Connect with us

Kerala

എന്‍ സി പി കേരള ഘടകത്തില്‍ പിളര്‍പ്പ്; പി സി ചാക്കോക്കൊപ്പം നിന്നവര്‍ പാര്‍ട്ടി വിട്ടു

ലയന സമ്മേളനം അടുത്ത മാസം ആലപ്പുഴയില്‍ നടക്കുമെന്ന് റെജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Published

|

Last Updated

ആലപ്പുഴ |കേരള എന്‍ സി പിയിലെ ഒരു വിഭാഗം യു ഡി എഫിനൊപ്പം നില്‍ക്കുന്ന കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപിലേക്ക് ചേക്കേറി. എന്‍ സി പി സംസ്ഥാന എക്സ്യിക്യൂട്ടീവ് അംഗം റെജി ചെറിയാന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി വിട്ടത്. ലയന സമ്മേളനം അടുത്ത മാസം ആലപ്പുഴയില്‍ നടക്കുമെന്ന് റെജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പി സി ചാക്കോക്കൊപ്പം നിന്നവരാണിവര്‍. റെജി ചെറിയാനൊപ്പം സംസ്ഥാന നേതാക്കളും ജില്ലാ ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളുമടക്കം പാര്‍ട്ടി വിട്ടു. കുട്ടനാട്ടില്‍ കഴിഞ്ഞ ദിവസം പി ജെ ജോസഫുമായി നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ധാരണയായതായും റെജി ചെറിയാന്‍ പറഞ്ഞു. എന്‍ സി പി കേരളത്തില്‍ പലരുടെയും സ്വന്തം പാര്‍ട്ടിയായി മാറി. പി സി ചാക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിയാക്കി. തോമസ് കെ തോമസ് അദ്ദേഹത്തിന്റെയും സഹോദരന്റെയും പാര്‍ട്ടിയാണിതെന്നും മറ്റാര്‍ക്കും അവകാശമില്ലെന്നും വാദം ഉന്നയിച്ചു. അതിനാല്‍ എന്‍ സി പിയില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമല്ലെന്നും യു ഡി എഫിനൊപ്പം നില്‍ക്കുന്ന പി ജെ ജോസഫ് വിഭാഗത്തിനൊപ്പം പോവുകയാണെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ റെജി ചെറിയാന്‍ പറഞ്ഞത്.

നിലവില്‍ യാതൊരു ഉപാധികളും വെച്ചിട്ടില്ലെന്നും കുട്ടനാട് അടക്കമുള്ള ഒരു നിയമസഭാ സീറ്റിലും അവകാശം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും കേരളാ കോണ്‍ഗ്രസ്സില്‍ ചേരുമെന്നും സംഘടന എന്താണെന്ന് അറിയുന്ന നേതാക്കള്‍ ഇപ്പോള്‍ എന്‍ സി പിയില്‍ ഇല്ലെന്നും റെജി ചെറിയാന്‍ പറഞ്ഞു.

 

Latest