Travelogue
മലയൻ ജനതയുടെ ആത്മീയ നായകൻ
മികച്ച സാഹിത്യകാരനായിരുന്നു ശൈഖ് ഫാലിംബാനി. ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യാ ഉലൂമുദ്ദീനും ബിദായതുൽ ഹിദായക്കും അദ്ദേഹം തയ്യാറാക്കിയ മലായ് തർജമകൾ പ്രശസ്തമാണ്.കടുത്ത കൊളോണിയൽ വിരുദ്ധത പ്രകടിപ്പിച്ച അദ്ദേഹം സ്വന്തമായി കപ്പൽ നിർമിച്ചാണ് യാത്രകൾ നടത്തിയിരുന്നത്. നസ്വീഹതുൽ മുസ്‌ലിമീൻ എന്ന സാമ്രാജ്യത്വ വിരുദ്ധ ഗ്രന്ഥവും ശൈഖവർ കളുടേതായുണ്ട്.

ചെറിയൊരു കനാൽ തീരത്താണ് സിഗ്നേച്ചർ ഹോട്ടൽ. ശാന്തമായ അന്തരീക്ഷം. അപശബ്ദങ്ങളില്ല. സമീപത്തായി ജാമിഉൽ ഇസ്‌ലാം മസ്ജിദിന്റെ ബോർഡ്. അതിനപ്പുറത്തൊരു കൊച്ചു തെരുവ്. ഏതാനും വീടുകൾ. വിവിധ മതസ്ഥർ പാർക്കുന്നുണ്ടവിടെ. അതിനിടയിലങ്ങനെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന പള്ളി. ഹോട്ടലിന്റെ പിൻവശത്ത് പാരമ്പര്യ ശൈലിയിലുള്ള കെട്ടിടങ്ങൾ. നോക്കി നിന്നുപോകുന്ന വാസ്തു ശാസ്ത്ര ശൈലി. സൂര്യൻ പടിഞ്ഞാറേക്കുള്ള പ്രയാണത്തിലാണ്. ഇരുൾ വീഴാൻ അധിക നേരമില്ല. അടുത്തുള്ള പൈതൃക കേന്ദ്രങ്ങൾ ഏതെങ്കിലും സന്ദർശിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഗൂഗ്ൾ മാപ്പ് നോക്കിയപ്പോൾ ശൈഖ് അബ്ദു സ്വമദ് അൽ ഫാലിംബാനിയുടെ അന്ത്യവിശ്രമ കേന്ദ്രം അടുത്താണ്. അര മണിക്കൂർ സഞ്ചരിച്ചാൽ അവിടെയെത്താം.
റബ്ബർ കൃഷിത്തോട്ടത്തിന്റെ നടുവിലാണ് ശൈഖവർകളുടെ മഖാം. രാത്രി സന്ദർശനം സാധ്യമാണോ എന്നറിയില്ല. ശൈഖ് ഇബ്റാഹീം എന്ന തായ് പണ്ഡിതനെ കോണ്ടാക്ട് ചെയ്തു. ബഷീർ അസ്ഹരി മലേഷ്യ തന്ന നമ്പറാണ്. മഖാം പരിപാലകൻ തന്റെ സുഹൃത്താണെന്നും അന്വേഷിച്ച് വിവരം പറയാമെന്നും അറിയിച്ചു. അനുകൂല പ്രതികരണമാണ് ലഭിച്ചത്. ധുമ്മിനെ വിളിച്ച് ഉടൻ പുറപ്പെട്ടു. മഖാമിനടുത്തുള്ള പെട്രാൾ പമ്പിൽ എത്താനാണ് പറഞ്ഞിട്ടുള്ളത്. അവിടെ നിന്ന് അൽപ്പദൂരം മറ്റൊരു വാഹനത്തിലാണ് പോകേണ്ടത്. ഊടുവഴിയാണ്. ടാറിട്ടിട്ടില്ല. കുണ്ടും കുഴിയും വളവും തിരിവുമുള്ള റോഡ്.
ക്രി. 1704 മുതൽ 1791 വരെയാണ് ശൈഖ് അബ്ദു സ്വമദ് അൽ ഫാലിംബാനി(റ)യുടെ ജീവിതകാലം. ജനനം ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഫാലിംബാംഗിൽ. യമനാണ് പിതാവ് ശൈഖ് അബ്ദുൽ ജലീലിന്റെ നാട്. മദീനയിൽ നിന്ന് സുമാത്രയിലേക്ക് നിയോഗിക്കപ്പെട്ട മുഫ്തിയായിരുന്നു അദ്ദേഹം. മാതാവ് ജാവക്കാരിയും. ശൈഖ് ശംസുദ്ദീൻ സുമാത്ര, ശൈഖ് അബ്ദുർറഊഫ് അൽ ഫൻസുരി എന്നിവരാണ് ഇന്തോനേഷ്യയിലെ പ്രധാന ഗുരുനാഥന്മാർ. വൈജ്ഞാനിക രംഗത്ത് പേരുകേട്ട സ്ഥലമായിരുന്നു അന്ന് തായ്്ലാൻഡിലെ പട്ടാണി.
