Articles
തീര്‍ഥാടനത്തിന്റെ ആത്മസൗന്ദര്യം
മക്കം കണ്ട, മദീനയിലെത്തിയ, സഫയും മര്‍വയും കയറിയിറങ്ങിയ, ഹജറുല്‍ അസ്്വദ് ചുംബിച്ച, കഅ്ബത്തെ പ്രദക്ഷിണം ചെയ്ത ശരീരം ശുദ്ധമായി എന്ന പൂര്‍ണ വിശ്വാസം തന്നെയാണ് ഹജ്ജ് കഴിഞ്ഞ് സ്വദേശങ്ങളില്‍ എത്തുമ്പോള്‍ എല്ലാ തിന്മകളില്‍ നിന്നും അവരെ അകറ്റുന്നത്. മക്കം കണ്ട മനസ്സ് അശുദ്ധമാകാന്‍ പറ്റില്ലെന്ന നിഷ്‌കളങ്ക വിശ്വാസിയുടെ നിയ്യത്താണത്
സ്രഷ്ടാവിലേക്ക് മടങ്ങാനും ഹൃദയം ശുദ്ധീകരിക്കാനും മനോധൈര്യം വീണ്ടെടുക്കാനും ഏറ്റവും ഉപകാരപ്പെടുന്ന കര്‍മമാണ് തീര്‍ഥാടനം. ഈ ഉദ്ദേശ്യത്തോടു കൂടിയാണ് ഹാജിമാര്‍ തങ്ങളുടെ വിലപ്പെട്ട സമ്പത്തും സമയവും ആരോഗ്യവും ഉപയോഗപ്പെടുത്തി പരിശുദ്ധ മക്കയിലേക്ക് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് എത്തുന്നത്. സ്വാര്‍ഥ താത്പര്യങ്ങള്‍, സങ്കുചിത നിലപാടുകള്‍ എന്നിവയെല്ലാം കൊണ്ട് തര്‍ക്കങ്ങളും പ്രശ്‌നങ്ങളും വര്‍ധിക്കുന്ന ഇക്കാലത്ത് വിശാലമായ നിലപാട് സ്വീകരിച്ച് ക്ഷമയുടെയും സാഹോദര്യത്തിന്റെയും മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഹാജിമാര്‍ക്ക് സാധിക്കുന്നു എന്നത് ഈ തീര്‍ഥാടനത്തിന്റെ പ്രാധാന്യവും പൊരുളും വര്‍ധിപ്പിക്കുന്നു.
എന്തുകൊണ്ടാണ് വിശ്വാസി സമൂഹത്തിന്റെ ജീവിതാഭിലാഷമായി ഹജ്ജ് മാറുന്നതെന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ നിര്‍ബന്ധ കര്‍മമാണ് എന്നതാണ് അതില്‍ ഏറ്റവും മുഖ്യം. ആയുസ്സില്‍ ഒരിക്കല്‍ മാത്രം നിര്‍ബന്ധമാക്കപ്പെട്ട, ഒരിടത്ത് എത്തിയാല്‍ മാത്രം നിര്‍വഹിക്കാന്‍ സാധിക്കുന്ന, പലര്‍ക്കും വലിയ സാമ്പത്തിക ചെലവും ദീര്‍ഘ യാത്രകളും വേണ്ടിവരുന്ന ഒരു ആരാധനയാണെന്നത് ഹജ്ജിന്റെ പെരുമ വര്‍ധിപ്പിക്കുന്നു. എല്ലാ വിശ്വാസികള്‍ക്കും എല്ലായ്പ്പോഴും അനായാസം ചെയ്യാന്‍ സാധിക്കുന്ന ഒന്നല്ല അതെന്നത് ഓരോരുത്തരുടെയും മനസ്സില്‍ അത് പൂര്‍ത്തിയാക്കാനുള്ള ആഗ്രഹം കനപ്പിക്കുന്നു. മതം നിര്‍ദേശിച്ച, നിര്‍ബന്ധമാക്കിയ ഒരു കര്‍മം തന്റെ ആയുസ്സിനുള്ളില്‍ ചെയ്യാന്‍ സാധിക്കേണമേ എന്ന നിരന്തര പ്രാര്‍ഥന മനസ്സുകളില്‍ രൂപപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. മറ്റെല്ലാ നിര്‍ബന്ധ കര്‍മങ്ങളും താന്‍ വസിക്കുന്ന പ്രദേശത്ത്, സ്വഗൃഹത്തില്‍ നിന്ന് തന്നെ നിര്‍വഹിക്കാന്‍ സാധിക്കുമ്പോഴാണ് ഹജ്ജിനായി പ്രത്യേക സമയവും സ്ഥലവും അല്ലാഹു നിര്‍ണയിച്ചത്.
