Connect with us

Editorial

കായിക രംഗവും സ്ത്രീകളും

2010-2020 കാലയളവില്‍ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട 45 പരാതികള്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഇന്ത്യ(സായി)ക്ക് ലഭിച്ചു. 29 എണ്ണവും പരിശീലകര്‍ക്കെതിരെ ആയിരുന്നു. ഒരാളെ സസ്‌പെന്‍ഡ് ചെയ്തു. അഞ്ച് പേരുടെ ശമ്പളം വെട്ടിക്കുറച്ചു. രണ്ട് പേരുടെ കരാര്‍ അവസാനിപ്പിക്കുകയും ചെയ്തു. ബാക്കി ആരോപണ വിധേയരെല്ലാം സുരക്ഷിതരായി കഴിയുന്നു.

Published

|

Last Updated

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എടവണ്ണപ്പാറയില്‍ 17കാരിയെ ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടത് പെണ്‍കുട്ടിയുടെ കരാട്ടെ അധ്യാപകനാണ്. ഇയാളുടെ ലൈംഗിക പീഡനമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന നിഗമനത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍ എത്തിയത്. പോക്‌സോ വകുപ്പ് ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അയാള്‍ക്കെതിരെ പരാതികളുമായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍ രംഗത്തു വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. തന്റെ ശരീരത്തില്‍ കരാട്ടെ അധ്യാപകന്‍ സ്പര്‍ശിക്കാത്ത ഒരു സ്ഥലവുമില്ലെന്നാണ് ഒരു വിദ്യാര്‍ഥിനി വെളിപ്പെടുത്തിയത്.

കായിക മേഖലയില്‍ നിന്ന് ഉയരുന്ന ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട അനേക വാര്‍ത്തകളില്‍ ഒന്ന് മാത്രമാണിത്. ഗുസ്തി ഫെഡറേഷന്‍ മുന്‍ ദേശീയ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ, വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച പരാതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ചെന്നൈ ആസ്ഥാനമായ കായിക പരിശീലകന്‍ പി നാഗരാജന്‍ അത്‌ലറ്റുകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നിയമ നപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഏഴ് വനിതാ താരങ്ങളാണ് ഇയാള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ബി ജെ പി നേതാവ് സന്ദീപിന് ഹരിയാന കായിക മന്ത്രി പദവിയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത് ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്നാണ്. ഒരു വനിതാ കോച്ചാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സന്ദീപ് സിംഗ് തന്നോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടുവെന്നും ഒരു കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമാണ് വനിതാ കോച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ആന്ധ്രപ്രദേശ് ക്രിക്കറ്റ് അസ്സോസിയേഷന്‍ സെക്രട്ടറിയായിരുന്ന വി ചാമുണ്ടേശ്വരനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് പീഡനാരോപണത്തെ തുടര്‍ന്നായിരുന്നു.
ദേശീയ കായിക രംഗത്ത് തന്നെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇന്ത്യന്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ(സായി) ആലപ്പുഴ വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ആത്മഹത്യ. സ്ഥാപനത്തിലെ മികച്ച താരങ്ങളും അന്തേവാസികളുമായ നാല് പെണ്‍കുട്ടികളാണ് 2015ല്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്കു തുനിഞ്ഞത്. ദേശീയ താരമായ അപര്‍ണ മരണപ്പെടുകയും ചെയ്തു. പരിശീലകരില്‍ നിന്നും അന്തേവാസികളായ സീനിയര്‍ താരങ്ങളില്‍ നിന്നും നിരന്തരം ഏല്‍ക്കേണ്ടി വന്ന ലൈംഗിക പീഡനമാണ് ഇവരെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത്. കുട്ടികള്‍ക്കുള്ള ക്രിക്കറ്റ് പരിശീലനത്തിനിടെ തമിഴ്‌നാട് സ്വദേശിയായ 12 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ 2022 ജൂലൈയില്‍ കൊച്ചിയിലെ ഒരു ക്രിക്കറ്റ് പരിശീലകനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുക്കുകയും കായിക വകുപ്പിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