ഗവേഷണ പഠനങ്ങളിൽ അതീവ തത്പരനായിരുന്ന അദ്ദേഹവും സഹോദരന്മാരും ഇവിടെയെത്തി ശൈഖ് അബ്ദുർറഹ്മാൻ ബ്ൻ അബ്ദുൽ മുബീനിൽ നിന്ന് വിദ്യ നുകർന്നു. ശാഫിഈ കർമശാസ്ത്ര സരണി പിന്തുടരുന്നവരായിരുന്നു ഇവരെല്ലാം.
ഹിജാസിലും യമനിലുമായിരുന്നു പിന്നീട്. ആത്മീയതയിൽ കൂടുതൽ ഉന്നതങ്ങൾ കരഗതമാക്കിയത് അവിടെ വെച്ചാണ്. അതിനിടെ സുമാത്രയിൽ കപട സ്വൂഫികൾ രംഗപ്രവേശം ചെയ്തപ്പോൾ അവർക്കെതിരെ ശക്തമായ പ്രതിരോധം തീർത്തു. ഡച്ച് അധിനിവേശം ഇന്തോനേഷ്യയെ വിഴുങ്ങിയ ഘട്ടമായിരുന്നു അത്. കടുത്ത കൊളോണിയൽ വിരുദ്ധത പ്രകടിപ്പിച്ച അദ്ദേഹം സ്വന്തമായി കപ്പൽ നിർമിച്ചാണ് യാത്രകൾ നടത്തിയിരുന്നത്. നസ്വീഹതുൽ മുസ്‌ലിമീൻ എന്ന സാമ്രാജ്യത്വ വിരുദ്ധ ഗ്രന്ഥവും ശൈഖവർകളുടേതായുണ്ട്.
ഡച്ചുകാർക്കെതിരെ മാത്രമല്ല തായ്്ലാൻഡിലെ മുസ്‌ലിം വിരുദ്ധരായ ബുദ്ധ രാജാക്കന്മാർക്കെതിരെ നടന്ന യുദ്ധങ്ങളിലും അദ്ദേഹം ഭാഗഭാക്കായിട്ടുണ്ട്. അത്തരമൊരു യുദ്ധത്തിലാണ് അദ്ദേഹം രക്തസാക്ഷിയായതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതല്ല, വിയോഗം മക്കയിലാണെന്ന് പറഞ്ഞവരുമുണ്ട്.
മികച്ച സാഹിത്യകാരനായിരുന്നു ശൈഖ് ഫാലിംബാനി. ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യാ ഉലൂമുദ്ദീനും ബിദായതുൽ ഹിദായക്കും അദ്ദേഹം തയ്യാറാക്കിയ മലായ് തർജമകൾ പ്രശസ്തമാണ്. യഥാക്രമം സിയറുസ്സാലികീൻ, ഹിദായതുസ്സാലികീൻ എന്നാണ് ഇവയുടെ പേര്. തെക്ക് കിഴക്കൻ ഏഷ്യയിലെ മുസ്‌ലിംകളുടെ ആത്മീയ പുരോഗതിയിൽ ഇവക്ക് ഏറെ പങ്കുണ്ട്.
നിരവധി രാജ്യങ്ങളിൽ നിന്ന് പ്രകാശിതമായ ഈ ഗ്രന്ഥങ്ങളുടെ നൂറോളം കൈയെഴുത്ത് പ്രതികൾ ബ്രിട്ടീഷ് ലൈബ്രറിയിൽ ഉൾപ്പെടെ സൂക്ഷിപ്പുണ്ട്. കൂടാതെ, സുഹ്റതുൽ മുരീദ്, ഉർവതുൽ വുസ്ഖാ, റാതീബുൽ ഫാലിംബാനി, സാദുൽ മുത്തഖീൻ, കിതാബുൽ ഇസ്റാഇ വൽ മിഅ്റാജ് തുടങ്ങിയ ഗ്രന്ഥങ്ങളും ആ തൂലികയിൽ നിന്ന് വിരചിതമായവയാണ്.
സയ്യിദ് അബ്ദുർറഹ്മാൻ ഇബ്നു സുലൈമാൻ അൽ അഹ്ദൽ, ശൈഖ് ദാവൂദ് അൽ ഫത്വാനി പോലുള്ള പ്രഗൽഭരായ നിരവധി ശിഷ്യഗണങ്ങളെയും ശൈഖ് അവർകൾ സമൂഹത്തിന് സമ്മാനിച്ചിട്ടുണ്ട്. തായ്്ലാൻഡിലെ പ്രഥമ സന്ദർശനം തന്നെ ഇത്ര അവിസ്മരണീയമാകുമെന്ന് വിചാരിച്ചതല്ല. ഇമാം ഗസ്സാലി(റ)ന്റെ ആണ്ടിന്റെ ദിവസത്തിൽ അവിടുത്തെ രചനകൾക്ക് വ്യാഖ്യാനങ്ങൾ തയ്യാറാക്കി പ്രസിദ്ധിയാർജിച്ച ശൈഖ് അബ്ദു സ്വമദ് അൽ ഫാലിംബാനി(റ)യുടെ മഖ്ബറ സിയാറത്ത് ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നി. തായ്്ലാൻഡ് സമയം രാത്രി എട്ടിനാണ് മഖ്ബറ അധികൃതർ റബ്ബർ തോട്ടത്തിന് നടുവിലുള്ള മഖ്ബറയിലേക്ക് ഞങ്ങളെ കൊണ്ടുവന്നതും ചായ സത്കാരം നൽകി ഹൃദ്യമായ സ്വീകരണം ഒരുക്കിയതും.