ഹജ്ജ് ചെയ്ത് അതിന്റെ മാധുര്യവും അനുഭവസമ്പത്തും ഈമാനിക ചൈതന്യവും ആസ്വദിച്ചവരില്‍ നിന്നുള്ള കേട്ടറിവുകള്‍ ഒരുപാട് മനുഷ്യരെ മക്കയിലേക്കടുപ്പിച്ചിട്ടുണ്ട്. ഏതൊരു ആരാധനയുടെയും മാധുര്യം അറിയാന്‍ കഴിയുന്നവര്‍ക്ക് പലതവണ അത് ചെയ്യാനും ചുറ്റുമുള്ളവരെ അതിലേക്ക് അടുപ്പിക്കാനും സാധിക്കുമല്ലോ. സാങ്കേതിക വിദ്യയും വാര്‍ത്താവിനിമയവും ഇത്രയേറെ ശക്തിപ്പെടാത്ത കാലഘട്ടത്തില്‍ യൂറോപ്യന്‍ എഴുത്തുകാരും ചിന്തകരും വേഷം മാറിയും മുത്വവിഫുമാരുടെ കണ്ണുവെട്ടിച്ചും മക്ക ലക്ഷ്യമാക്കി പുറപ്പെട്ടിരുന്നത് ഹജ്ജിന്റെ അനുഭവസമ്പത്തും മാനവിക മൂല്യവും കേട്ടറിഞ്ഞായിരുന്നു. വ്യത്യസ്തമായി എഴുതാനും പങ്കുവെക്കാനും എന്തുണ്ട് ലോകത്ത് എന്ന ചിന്തയായിരുന്നു അവരെ മക്കയിലേക്ക് അടുപ്പിച്ചത്. എന്നാല്‍ യാത്ര കഴിഞ്ഞെത്തിയവരില്‍ പ്രകടമാകാറുള്ള ആത്മീയ മാറ്റവും അവരുടെ പങ്കുവെപ്പുമാണ് ഉള്ളില്‍ പ്രഭയുള്ള വിശ്വാസികളെ കഅ്ബ ആഗ്രഹിപ്പിച്ചത്. ഹജ്ജാനന്തര കാലത്ത് തെറ്റുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ഓരോ വിശ്വാസിയും പുലര്‍ത്തുന്ന സൂക്ഷ്മത അത്രത്തോളം പ്രകടമാണല്ലോ.
ഹജ്ജെന്നത് ഇസ്‌ലാമിന്റെ സാംസ്‌കാരിക ഭൂവിലൂടെയുള്ള സഞ്ചാരമായതുകൊണ്ടാണ് ഹജ്ജ് കഴിഞ്ഞെത്തിയ ഹാജിമാരുടെ ജീവിതത്തില്‍ ഈ പറഞ്ഞ സൂക്ഷ്മതയും ഈമാനും സത്‌സ്വഭാവവും രൂപപ്പെടുന്നത്. ഖുര്‍ആനിലൂടെയും ഹദീസുകളിലൂടെയും ചെറുപ്പം മുതലേ കേട്ടറിഞ്ഞ ചരിത്ര സ്ഥലങ്ങളും തിരുശേഷിപ്പുകളും കാണുമ്പോള്‍ വിശ്വാസിയുടെ മനസ്സില്‍ ഈമാനിക ചൈതന്യം ഏറെ ഇരട്ടിക്കുന്നു. മസ്ജിദുല്‍ ഹറാം, മഖാമു ഇബ്റാഹീം, ഹിറാ ഗുഹ, സ്വഫാ, മര്‍വാ, തുടങ്ങിയ ഓരോ ഇടവും വിശ്വാസിയുടെ മനസ്സില്‍ ആഴത്തില്‍ പതിയുന്നു. മുഹമ്മദ് നബി(സ)യുടെയും മറ്റു അമ്പിയാക്കളുടെയും സ്വഹാബാക്കളുടെയും സജ്ജനങ്ങളുടെയും അന്ത്യവിശ്രമ സ്ഥാനങ്ങള്‍ കാണുമ്പോള്‍ അതവരുടെ ഉള്ളിലുള്ള പ്രഭയെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നു. മക്കം കണ്ട, മദീനയിലെത്തിയ, സഫയും മര്‍വയും കയറിയിറങ്ങിയ, ഹജറുല്‍ അസ്്വദ് ചുംബിച്ച, കഅ്ബത്തെ പ്രദക്ഷിണം ചെയ്ത ശരീരം ശുദ്ധമായി എന്ന പൂര്‍ണ വിശ്വാസം തന്നെയാണ് ഹജ്ജ് കഴിഞ്ഞ് സ്വദേശങ്ങളില്‍ എത്തുമ്പോള്‍ എല്ലാ തിന്മകളില്‍ നിന്നും അവരെ അകറ്റുന്നത്. മക്കം കണ്ട മനസ്സ് അശുദ്ധമാകാന്‍ പറ്റില്ലെന്ന നിഷ്‌കളങ്ക വിശ്വാസിയുടെ നിയ്യത്താണത്.
ഹജ്ജില്‍ എല്ലാവര്‍ക്കും ഒരേ അനുഭവമല്ല ഉണ്ടാകുക. ഓരോരുത്തരുടെയും ആത്മീയമായ ആന്തരിക ആഴത്തിനനുസരിച്ചായിരിക്കും ഹജ്ജിലൂടെ ഓരോരുത്തര്‍ക്കും ലഭിക്കുന്ന അനുഭൂതികള്‍. അതിനാലാണ് ഹജ്ജിനു വേണ്ടി നന്നായി തയ്യാറെടുക്കുകയും ഒരുങ്ങുകയും ചെയ്യണമെന്ന് പറയുന്നത്. ആത്മീയമായും ഭൗതികമായും ഹജ്ജിനു വേണ്ടി നന്നായി ഒരുങ്ങണം. ഏറ്റവും വലിയ ഒരുക്കം തഖ്്വ അഥവാ സൂക്ഷ്മതയാണ്. ഹജ്ജിലെ ഓരോ കര്‍മത്തിന്റെയും ആത്മാവിനെ തൊട്ടറിഞ്ഞ് ഹൃദയപൂര്‍വം അനുഷ്ഠിച്ചാലേ നബി(സ) പറഞ്ഞതു പോലെ നവജാത ശിശുവിന്റെ വിശുദ്ധി കൈവരിച്ച് മടങ്ങാന്‍ സാധിക്കുകയുള്ളൂ. മതിയായ സാമ്പത്തികമില്ലാതിരുന്നിട്ടും അതിയായി ആഗ്രഹിക്കുകയും ജീവിതാഭിലാഷമായി മനസ്സില്‍ എന്നും കൊണ്ടുനടക്കുകയും തന്നാലാവുന്ന ഒരുക്കങ്ങള്‍ ചെയ്യുകയും ചെയ്ത എത്രയോ പേര്‍ക്ക് അവരറിയാതെ ഹജ്ജിന്റെ മധുരമറിയാന്‍ വഴികളുണ്ടായിട്ടുണ്ടല്ലോ.
