനാകാത്ത പുണ്യമാണ് ഒരു രാത്രി കൊണ്ട് കരസ്ഥമാക്കുന്നത്. അതിനാല്‍ പുണ്യമേറിയ ദിനങ്ങള്‍ ഒന്നും നഷ്ടപ്പെടാതെ ജാഗ്രത നിറഞ്ഞതാകണം അവസാന ദിനങ്ങള്‍.

അവതരിപ്പിക്കപ്പെട്ട മാസമായതിനാല്‍ തന്നെ റമസാനിലെ ഖുര്‍ആന്‍ പാരായണത്തിന് സവിശേഷ പുണ്യവും മഹത്വവുമുണ്ട്. ഖുര്‍ആന്‍ പാരായണം വിശ്വാസിക്ക് നല്‍കുന്ന ഊര്‍ജം വിസ്മയകരമാണ്. നോമ്പോടെയാകുമ്പോള്‍ അതിന്റെ ശക്തി വര്‍ധിക്കും. എല്ലാവരും ഒരേ രീതിയിലല്ല ഖുര്‍ആനിനെ സമീപിക്കുന്നത്. ഓരോരുത്തരുടെയും സമീപന രീതികള്‍ക്കനുസരിച്ച് അവരുടെ അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും. അര്‍ഥവും ആശയവും അറിഞ്ഞ് പാരായണം ചെയ്യുന്നവര്‍ക്ക് ഖുര്‍ആന്‍ നല്ല അനുഭവങ്ങള്‍ പകരുന്നു. ദാര്‍ശനിക അകപ്പൊരുള്‍ തേടി ഖുര്‍ആനിനെ സമീപിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ വഴികാട്ടിയാകും. അര്‍ഥവും ആശയവുമൊന്നും അറിയില്ലെങ്കിലും പാരായണം ചെയ്യുന്നവന്റെ മനസ്സ് പ്രഭാപൂരിതമാകും. ധാരാളം ഖത്മുകള്‍ പൂര്‍ത്തിയാക്കി വിസ്മയിപ്പിച്ചവരാണ് മുന്‍ഗാമികള്‍. ദൈനംദിന ജീവിതത്തിരക്കുകള്‍ക്കിടയിലും ചുരുങ്ങിയത് ഒരു ഖത്മ് എങ്കിലും പൂര്‍ത്തിയാക്കാന്‍ ഏവരും ഉത്സാഹിക്കണം. പാരായണ ശാസ്ത്രമനുസരിച്ചുള്ള പരിശീലനം, ഖുര്‍ആന്‍ ക്ലാസ്സുകള്‍ തുടങ്ങി ഖുര്‍ആനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഴുകാനും സേവനം ചെയ്യാനും ശ്രദ്ധിക്കണം. വാര്‍ഷികമാഘോഷിക്കുമ്പോള്‍ കൂടുതല്‍ അലങ്കരിക്കുന്ന പതിവ് ഖുര്‍ആന്റെ കാര്യത്തിലും വേണം. നമ്മുടെ റമസാനിലെ സവിശേഷ അലങ്കാരമായി ഖുര്‍ആന്‍ പാരായണം മാറണം.

തറാവീഹ്, നോമ്പുതുറ തുടങ്ങിയ ഒട്ടേറെ പ്രതിഫലം ലഭിക്കുന്ന സവിശേഷ ആരാധനകളുടെ ഭാഗമായും ഇഅ്തികാഫ്, സകാത്ത് പോലുള്ള നന്മകള്‍ അധികരിപ്പിച്ചും ഈ നാളുകളെ കൂടുതല്‍ ധന്യമാക്കേണ്ടതുണ്ട്. എല്ലാം അല്ലാഹുവിലേക്ക് സമര്‍പ്പിച്ച് പൂര്‍ണ വിനയാന്വിതനായി തിരുദൂതര്‍(സ) റമസാനില്‍ ഇഅ്തികാഫില്‍ കഴിഞ്ഞത് ഹദീസിലുണ്ട്. നോമ്പുകാരനെ ഒരാള്‍ തുറപ്പിച്ചാല്‍ നോമ്പുകാരന്റെ പ്രതിഫലത്തില്‍ നിന്ന് ഒന്നും ചുരുങ്ങാതെ തന്നെ തുറപ്പിക്കുന്നവനുമുണ്ട് (തുര്‍മുദി) എന്ന ഹദീസും നമ്മെ പ്രചോദിപ്പിക്കേണ്ടതുണ്ട്.

റമസാന്‍ തൗബയുടെയും മാസമാണ്. തമ്പുരാന്റെ മുമ്പില്‍ അടിയറവ് പറയലാണ് തൗബ. സംഭവിച്ചുപോയ താളപ്പിഴകളില്‍ നിന്ന് മോചനം തേടല്‍ മാത്രമല്ല, ഇനി പിഴക്കില്ല എന്ന ശപഥം കൂടിയാണ് തൗബ.

