Connect with us

Prathivaram

ആത്മീയ ഔത്സുക്യം

ഈയിടെ വിടവാങ്ങിയ പണ്ഡിതനും സൂഫി വര്യനുമായ ഏലംകുളം കരിമ്പന മുഹമ്മദ് മുസ്‌ലിയാരെ കുറിച്ചുള്ള ഓർമകൾ

Published

|

Last Updated

മലബാർ കലാപത്തിനു ശേഷമുള്ള സവിശേഷമായ സാമൂഹിക സാഹചര്യത്തിലാണ് വയനാട്ടിലേക്കുള്ള മുസ്‌ലിം കുടിയേറ്റത്തിന്റെ പുതിയൊരു ഘട്ടം ആരംഭിക്കുന്നത്. വടക്ക്‌ നാദാപുരം, തലശ്ശേരി ഭാഗങ്ങളിൽ നിന്നും തെക്ക് മലപ്പുറത്തു നിന്നും മുസ്‌ലിംകൾ വയനാട്ടിലേക്ക് ചുരം കയറി. തോട്ടം മേഖലയിലെ പുതിയ തൊഴിൽ സാധ്യതകളും കുടിയേറ്റ മേഖലകളിലെ കച്ചവട സാധ്യതകളും ഈ പലായനത്തെ ത്വരിതപ്പെടുത്തി. പള്ളികൾ, അവയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മഹല്ലുകൾ, മദ്‌റസകൾ, വഅളുകൾ, പള്ളി ദർസുകൾ തുടങ്ങി മുസ്‌ലിം സാമൂഹിക ജീവിതത്തെ ഉൾവഹിക്കുന്ന ഒരു ആവാസവ്യവസ്ഥ വയനാട്ടിൽ രൂപം കൊണ്ടു തുടങ്ങിയതും ഏതാണ്ട് ഈ കാലത്താണ് എന്നുവേണം കരുതാൻ. കഴിഞ്ഞ നൂറ്റാണ്ടിലെ ഇവിടുത്തെ മുസ്‌ലിം സാമൂഹിക രൂപവത്കരണത്തെ വലിയ തോതിൽ ചിട്ടപ്പെടുത്തിയത് ഹജ്ജ് യാത്രയിലൂടെ രൂപപ്പെട്ട ഒരു സൗഹൃദമായിരുന്നു. 1950 കളുടെ തുടക്കത്തിലാണ് വയനാട് ജില്ലയിലെ കാട്ടിച്ചിറക്കൽ മഹല്ലിലെ നാട്ടുകാരണവരും കവിയുമായ സി മമ്മു ഹാജി ഹജ്ജിനു പോകുന്നത്. അക്കാലത്തെ പ്രസിദ്ധ പണ്ഡിതനും മുദർരിസുമായ കുട്ടി മുസ്‌ലിയാർ എന്ന അബ്ദുർറഹിമാൻ ഫള്ഫരിയെ അദ്ദേഹം മക്കയിൽ വെച്ച് പരിചയപ്പെട്ടു. ആ പരിചയം ഒരർഥത്തിൽ വയനാട്ടിലെ മുസ്‌ലിം വൈജ്ഞാനിക മേഖലയുടെ പിൽക്കാല ചരിത്രം തന്നെ വലിയ തോതിൽ സ്വാധീനിച്ചു എന്നു പറയാം. കവി എന്ന നിലയിലും പണ്ഡിതന്മാരുമായി അടുത്ത ബന്ധം പുലർത്തിയ ആൾ എന്ന നിലയിലും വിപുലമായ സാമൂഹിക ബന്ധങ്ങളുള്ള ഒരാളായിരുന്നു സി മമ്മു ഹാജി.

