From the print
സ്പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍സ് ഈ മാസം
dsya.kerala.gov.in എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
കൊച്ചി | സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് സ്‌കൂളുകളിലേക്കും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് സ്‌കൂളുകളിലേക്കും സ്പോര്‍ട്സ് അക്കാദമികളിലേക്കുമുള്ള സെലക്ഷന്‍ ട്രയല്‍സ് ഈ മാസം 18 മുതല്‍ നടക്കും. കായിക വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, തൃശൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കും സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള വിവിധ സ്‌കൂളുകള്‍, സ്പോര്‍ട്സ് അക്കാദമികളിലേക്കുമാണ് സെലക്ഷന്‍ ട്രയല്‍സ്. 6,7,8, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് നേരിട്ടാകും സെലക്്ഷന്‍. 9,10 ക്ലാസ്സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ ലാറ്ററല്‍ എന്‍ട്രിയിലൂടെയാണ് പ്രവേശനം.
അത്ലറ്റിക്സ്, ബാസ്‌കറ്റ് ബോള്‍, ബോക്സിംഗ്, ഹോക്കി, ജൂഡോ, വോളിബോള്‍, റെസ്‌ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സെലക്ഷന്‍ നടത്തും. ഫുട്ബോളിലും തായ്ക്കൊണ്ടോയിലും പെണ്‍കുട്ടികള്‍ക്ക് മാത്രമാകും അവസരം. ഫുട്ബോള്‍ ആണ്‍കുട്ടികളുടെ സെലക്ഷന്‍ പിന്നീട് നടത്തുമെന്നും കായിക വകുപ്പ് അറിയിച്ചു.
6,7 ക്ലാസ്സുകളിലേക്കുള്ള കുട്ടികളെ കായികക്ഷമതയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുക്കുക. 8, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് കായികക്ഷമതക്കൊപ്പം അതാത് കായിക ഇനത്തിലെ മികവിന്റെ അടിസ്ഥാനത്തില്‍ കൂടിയാകും അവസരം ലഭിക്കുക. സംസ്ഥാനതലത്തില്‍ മെഡല്‍ നേടിയവര്‍ക്കും തതുല്യ പ്രകടനം കാഴ്ചവെച്ചവര്‍ക്കും മാത്രമേ 9,10 ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി ട്രയല്‍സില്‍ പങ്കെടുക്കാനാകൂ.
ഈ മാസം 18ന് തലശ്ശേരി മുനിസിപല്‍ സ്റ്റേഡിയത്തില്‍ നിന്നാണ് സെലക്ഷന്‍ ട്രയല്‍സ് തുടങ്ങുന്നത്. 19ന് നീലേശ്വരം ഇ എം എസ് സ്റ്റേഡിയം. 21ന് കല്‍പ്പറ്റ എസ് കെ എം ജെ എച്ച് എസ് എസ് സ്റ്റേഡിയം. 22ന് തേഞ്ഞിപ്പലത്തുള്ള കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയം. 23ന് പാലക്കാട് മുനിസിപ്പല്‍ സ്റ്റേഡിയം. 24ന് ജി വി എച്ച് എസ് എസ് കുന്നംകുളം. 25ന് ആലുവ യു സി കോളജ് ഗ്രൗണ്ട്, 28ന് ആലപ്പുഴയിലെ കലവൂര്‍ ഗോപിനാഥ് സ്റ്റേഡിയം. 30ന് ഇടുക്കി നെടുങ്കണ്ടത്തെ മുനിസിപല്‍ സ്റ്റേഡിയം. 31ന് പാലാ മുനിസിപല്‍ സ്റ്റേഡിയം. ഫെബ്രുവരി ഒന്നിന് പത്തനംതിട്ടയിലെ കൊടുമണ്‍ സ്റ്റേഡിയം. രണ്ടിന് ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം എന്നിവിടങ്ങളിലും സെലക്ഷന്‍ ട്രയല്‍സ് നടക്കും. തിരുവനന്തപുരത്തെ മൈലത്തുള്ള ജി വി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ അടുത്ത മാസം മൂന്നിനാണ് അവസാന സെലക്ഷന്‍ ട്രയല്‍സ്.
വിദ്യാര്‍ഥികള്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് സെലക്ഷന്‍ നടക്കുന്ന ഏത് സ്റ്റേഡിയത്തില്‍ വേണമെങ്കിലും എത്താമെന്ന് കായിക വകുപ്പ് അറിയിച്ചു. dsya.kerala.gov.in എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.