നോമ്പോർമ
ആത്മീയമായി ആസ്വദിച്ച മലേഷ്യൻ നോമ്പ് കാലം
ജീവിതത്തിലെ വലിയ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു വിദേശത്ത് പഠിക്കുകയെന്നത്. പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്‌സിറ്റിയിലെ അനുഭവകഥകൾ കേട്ടുവളർന്നതാണതിന് പ്രചോദനം. മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിൽ പ്രവേശനം ലഭിച്ചതോടെ ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. നാല് റമസാനുകൾ മലേഷ്യയിലെ പഠനകാലയളവിൽ കടന്നുപോയിട്ടുണ്ട്. ഒരുപക്ഷേ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആത്മീയമായി ആസ്വദിച്ച നോമ്പ് കാലങ്ങളായിരുന്നു അതെന്ന് പറയാം.
മലേഷ്യയില്‍ മസ്ജിദുകളും വ്യാപാര സ്ഥാപനങ്ങളുമൊക്കെ വർണദീപങ്ങളാൽ അലങ്കരിച്ച് മനോഹരമാക്കി റമസാനിനെ വരവേൽക്കും. പരസ്പരമുള്ള ആത്മബന്ധം അവർ കൂടുതൽ സുദൃഢമാക്കും. “മാം ളാഹിർ ടാൺ ബാത്വിർ’ അഥവാ പരോക്ഷമായും പ്രത്യക്ഷമായും പരസ്പരം വിട്ടുവീഴ്ച ചെയ്യുക, പൊരുത്തപ്പെടുക എന്നർഥമുള്ള അഭിസംബോധനകൾ കൊണ്ട് അവർ നോമ്പ് കാലത്തും പെരുന്നാൾ ദിനത്തിലുമൊക്കെ പരസ്പര ആലിംഗനം ചെയ്യും. മനോഹരമായ ഖുർആൻ പാരായണങ്ങളാണ് അവിടുത്തെ മറ്റൊരു സവിശേഷത. തറാവീഹിനും മറ്റ് രാത്രി നിസ്‌കാരങ്ങളിലുമൊക്കെ മനസ്സിനെ ആത്മീയമായ നിർവൃതിയിലേക്ക് നയിക്കുന്ന ഖുർആൻ പാരായണം കൊണ്ട് മസ്ജിദുകൾ മുഖരിതമാകും. എന്നാൽ മലേഷ്യൻ സംസ്‌കാരത്തിൽനിന്ന് തീർത്തും ഭിന്നമായ ഒരു റമസാനാണ് യൂനിവേഴ്‌സിറ്റിക്കകത്ത്.
പേരിനെ അന്വർഥമാക്കുംവിധം സാംസ്‌കാരിക ബഹുത്വം നോമ്പിലും ഇഫ്ത്വാറിലുമൊക്കെ അനുഭവിക്കാൻ സാധിക്കുന്നിവിടെ. നോമ്പ് കാലത്തും ക്ലാസ്സുകളുണ്ടാകും. വൈകുന്നേരമായാൽ ക്യാന്പസുകളിലെ പള്ളികളിൽ വിദ്യാർഥികളും അധ്യാപകരും ഒരുമിച്ചിരുന്ന് നോമ്പ് തുറക്കും. പലപ്പോഴും വ്യത്യസ്ത രാജ്യങ്ങളിലെ വിദ്യാർഥി സുഹൃത്തുക്കളുടെ ക്ഷണമനുസരിച്ച് അവരുടെ താമസസ്ഥലങ്ങളിലെ ഇഫ്ത്വാറില്‍ പങ്കെടുക്കും.