വനിതകള്‍ക്ക് കായിക രംഗത്ത് പ്രവര്‍ത്തിക്കുകയോ പരിശീലനം പൂര്‍ത്തിയാക്കി പുറത്ത് വരികയോ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയോ ചെയ്യണമെങ്കില്‍ അവരുടെ വിലപ്പെട്ടതെല്ലാം അടിയറ വെക്കണമെന്നതാണ് അവസ്ഥ. പുറത്തു വന്നതിനേക്കാള്‍ പതിന്മടങ്ങ് വരും കായിക മേഖലയിലെ പുറത്തറിയാത്ത ലൈംഗിക പീഡന കഥകള്‍. ഇടക്കാലത്ത് പരിശീലനം നിര്‍ത്തേണ്ട അവസ്ഥ ഒഴിവാക്കാനായി പീഡിതരില്‍ പലരും കാര്യങ്ങള്‍ പുറത്തു പറയുന്നില്ലെന്നു മാത്രം. “സ്‌പോര്‍ട്‌സില്‍ വിധേയത്വത്തിന്റെ ഒരു സംസ്‌കാരമുണ്ട്. അതിനാല്‍ അത്‌ലറ്റുകള്‍ പരിശീലകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് തുറന്നു പറയാനും അധികൃതരെ കാര്യങ്ങള്‍ അറിയിക്കാനും സന്നദ്ധമാകണമെന്നില്ല. പരമാവധി രംഗത്ത് പിടിച്ചു നില്‍ക്കാനാണ് ശ്രമിക്കുക’യെന്നാണ് ഗ്ലോബല്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ജന്‍ഡര്‍ ഇക്വാലിറ്റി ആന്‍ഡ് സ്‌പോര്‍ട്‌സ് സി ഇ ഒ പയോഷ്‌നി മിത്ര ഒരു മാധ്യമ അഭിമുഖത്തില്‍ പറഞ്ഞത്.

അഥവാ പരാതിപ്പെട്ടാല്‍ തന്നെ അതുകൊണ്ട് ഫലമുണ്ടാകണമെന്നുമില്ല. കായിക മേഖലയിലെ ദേശീയ, സംസ്ഥാന പരിശീലകര്‍ക്കൊക്കെ രാഷ്ട്രീയ ബന്ധങ്ങളുണ്ടാകും. ആ ബന്ധത്തിന്റെ പിന്‍ബലത്തിലായിരിക്കും അവര്‍ പരിശീലകരായി നിയമിക്കപ്പെടുന്നത് തന്നെ. ഈ സ്വാധീനത്തിന്റെ ബലത്തില്‍ അവര്‍ക്കെതിരായ പരാതികള്‍ ഒതുക്കപ്പെടുകയോ അന്വേഷണങ്ങള്‍ക്ക് ഒച്ചിന്റെ വേഗത കൈവരികയോ ചെയ്യും. വിവരാവകാശ നിയമ പ്രകാരം പുറത്തുവന്ന റിപോര്‍ട്ടനുസരിച്ച് 2010-2020 കാലയളവില്‍ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട 45 പരാതികള്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഇന്ത്യ(സായി)ക്ക് ലഭിച്ചു. 29 എണ്ണവും പരിശീലകര്‍ക്കെതിരെ ആയിരുന്നു. എന്നാല്‍ നടപടി കുറവായിരുന്നു. ഒരാളെ സസ്‌പെന്‍ഡ് ചെയ്തു. അഞ്ച് പേരുടെ ശമ്പളം വെട്ടിക്കുറച്ചു. രണ്ട് പേരുടെ കരാര്‍ അവസാനിപ്പിക്കുകയും ചെയ്തു. ബാക്കി ആരോപണ വിധേയരെല്ലാം സുരക്ഷിതരായി കഴിയുന്നു. ബ്രിജ് ഭൂഷന്റെ കാര്യത്തിലും അതാണല്ലോ സംഭവിച്ചത്. പരാതി സത്യസന്ധമായി അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിനു പകരം അദ്ദേഹത്തെ രക്ഷിക്കാനുള്ള ചരടുവലികളാണ് അധികാര കേന്ദ്രങ്ങള്‍ നടത്തിയത്. വനിതാ അത്‌ലറ്റുകള്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ സഹായിക്കാനും അവര്‍ക്ക് പരാതി ബോധിപ്പിക്കാനും സ്‌പോര്‍ട്‌സ് അതോറിറ്റി ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഒരു ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നു. അത് നടപ്പായതുമില്ല.
മറ്റു കരിയറുകളില്‍ നിന്ന് വ്യത്യസ്തമായി ലൈംഗിക അരാജകത്വത്തിനും അതിക്രമങ്ങള്‍ക്കും വഴിയൊരുക്കുന്ന അന്തരീക്ഷവും സംസ്‌കാരവുമാണ് കായിക മേഖലയില്‍ നിലനില്‍ക്കുന്നത്. പരിശീലകന് മനസ്സും ശരീരവും സമര്‍പ്പിച്ചെങ്കിലേ രംഗത്ത് തുടരാനാകുകയുള്ളൂ. മാന്യതയും ധാര്‍മിക ബോധവുമുള്ള സ്ത്രീകള്‍ക്ക് പൊരുത്തപ്പെട്ടു പോകാന്‍ പറ്റാത്ത മേഖലയായി മാറിയിരിക്കുകയാണ് കായികം.

Latest