Connect with us

Articles

പടരുന്ന അധിനിവേശം; മാറ്റിവരയുന്ന ഭൂപടങ്ങള്‍

തങ്ങള്‍ അധിനിവേശം നടത്തിയ ഫലസ്തീന്‍, ജോര്‍ദാന്‍, ലബനാന്‍, സിറിയ എന്നീ രാഷ്ട്രങ്ങളുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സയണിസത്തിന്റെ ഗ്രേറ്റര്‍ ഇസ്റാഈല്‍ (വിശാലമായ ഇസ്റാഈല്‍) എന്ന ആശയത്തെ അന്വര്‍ഥമാക്കുന്ന പുതിയൊരു ഭൂപടം ഇസ്റാഈല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ്-ഇന്‍സ്റ്റഗ്രാം അറബിക് പേജുകളില്‍ പങ്കുവെച്ചിരിക്കുന്നു. തൊട്ടുപിന്നാലെ അറബ് രാഷ്ട്രങ്ങളെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

Published

|

Last Updated

ഫലസ്തീനിലെ ഇസ്റാഈല്‍ വംശഹത്യ ആരംഭിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ മിഡില്‍ ഈസ്റ്റിനെ ചുറ്റിപ്പറ്റി പുതിയ പല സംഭവവികാസങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇസ്റാഈല്‍ അധിനിവേശം മാറ്റമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിനിടയില്‍ സിറിയയില്‍ നടന്ന ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ പുര കത്തുമ്പോള്‍ വാഴവെട്ടി ഇസ്റാഈല്‍ മുതലെടുപ്പ് നടത്തുന്നു. പെട്രോളിയം വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായ മണ്ണായതുകൊണ്ടും തന്ത്രപ്രധാനമായ കടല്‍ വ്യാപാരങ്ങള്‍ക്ക് സാധ്യതയേറെയുള്ള ദേശമായതുകൊണ്ടും അമേരിക്കയെപ്പോല തന്നെ ഇസ്റാഈലും റഷ്യയും തുര്‍ക്കിയയും ഒരുപോലെ കണ്ണും നട്ടിരിക്കുന്ന പ്രദേശങ്ങളാണ് സിറിയയും ലബനാനും ഇറാഖും ഇറാനുമെല്ലാം. യു എസിനെ സംബന്ധിച്ചിടത്തോളം പൊളിറ്റിക്സാണെങ്കില്‍ ഇസ്റാഈലിനത് പൊളിറ്റിക്സിനുമപ്പുറം മതപരമായ എക്‌സ്ട്രീമിസം കൂടിയാണ്.

ഇസ്റാഈലിന്റെ പുതിയ ഭൂപടം
തങ്ങള്‍ അധിനിവേശം നടത്തിയ ഫലസ്തീന്‍, ജോര്‍ദാന്‍, ലബനാന്‍, സിറിയ എന്നീ രാഷ്ട്രങ്ങളുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സയണിസത്തിന്റെ ഗ്രേറ്റര്‍ ഇസ്റാഈല്‍ (വിശാലമായ ഇസ്റാഈല്‍) എന്ന ആശയത്തെ അന്വര്‍ഥമാക്കുന്ന പുതിയൊരു ഭൂപടം ഇസ്റാഈല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ്-ഇന്‍സ്റ്റഗ്രാം അറബിക് പേജുകളില്‍ പങ്കുവെച്ചിരിക്കുന്നു. തൊട്ടുപിന്നാലെ അറബ് രാഷ്ട്രങ്ങളെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇതര രാഷ്ട്രങ്ങളുടെ പരമാധികാരങ്ങള്‍ക്ക് നേരെയുള്ള വ്യക്തമായ കടന്നുകയറ്റമായതുകൊണ്ട് തന്നെ ഒരിക്കലും ഇസ്റാഈലിന്റെ അഭിലാഷങ്ങള്‍ സാധ്യമാകുകയില്ലെന്ന് യു എ ഇ, ഖത്വര്‍ പോലുള്ള അറബ് രാഷ്ട്രങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളും മറ്റു അറബ് രാഷ്ട്രങ്ങളുമൊക്കെ ഗ്രേറ്റര്‍ ഇസ്റാഈലിന്റെ പരിധിയിലുണ്ടെന്നതാണ് ശക്തമായ പ്രതിഷേധങ്ങളുണ്ടാകാന്‍ കാരണം.

ഇസ്റാഈല്‍ എക്‌സില്‍ കുറിച്ച പോസ്റ്റ് ഇങ്ങനെ വായിക്കാം; ‘മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്റാഈല്‍ രാഷ്ട്രം നിലനിന്നിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? 40 വര്‍ഷം ഭരണം നടത്തിയത് ശാഊല്‍ രാജാവായിരുന്നു (ബി സി 1050-1010). അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ദാവൂദ് രാജാവ് ഏകദേശം 40 വര്‍ഷവും (ബി സി 1010-970) അദ്ദേഹത്തിന് ശേഷം 40 വര്‍ഷം (ബി സി 970-931) സോളമന്‍ രാജാവും ഇസ്റാഈല്‍ രാജ്യത്തിന്റെ ഭരണം നടത്തി. മൂന്ന് രാജാക്കന്മാരുടെ ഭരണവും 120 വര്‍ഷം നീണ്ടു നിന്നു. ഇസ്റാഈല്‍ ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടമായിരുന്നു ഇത്. ഈ വര്‍ഷങ്ങളില്‍ യഹൂദരുടെ ജീവിതത്തില്‍ സാംസ്‌കാരികവും മതപരവും സാമ്പത്തികവുമായ പുരോഗതികളുണ്ടായി.

സോളമന്‍ രാജാവിന്റെ മരണശേഷം, ബി സി 931ല്‍ ഗോത്രങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച കനത്ത നികുതി ഭാരങ്ങളും കേന്ദ്ര നയങ്ങളും കാരണമായുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ രാഷ്ട്രം വിവിധ ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. വടക്ക് ഇസ്റാഈലും തെക്ക് യഹൂദ രാജ്യവും. ഈ വിഭജനങ്ങളും ഭരണകൂട അട്ടിമറികളും ഇസ്റാഈല്‍ ജനതയെ ചരിത്രത്തിലുടനീളം രാഷ്ട്രീയ സംഘട്ടനങ്ങളിലേക്ക് നയിച്ചു. അതിന്റെ അനുരണനങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും പ്രവാസികളായ യഹൂദ ജനത തങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റിലെ ഏക ജനാധിപത്യ രാഷ്ട്രമുണ്ടാകുകയെന്ന ലക്ഷ്യത്തിന് വേണ്ടി തങ്ങളുടെ കഴിവും ശക്തിയും സംഭരിച്ചുകൊണ്ട് 1984ല്‍ ഇസ്റാഈല്‍ രാഷ്ട്രം പ്രഖ്യാപിക്കുന്നത് വരെ കാത്തിരുന്നു.’ (ഇസ്റാഈല്‍ ബില്‍ അറബിയ്യഃ- എക്സ് പോസ്റ്റ്, ആശയ വിവര്‍ത്തനം)
അറബ് രാഷ്ട്രങ്ങളുടെ പ്രതികരണം

ഫലസ്തീന്‍, അറബ് പ്രദേശങ്ങള്‍ കൈവശപ്പെടുത്തുകയെന്ന ഇസ്റാഈലിന്റെ വിപുലീകരണാഭിലാഷം തടയാനുള്ള നീക്കങ്ങളുണ്ടാകണമെന്നും ഇസ്റാഈലിന്റെ ദുരുദ്ദേശ്യം അനുവദിച്ചു കൊടുക്കില്ലെന്നും ഇതിനകം തന്നെ അറബ് രാഷ്ട്രങ്ങള്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഫലസ്തീന്‍ ഭരണകൂടവും ഹമാസും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയെന്ന പരിഹാരത്തില്‍ നിന്ന് ആഗോള ജനതയെ തടയാന്‍ ഇസ്റാഈല്‍ വലതുപക്ഷക്കാര്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പമെന്നാണ് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇസ്റാഈലിന്റെ ഈ പ്രവൃത്തി അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ഈ നടപടി മേഖലയിലെ സമാധാനം തകര്‍ക്കുമെന്നും ഖത്വര്‍ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിട്ടുണ്ട്. അധിനിവേശം വ്യാപിപ്പിക്കാനും പ്രകോപനങ്ങളുണ്ടാക്കാനുമുള്ള എല്ലാ ശ്രമങ്ങളും ചെറുക്കുമെന്ന് യു എ ഇയും പ്രസ്താവിച്ചിട്ടുണ്ട്.

