From the print
കായിക കൗമാരം കൊച്ചിയിൽ; ഇന്ന് കൊടിയേറ്റം
നാളെ അത്‌ലറ്റിക്സ് (ഇൻക്ലൂസീവ്), ബാഡ്മിന്റൺ, ഫുട്‌ബോൾ, ത്രോബോൾ തുടങ്ങി 20 ഓളം ഇനങ്ങളിൽ മത്സരങ്ങൾ തുടങ്ങും

കൊച്ചി | ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന ആദ്യ കൗമാര കായിക മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം. കിരീട ലക്ഷ്യവുമായി 15 ടീമുകളുടെ ആരവങ്ങൾ കളം നിറയാനൊരുങ്ങുമ്പോൾ കായിക പ്രതിഭകളെ ആവേശത്തോടെ വരവേൽക്കാനൊരുങ്ങുകയാണ് മെട്രോ നഗരി. വൈവിധ്യങ്ങൾ നിറയുന്ന 490 മത്സര ഇനങ്ങളും റെക്കോർഡ് പ്രകടനം മനസ്സിൽ ലക്ഷ്യമിടുന്ന 24,000 കായിക താരങ്ങളും അണിനിരക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളക്ക് ഇന്ന് ഔപചാരികമായി തുടക്കം കുറിക്കുമ്പോൾ കൊച്ചി മഹാനഗരം ഇനി എട്ട് നാൾ കായിക കൗമാരത്തിന്റെ തലസ്ഥാനമാകും.
11 വർഷങ്ങൾക്ക് ശേഷം വിരുന്നെത്തുന്ന മഹാമേളക്കായി കൊച്ചിയുടെ കളിത്തട്ടുകൾ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. വൈകിട്ട് നാലിനാണ് കായികമേളയുടെ ബ്രാൻഡ് അംബാസിഡർ ഒളിമ്പ്യൻ പി ആർ ശ്രീജേഷും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചേർന്ന് ദീപശിഖ തെളിക്കുക. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് മൂന്ന് മണിക്കൂർ നീളുന്ന ഉദ്ഘാടന ചടങ്ങുകൾ. നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി. 3,500 വിദ്യാർഥികൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റിന് പിന്നാലെ, നാലായിരത്തോളം കുട്ടികളുടെ കലാപരിപാടികൾ. കൊച്ചിയെ പ്രതിനിധാനം ചെയ്ത് ക്വീനും ഫ്ലവർ ഗേൾസും മാർച്ച് ചെയ്യും. 100 മുത്തുക്കുടകൾ അകമ്പടി സേവിക്കും. തുടർന്ന് ആയിരം പേരുടെ മാസ്ഡ്രില്ലും സൂംബ ഡാൻസും. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടുള്ള കലാപരിപാടികൾക്ക് പിന്നാലെ കരിമരുന്ന് പ്രയോഗത്തോടെ ചടങ്ങുകൾ പൂർണമാകും. ഉദ്ഘാടന ദിനം മത്സരങ്ങളില്ല.
നാളെ അത്‌ലറ്റിക്സ് (ഇൻക്ലൂസീവ്), ബാഡ്മിന്റൺ, ഫുട്‌ബോൾ, ത്രോബോൾ തുടങ്ങി 20 ഓളം ഇനങ്ങളിൽ മത്സരങ്ങൾ തുടങ്ങും. ജനറൽ വിഭാഗം അത്‌ലറ്റിക്സ് മത്സരങ്ങൾ ഏഴിനാണ് ആരംഭിക്കുന്നത്. 17 വേദികളിലായാണ് മത്സരങ്ങൾ. മഹാരാജാസ് കോളജ് ഗ്രൗണ്ടാണ് പ്രധാന വേദി. 11നാണ് മേളയുടെ സമാപനം.