ഹൃദയത്തിലുള്ള സര്‍വ സങ്കുചിതത്വങ്ങളും അപകര്‍ഷതകളും ഹജ്ജിലൂടെ അപ്രത്യക്ഷമാകുന്നു. താന്‍ കറുത്തവനാണ് എന്ന തോന്നലുള്ളവന്‍ തന്നെക്കാള്‍ കറുത്തവനെ കാണുന്നു. വെളുപ്പ് കൂടിപ്പോയി വിളറിയോ എന്ന ആകുലതയുള്ളവന്‍ തന്നെക്കാള്‍ വെളുത്തവരെ കണ്ടുമുട്ടുന്നു. ഉയരമുള്ളവനും ഉയരമില്ലാത്തവനും പരസ്പരം കാണുമ്പോള്‍ ഉള്ളിലുള്ള ശാരീരിക ന്യൂനതാ ചിന്തകള്‍ ഒന്നുമല്ലാതാകുന്നു. അതിലെല്ലാമുപരി ഏതുതരം ശാരീരിക-ഭാഷാ വ്യത്യാസങ്ങള്‍ക്കുമപ്പുറം അല്ലാഹുവിന്റെ മുന്നില്‍ എല്ലാവരും സമമാണെന്ന യാഥാര്‍ഥ്യം അനുഭവപ്പെടാന്‍ ഈ വാര്‍ഷിക സംഗമം സഹായിക്കുന്നു. പ്രാര്‍ഥനകളില്‍ പലവിധ പ്രാദേശിക ഭാഷകള്‍ മുഴങ്ങുന്നത് കേള്‍ക്കാം. ഒരു സമയം ഒരു നഗരത്തില്‍ ഇത്രയേറെ ആളുകള്‍ ഒരുമിക്കുന്ന മറ്റൊരു സംഗമം ലോകത്തില്ലെന്ന് തന്നെ പറയാം. നിറത്തിന്റെയും സമ്പത്തിന്റെയും പേരില്‍ തന്റെ നാട്ടില്‍ താനടക്കം കലഹിച്ചതും മനുഷ്യരെ അകറ്റിയതും വെറുതെയാണെന്നും അല്ലാഹുവിന്റെ മുന്നില്‍ ഏത് നിറമുള്ളവനും ഇല്ലാത്തവനും സമമാണെന്നും എത്ര സമ്പത്തുള്ളവനും ഇല്ലാത്തവനും ഇവിടെ ഒരേ വസ്ത്രമാണെന്നും ഹജ്ജിനെത്തുന്ന വിശ്വാസിയില്‍ ചിന്തയുണ്ടാകുന്നു. അതവന്റെ മനസ്സിലും അവന്‍ സംവദിക്കുന്ന ഹൃദയങ്ങളിലും മാറ്റങ്ങളുണ്ടാക്കും. ഹജ്ജ് കഴിഞ്ഞെത്തുന്ന ഓരോ മനസ്സും സ്വയം ശുദ്ധിയാകുകയും തന്റെ ചുറ്റുമുള്ളവരെ നന്മയിലേക്ക് നടത്താന്‍ പാകപ്പെടുകയും ചെയ്യും.
ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യ സംഗമങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹജ്ജ്. പരിശുദ്ധ മക്കയിലെ മസ്ജിദുല്‍ ഹറാം, മിന, മുസ്ദലിഫ, അറഫ എന്നീ കേന്ദ്രങ്ങള്‍ നിശ്ചിത ദിവസം സന്ദര്‍ശിക്കുകയും ത്വവാഫുകള്‍ വര്‍ധിപ്പിക്കുകയും ചെയ്ത്, തിരുനബി(സ)യുടെ സാമീപ്യം ആസ്വദിച്ച് തീര്‍ഥാടകര്‍ ഹജ്ജിന്റെ കര്‍മങ്ങളില്‍ മുഴുകുമ്പോള്‍ നാമെല്ലാം ഈ വിശുദ്ധ കര്‍മത്തെ ആദരവോടെ നോക്കിക്കാണുകയും ഹജ്ജിനായി പുറപ്പെടുന്നവരെ മാന്യമായി യാത്രയാക്കുകയും വേണം.
ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സന്തുഷ്ടകരമായ തീര്‍ഥാടനത്തിനായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെയും മറ്റു ഏജന്‍സികളുടെയും സഹായങ്ങളില്ലാതെ പുണ്യ മക്കയിലെത്താന്‍ ഇക്കാലത്ത് പ്രയാസമായതിനാല്‍ തന്നെ നാം ഭരണകൂടത്തെ ഈ വിഷയത്തില്‍ അവലംബിക്കുന്നു. ഭരണകൂടം ഹജ്ജുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാലങ്ങളായി എല്ലാ സൗകര്യവും ചെയ്തുതരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ചെയ്യുന്ന ഈ ആനുകൂല്യത്തിന് നാം നന്ദിയുള്ളവരാകണം. ഹജ്ജ് കൊണ്ട് മനസ്സും ശരീരവും ശുദ്ധിയാകുമ്പോള്‍ അതിന്റെ ഗുണം ഹാജിക്ക് മാത്രമല്ല ലഭിക്കുന്നത്, ഈ സമൂഹത്തിനൊന്നാകെയാണ്. കുഴപ്പങ്ങളില്ലാത്ത സമൂഹസൃഷ്ടിക്ക് ഹജ്ജ് ഉപകാരപ്പെടുമെങ്കില്‍ ഹജ്ജ് ഈ രാജ്യത്തിന്റെ തന്നെ പുരോഗതിയെ ത്വരിതപ്പെടുത്തും. മനുഷ്യര്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കും. അല്ലാഹുവിന്റെ അതിഥികളായി മക്കയിലെത്തുന്നവരെ സ്വീകരിക്കാനും വേണ്ട ആവശ്യങ്ങള്‍ നിര്‍വഹിക്കാനും സഊദി ഭരണകൂടവും തയ്യാറാണ്.
കേരള സര്‍ക്കാറിന് കീഴിലുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17,883 പേരാണ് വിവിധ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴി ഈ വര്‍ഷം യാത്രയാകുന്നത്. ഹജ്ജ് കമ്മിറ്റി മുഖേന ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്ന് ഇത്രയും കൂടുതല്‍ പേര്‍ക്ക് വിശുദ്ധ തീര്‍ഥാടനത്തിന് അവസരം ലഭിക്കുന്നത്. ആകെ തീര്‍ഥാടകരില്‍ 7,279 പേര്‍ പുരുഷന്മാരും 10,604 പേര്‍ സ്ത്രീകളുമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6,516 പേരുടെ വര്‍ധനവുണ്ട് ഇത്തവണ. 89 പേരാണ് ഈ വര്‍ഷം തീര്‍ഥാടകരുടെ സേവനത്തിനായി യാത്രയില്‍ അനുഗമിക്കുക. വോളണ്ടിയര്‍ അനുപാതം കുറക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായാണ് സന്നദ്ധപ്രവര്‍ത്തനത്തിനായി കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചത്. തീര്‍ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളും ഹജ്ജ് ക്യാമ്പില്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഹജ്ജ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചത് മുതല്‍ പുറപ്പെടല്‍ വരെയുള്ള വിവിധ തലങ്ങളിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സുഗമവും തീര്‍ഥാടക സൗഹൃദവുമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെയും ന്യൂനപക്ഷ ക്ഷേമ ഹജ്ജ് തീര്‍ഥാടന വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തില്‍ കൃത്യവും സമയബന്ധിതവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹജ്ജ് ഹൗസില്‍ കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത സ്ത്രീകള്‍ക്ക് മാത്രമായുള്ള വിശലമായ കെട്ടിടം ഈ വര്‍ഷം ഏറെ സൗകര്യപ്രദമായിരിക്കും.
കോഴിക്കോട്ട് നിന്ന് നാളെ പുലര്‍ച്ചെ 12.05ന് ആദ്യ വിമാനം പുറപ്പെടുന്നതോടെ കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടനത്തിന് തുടക്കമിടുകയായി. ഈ വര്‍ഷം വിശുദ്ധ കര്‍മത്തിനായി മക്കയിലേക്ക് മനസ്സൊരുക്കി കാത്തിരിക്കുന്ന തീര്‍ഥാടകരുടെ ഹജ്ജും മദീനാ സിയാറത്തും സഫലവും സുരക്ഷിതവുമാകാന്‍ ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന്റെ അകമഴിഞ്ഞ പ്രാര്‍ഥന എപ്പോഴുമുണ്ടാകണം. യാത്രക്കൊരുങ്ങിയവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്യാനും നാം മുന്നിലുണ്ടാകണം. തീര്‍ഥാടകരെയും ഹജ്ജുമായി ബന്ധപ്പെട്ട വാര്‍ത്തകളും കാണുമ്പോള്‍ വരും വര്‍ഷങ്ങളില്‍ അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കാന്‍ നമുക്കും അനുഗ്രഹമുണ്ടാകണമെന്ന പ്രാര്‍ഥന നമ്മുടെ ഉള്ളില്‍ മികച്ചു നില്‍ക്കണം.