ഗ്രേറ്റര്‍ ഇസ്റാഈല്‍ എന്ന ലക്ഷ്യം
ഫലസ്തീന്‍ പ്രദേശങ്ങളുള്‍ക്കൊള്ളുന്ന ഇസ്റാഈല്‍ എന്ന അര്‍ഥത്തിലാണ് നിലവില്‍ ഈ പ്രയോഗമെങ്കിലും സയണിസ്റ്റുകള്‍ ഇഷ്ടപ്പെടുന്ന വിശാലാര്‍ഥത്തില്‍ സീനായ് പെനിന്‍സുല, ഗോലാന്‍ കുന്നുകള്‍ അടക്കം സിറിയ, ജോര്‍ദാന്‍, ഈജിപ്ത്, ലെബനാന്‍, സഊദി അറേബ്യയുടെ ഭാഗങ്ങള്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്നതാണ് ഗ്രേറ്റര്‍ ഇസ്റാഈല്‍.

ഒന്നാം ലോക മഹായുദ്ധത്തോടെ ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നപ്പോള്‍ മുസ്ലിം ലോകത്തിന് അത്താണി നഷ്ടപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ പെട്രോളിയത്തില്‍ കണ്ണ് നട്ട ബ്രിട്ടനും യു എസും ഫ്രാന്‍സുമൊക്കെ തങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ പറ്റിയ ചാവേര്‍ എന്ന നിലക്കാണ് ഇസ്റാഈലിനെ ഈ പ്രദേശത്ത് കുടിയിരുത്തുന്നത്. അതിനായി അവര്‍ മുന്നോട്ടു വെച്ചത് ഇസ്റാഈലിനായി മാത്രമുള്ളതാണ് വാഗ്ദത്ത ഭൂമി എന്ന ആശയവും. അങ്ങനെയാണ് 1917ലെ ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴില്‍ ബാല്‍ഫര്‍ ഡിക്ലറേഷന്‍ നടക്കുന്നതും ഫലസ്തീന്‍ ഭൂമി ജൂതന്മാര്‍ കൈയടക്കുന്നതും.

ഇന്ന് ഫലസ്തീന്‍ എന്ന രാജ്യം തന്നെ ലോക ഭൂപടത്തില്‍ കാണാനില്ല. ഓരോ ഭാഗങ്ങള്‍ കൈയേറുമ്പോഴും അതിന്റെ പേര് മാറ്റി ഇസ്റാഈല്‍ എന്നാക്കാനാണ് അവരുടെ പദ്ധതി. പുതിയ ഭൂപടത്തിന്റെ ചിത്രം അത് ബോധ്യപ്പെടുത്തിത്തരുന്നുമുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ 1948ല്‍ ബ്രിട്ടീഷ് മാന്‍ഡേറ്റിന് കീഴിലുള്ള ഫലസ്തീനിനെ അറബ്-ജൂത ഭാഗങ്ങളാക്കി രണ്ടായി മുറിച്ചു. 1967ലെ ആറുദിന യുദ്ധത്തോടെ വെസ്റ്റ്ബേങ്കും ഗസ്സാ മുനമ്പും ജോര്‍ദാനില്‍ നിന്നും ഈജിപ്തില്‍ നിന്നും ചില ഭാഗങ്ങളും പിടിച്ചെടുത്ത് ഇസ്റാഈലിനെ ഒന്നുകൂടി വിപുലപ്പെടുത്തി. അങ്ങനെ നേരത്തേ നടന്ന വിഭജനത്തിലൂടെ തങ്ങള്‍ക്ക് ‘നഷ്ടമായ’ ബാക്കി ഫലസ്തീന്‍ ഭൂമി കൂടി ഇസ്റാഈലിന് തിരിച്ചു കിട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജൂത സമൂഹം അങ്ങോട്ടൊഴുകി.