സാധാരണ നോമ്പ് തുറക്കുമ്പോൾ നമ്മൾ കേരളീയർ ലഘുഭക്ഷണം കഴിക്കുകയാണ് പതിവ്. എന്നാൽ മലേഷ്യക്കാർ അവരുടെ പ്രധാന ഭക്ഷണമായ ചോറ് (white rise) തന്നെയാണ് ഇഫ്ത്വാർ സമയത്തും കഴിക്കുക. കോഴി, മീന്‍, മീറ്റ് കറികൾ അതിലേക്കുണ്ടാകും. ഒപ്പം പച്ചക്കറികളും. അതോടുകൂടി നോമ്പ് തുറ കഴിഞ്ഞു. പിന്നീട് ക്യാമ്പസ്സിനകത്ത് തറാവീഹ് നിസ്‌കാരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാഫിളീങ്ങളായ വിദ്യാർഥികള്‍ രണ്ടുപേര്‍ പത്ത് റക്അത്തിന് വീതം നേതൃത്വം നൽകും. ഫലസ്തീൻ സ്വദേശിയായ സുഹൃത്ത് സുഫ്‌യാന്റെ പാരായണമായിരുന്നു എനിക്കേറ്റവുമിഷ്ടം. നൈജീരിയയിലെ പ്രിയ സുഹൃത്ത് യൂസുഫിന്റെ പാരായണവും മറക്കാനാകാത്തതാണ്. പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ തുടങ്ങിയവര്‍ എല്ലാ തുറകളിലുമുള്ള ആളുകളെ നോമ്പ് തുറക്ക് ക്ഷണിക്കുകയും അവര്‍ക്കൊപ്പം ഇഫ്ത്വാറിൽ പങ്കെടുക്കുന്നതും കാണാൻ സാധിക്കും. ഇവ്വിധം സമത്വത്തിന്റെ ഇസ്‍ലാമിക ദർശനം റമസാനിൽ അവർ കൂടുതൽ പ്രയോഗത്തിൽ വരുത്തുന്നു.
വൈകുന്നേരങ്ങളിൽ അസർ നിസ്‌കാരശേഷം മലേഷ്യൻ തെരുവുകള്‍ സജീവമാകും. വിവിധതരം ലഘുവിഭവങ്ങൾ നോമ്പുകാലത്ത് മലേഷ്യൻ തെരുവുകളെ കൈയടക്കും. “ഖുയേ ഖുയേ’ എന്നാണ് ഇത്തരം സ്‌നാക്‌സുകൾക്ക് പറയുക.
വലിയ റെസ്റ്റോറന്റുകളിൽ കുടുംബസമേതം പോയി നോമ്പ് തുറക്കുന്നത് മലേഷ്യൻ സമൂഹത്തിന്റെ രീതികളിൽപ്പെടുന്നു. ഇങ്ങനെ കൂടുതൽ ചലനാത്മകമായ ഒരു റമസാന്‍ വിപണിയെയാണ് കാണാൻ സാധിക്കുക. ഒപ്പം ഭക്തി സാന്ദ്രമായ അവസാനത്തെ പത്തിൽ ആളുകൾ പള്ളികളിലേക്കൊഴുകുകയും ജനങ്ങള്‍ രാത്രി നിസ്‌കാരങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുകയും ചെയ്യുന്നു.
എന്നെ സംബന്ധിച്ച് കൂടുതൽ ആത്മീയമായ കാര്യങ്ങളിൽ മുഴുകാൻ മലേഷ്യൻ ജീവിതത്തിൽ കഴിഞ്ഞിട്ടുണ്ട്. സൃഷ്ടികളൊക്കെ ഒന്നാണെന്ന തലത്തിൽ വിശാലമായ ഒരു സൗഹൃദകൂട്ടായ്മ നൽകിയത് മലേഷ്യൻ ജീവിതമാണ്. അതുകൊണ്ടു തന്നെ മലേഷ്യൻ പഠനകാലത്തെ റമസാൻ മനസ്സില്‍ പൂത്തുലഞ്ഞുനിൽക്കുന്നു.
തയ്യാറാക്കിയത്
മുജീബ് പുള്ളിച്ചോല