പടപ്പുകളോടുള്ള ബന്ധത്തിലും മനസ്സ് ശുദ്ധമായാല്‍ മാത്രമേ പശ്ചാത്താപം സ്വീകാര്യമാകൂ. അതുകൊണ്ട് തന്നെ വിശ്വാസിയോടൊപ്പം ചുറ്റുമുള്ളവരിലേക്കു കൂടി നന്മയുടെ സുഗന്ധം വീശുന്നുണ്ട് റമസാനില്‍. ആമാശയത്തോടൊപ്പം മറ്റു അവയവങ്ങളെ കൂടി പരിരക്ഷിക്കുമ്പോഴാണ് വ്രതം കൂടുതല്‍ മൂല്യമുള്ളതാകുന്നത്. നേത്രം, ചെവി, നാവ്, കൈകാലുകള്‍ എന്നിവയെ സംരക്ഷിക്കാന്‍ ഇക്കാലയളവില്‍ വിശ്വാസി സജീവ ശ്രദ്ധ നല്‍കണം. വര്‍ജ്യവും ഇലാഹീ സ്മരണകളില്‍ നിന്ന് തെറ്റിക്കുന്നതുമായ സര്‍വ ദര്‍ശനവും ഒഴിവാക്കുക, അനാവശ്യ സംസാരങ്ങള്‍ ഉപേക്ഷിക്കുക, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കേള്‍ക്കാതിരിക്കുക, അപാകങ്ങള്‍ വരുന്നതില്‍ നിന്ന് കൈ-കാലുകളെ മാറ്റിനിര്‍ത്തുക എന്നിവ പ്രധാനമാണ്. നോമ്പ് തുറക്കുന്ന സമയത്ത് അന്നപാനാദികള്‍ പരിധി ഭേദിച്ച് ഉപയോഗിക്കാതിരിക്കലും നോമ്പുതുറ കഴിഞ്ഞാല്‍ നോമ്പിനെ പറ്റിയുള്ള പ്രതീക്ഷകള്‍ക്കുമധ്യേ മാത്രം കഴിയലും വ്രതത്തിന്റെ മൂല്യം വര്‍ധിപ്പിക്കും. പടച്ചവന്‍ എന്റെ വ്രതത്തെ സ്വീകരിക്കുമോ എന്ന പേടി വരിഞ്ഞുമുറുകിയാല്‍ മാത്രമേ കൂടുതല്‍ ജാഗ്രതയോടെ നന്മ ചെയ്യാനാകൂ. തിരുനബി(സ) പറയുന്നു: ‘അഞ്ച് കാര്യങ്ങള്‍ നോമ്പിനെ ഫലശൂന്യമാക്കുന്നു. അസത്യം, ഏഷണി, പരദൂഷണം, കള്ളസാക്ഷിത്വം, വികാരപൂര്‍ണ ദര്‍ശനം.’

ചുരുക്കത്തില്‍ വിശ്വാസിയുടെ അകം മിനുക്കാനുള്ള അവസരങ്ങളാണ് റമസാനില്‍ എമ്പാടുമുള്ളത്. ഇതോടൊപ്പം തന്നെ സാമൂഹികമായ നന്മകളില്‍ ഏര്‍പ്പെടുന്നതിനും ഒട്ടേറെ അവസരങ്ങള്‍ റമസാനിലുണ്ട്. ചുറ്റുമുള്ള മനുഷ്യരുടെ പരാധീനതകള്‍ മനസ്സിലാക്കി അവരെ സഹായിക്കുകയെന്നത് നോമ്പുകാലത്തെ പ്രധാനപ്പെട്ട പുണ്യങ്ങളില്‍ ഒന്നാണ്. നോമ്പിന്റെ അവസാന ദിവസം, പെരുന്നാളിന് മുമ്പായി, അന്നേ ദിവസത്തെ ചെലവ് കഴിച്ച് ബാക്കി പണം കൈയിലുള്ളവരൊക്കെയും ആവശ്യക്കാര്‍ക്ക് ധാന്യങ്ങള്‍ കൊടുക്കുന്നത് ഈ സാമൂഹിക ബോധത്തിന്റെ പൂര്‍ണതയെ കുറിക്കാനാണ്. വീടുകളില്‍ വരുന്ന മനുഷ്യരെയെല്ലാം സഹായങ്ങള്‍ നല്‍കി ചേര്‍ത്തു പിടിക്കുന്നതും നമ്മുടെ ദീനീ സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും കരുത്തുപകരുന്നതും നോമ്പുകാലത്തെ സൗന്ദര്യങ്ങളില്‍ പ്രിയപ്പെട്ടതു തന്നെ. പുണ്യങ്ങളുടെ ഈ വസന്തകാലം ഒരു നിമിഷം പോലും പാഴാക്കാതെ ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. കൃത്യമായ ഒരുക്കവും ധാരണയും പ്രാര്‍ഥനയുമുണ്ടെങ്കില്‍ റമസാനിലെ മാധുര്യം നമുക്കനുഭവിക്കാനാകും. ഇന്‍ശാ അല്ലാഹ്.

 

Latest