Kerala
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു; ഒളിമ്പ്യന്‍ കെ എം ബിനുവും സി കെ വിനീതും കെ സി ലേഖയും സമിതിയില്‍
മേഴ്‌സിക്കുട്ടനും ഏഴ് അംഗങ്ങളും രാജിവെച്ച സാഹചര്യത്തിലാണ് പുതിയ കൗണ്‍സില്‍ രൂപവത്കരിച്ചത്
തിരുവനന്തപുരം | സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. യു ഷറഫലി അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പത്. ഒളിംപ്യന്‍ കെ എം ബിനു, ബോക്‌സിംഗ് മുന്‍ താരം കെ സി ലേഖ, ഫുട്‌ബോള്‍ താരം സി കെ വിനീത്, അത്‌ലറ്റിക് പരിശീലകന്‍ പി ഐ ബാബു, വി കെ സനോജ്, രഞ്ജു സുരേഷ്, യോഗ പരിശീലകന്‍ ഗോപന്‍ ജെ എസ് എന്നിവരാണ് പുതിയ കൗണ്‍സില്‍ അംഗങ്ങള്‍. ഇവരില്‍ ഒരാളെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കും.
കായികരംഗത്തെ പ്രമുഖര്‍ക്ക് മുഖ്യപരിഗണന നല്‍കിയാണ് സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതെന്ന് കായികമന്ത്രി വി അബ്ദുര്‍റഹ്മാന്‍ പ്രതികരിച്ചു. രാജിവെച്ച സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് പകരം ഏഴ് പേരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ മികച്ച കായികതാരങ്ങളും പരിശീലകരും ഉള്‍പ്പെടെയുള്ളവരെയാണ് അംഗങ്ങളായി നിശ്ചയിച്ചത്. കായികമേഖലയില്‍ നിന്നുള്ളവരെ തന്നെ ഈ സ്ഥാനങ്ങളില്‍ നിയോഗിക്കണമെന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായാണ് തീരുമാനമെന്നും പത്രക്കുറിപ്പില്‍ മന്ത്രി അറിയിച്ചു.
മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ രാജിവെച്ചതിന് പിന്നാലെ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മറ്റു ഏഴ് അംഗങ്ങളും രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കൗണ്‍സില്‍ രൂപവത്കരിച്ചത്.