യാത്ര കഴിഞ്ഞെത്തിയ ഇദ്ദേഹം അബ്ദുർറഹിമാൻ ഫള്ഫരിയെ അദ്ദേഹം ദർസ് നടത്തിയിരുന്ന ചെമ്മങ്കടവ് പോയി കണ്ടു. വയനാട്ടിലേക്കും ഒരു മികച്ച മുദർരിസിനെ വേണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. തന്റെ ദർസിൽ പഠനം പൂർത്തിയാക്കി വെല്ലൂർ ബാഖിയാത്തിലേക്ക് ഉപരി പഠനത്തിനു തയ്യാറെടുക്കുകയായിരുന്ന കരിമ്പന മുഹമ്മദ് മുസ്‌ലിയാരെ ആണ് ഫള്ഫരി വയനാട്ടിലേക്ക് പറഞ്ഞയച്ചത്. “നീ പോയ്‌ക്കോളൂ, ഖൈറ് ഉണ്ടാകും’ എന്ന ഫള്ഫരി ഉസ്താദിന്റെ അനുഗ്രഹ വാക്കിന്റെ ബലത്തിലാണ് കരിമ്പന ഉസ്താദെന്നും ഇരുമ്പുഴി ഉസ്താദെന്നും പ്രിയപ്പെട്ടവർ വിളിക്കുന്ന മുഹമ്മദ് മുസ്‌ലിയാർ 1958ൽ വയനാട്ടിലേക്ക് ചുരം കയറുന്നത്. മലപ്പുറം ജില്ലയുടെ തെക്കേ അതിർത്തിയിൽ നിന്നും വയനാട്ടിലെ കഠിനമായ തണുപ്പിലേക്കും ദാരിദ്ര്യത്തിലേക്കും അതികഠിനമായ രോഗങ്ങളിലേക്കും ചുരം കയറാൻ അസാമാന്യമായ ആത്മവിശ്വാസം വേണ്ടിയിരുന്നു. പതിതമായ ആ കാലാവസ്ഥയിലേക്കാണ് മുഹമ്മദ് മുസ്‌ലിയാർ എത്തിപ്പെടുന്നത്. ആറ് മാസത്തേക്ക് എന്നു കരുതി വന്ന മുഹമ്മദ് മുസ്‌ലിയാർ പക്ഷേ മൂന്ന് വർഷത്തോളം കാട്ടിച്ചിറക്കൽ പള്ളിയിൽ മുദർരിസ് ആയി ജോലി ചെയ്തു. വിദ്യാർഥികളുടെ ബാഹുല്യം കൊണ്ടും മുദർരിസിന്റെ പാണ്ഡിത്യം കൊണ്ടും വശ്യതകൊണ്ടും കേളികേട്ട ദർസായി അതു മാറി. പിന്നീട് ഫള്ഫരി ഉസ്താദിന്റെ തന്നെ ഇരുമ്പുഴിയിലെ ദർസ് ഏറ്റെടുക്കാൻ തിരിച്ചുവിളിച്ചപ്പോൾ ആണ് ചുരമിറങ്ങിയത്. വലിയൊരുകൂട്ടം വിദ്യാർഥികളെയും കൂടെ കൂട്ടിയായിരുന്നു ആ ഇറക്കം. വയനാട്ടിലെ പണ്ഡിതന്മാരും പ്രഭാഷകരും സമുദായ നേതാക്കളും ഉമറാക്കളും ആയി പിന്നീട് വളർന്നുവന്നവരെല്ലാം ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. മുഹമ്മദ് മുസ്‌ലിയാർക്ക് പിറകെ സഹോദരങ്ങളായ മൊയ്തു മുസ്‌ലിയാരും ഹംസ മുസ്‌ലിയാരും വയനാട്ടിൽ സേവനം ചെയ്തു.

വയനാട്ടിലെ തരുവണയിൽ നടന്ന മൊയ്തു മുസ്‌ലിയാരുടെ ദർസ് ഏറെ പ്രസിദ്ധവും ആയിരുന്നു.
മലപ്പുറം ഇരുമ്പുഴിയിലെ ദർസിൽ ആദ്യം കുന്നപ്പള്ളി സൈദാലി മുസ്‌ലിയാരുടെ കൂടെ രണ്ടാം മുദർരിസ് ആയും പിന്നീട് ഏതാണ്ട് ആറ് ദശാബ്ദത്തോളം പ്രധാന മുദർരിസും ആയി കരിമ്പന ഉസ്താദ് സേവനം ചെയ്തു. കുട്ടി മുസ്‌ലിയാർക്ക് പുറമെ, പാതാക്കര വീരാൻ മൊല്ല, കാപ്പിൽ ഉണ്ണീൻ മുസ്‌ലിയാർ, ചെമ്മലശ്ശേരി കുഞ്ഞാമു മുസ്‌ലിയാർ, കാളിപ്പറമ്പൻ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ, അയമു മുസ്‌ലിയാർ എന്നിവർക്കു കീഴിൽ പതിനഞ്ച് വർഷത്തോളമാണ് മുഹമ്മദ് മുസ്‌ലിയാർ ഓതിപ്പഠിച്ചത്. ഇതിനു പുറമെ, സയ്യിദ് അബ്ദുൽ ഗഫൂർ തങ്ങളിൽ നിന്നുള്ള ആത്മീയ ശിക്ഷണവും. ഖാദിരിയ്യഃ, രിഫാഇയ്യഃ ത്വരീഖത്തുകളുടെ വിവിധ ധാരകളിൽ നിന്നുള്ള ഇജാസത്തുകൾ കരസ്ഥമാക്കുകയും ചെയ്തു. ഏഴര ദശാബ്ദത്തോളം നീണ്ടുനിന്ന പഠന-അധ്യയന ജീവിതത്തിനിടയിൽ വൈജ്ഞാനിക മികവിലൂടെയും ആത്മീയമായ ഔത്സുക്യത്തിലൂടെയും വലിയൊരു വൈജ്ഞാനിക സമൂഹത്തെ തന്നെ അദ്ദേഹം മലബാറിൽ വളർത്തിയെടുത്തു. തന്റെ പരിചിത വലയത്തിലുള്ളവരെ ആത്മീയമായി സംസ്കരിച്ചെടുക്കാനുള്ള സവിശേഷമായ സിദ്ധിയുള്ള ഗുരുവായിരുന്നു കരിമ്പന ഉസ്താദ്. ആത്മീയ സദസ്സുകളിൽ അദ്ദേഹം നടത്തിയിരുന്ന പ്രഭാഷണങ്ങളും പ്രാർഥനകളും ജനങ്ങളുടെ ഉള്ളുണർത്താൻ പോന്നതായിരുന്നു. ഒരു ഗുരുവര്യരുടെ തികവോടെ വിശ്വാസികൾക്ക് ആശ്വാസം പകർന്ന ഒരു കാലഘട്ടത്തിനാണ് കരിമ്പന മുഹമ്മദ് മുസ്‌ലിയാരുടെ വേർപാടോടെ തിരശ്ശീല വീണിരിക്കുന്നത്.