ലക്ഷ്യത്തിനായി യത്നിക്കുന്നവര്‍
ഇസ്റാഈലിനെ വികസിപ്പിച്ച് ഗ്രേറ്റര്‍ ഇസ്റാഈലാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ദ മൂവ്‌മെന്റ് ഫോര്‍ ഗ്രേറ്റര്‍ ഇസ്റാഈല്‍ എന്ന ഒരു പൊളിറ്റിക്കല്‍ സംഘടന അക്കാലത്ത് നിലവിലുണ്ടായിരുന്നു. 1960-70 കാലയളവിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. ആറുദിന യുദ്ധത്തില്‍ ഗസ്സ മുനമ്പും സീനായ് പെനിന്‍സുലയും വെസ്റ്റ് ബേങ്കും ഗോലാന്‍ കുന്നുകളുമടക്കമുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കിയതിന് തൊട്ടു പിന്നാലെ 1967 ജൂലൈയിലായിരുന്നു ഈ സംഘടനയുടെ രൂപവത്കരണം. പിടിച്ചെടുത്ത പ്രദേശങ്ങള്‍ സംരക്ഷിക്കാനും ഭാവിയില്‍ കൂടുതല്‍ വിസ്തൃതമാക്കി അധിനിവേശം നടത്താനും ഇസ്റാഈല്‍ സര്‍ക്കാറിന് പ്രസ്തുത സംഘടന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

2023 മാര്‍ച്ചില്‍ ഇസ്റാഈലിലെ തീവ്ര വലതുപക്ഷ നാഷനല്‍ റിലീജ്യസ് പാര്‍ട്ടിയായ റിലീജ്യസ് സയണിസത്തിന്റെ നേതാവും ഇസ്റാഈല്‍ ധന മന്ത്രിയുമായ ബെസാലെല്‍ സ്മോട്രിച്ച് അധിനിവേശ ജോര്‍ദാന്‍ പ്രദേശങ്ങളുള്‍ക്കൊള്ളുന്ന ഗ്രേറ്റര്‍ ഇസ്റാഈലിന്റെ ഭൂപടം ഉയര്‍ത്തിപ്പിടിച്ച് പാരീസില്‍ സംസാരിച്ചത് അറബ് ലോകത്തും മറ്റും വലിയ ചര്‍ച്ചകളുണ്ടാക്കിയിരുന്നു. ഈ പ്രസംഗം ജോര്‍ദാനുമായുള്ള ഇസ്റാഈലിന്റെ പിരിമുറുക്കത്തിന് ആക്കം കൂട്ടി. ആഗോളതലത്തില്‍ വലിയ വിവാദങ്ങളുണ്ടായപ്പോള്‍, തങ്ങള്‍ 1994ലെ ജോര്‍ദാനുമായുള്ള സമാധാനക്കരാര്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ജോര്‍ദാന്റെ പരമാധികാരത്തെ മാനിക്കുന്നുവെന്നും ഇസ്റാഈല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും പുതിയ ഭൂപടവുമായി ഇസ്റാഈല്‍ രംഗത്ത് വന്നിരിക്കുന്നു.

ആഗോളതലത്തില്‍ എന്തൊക്കെ വിമര്‍ശനങ്ങളുണ്ടായാലും ഇസ്റാഈല്‍ പാറപോലെ ഉറച്ച് നില്‍ക്കുകയും യു എസ് കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുന്ന പല്ലവി ഇനിയും ആവര്‍ത്തിക്കും. തങ്ങളുടെ സാമ്രാജ്യം വിശാലമാക്കാന്‍ ലോക പോലീസിന്റെ സഹായത്തോടെ നെതന്യാഹുവും അദ്ദേഹത്തെ നയിക്കുന്ന സയണിസവും തക്കം കിട്ടിയാല്‍ ഇനിയും കുതന്ത്രങ്ങള്‍ മെനയും. സിറിയക്കാരും ഫലസ്തീനികളുമടങ്ങുന്ന ഒരു കൂട്ടം അഭയാര്‍ഥികള്‍ അപ്പോഴും ആശ്രയമില്ലാതെ അലയും. യു എന്നും ആഗോള ജനതയും മറ്റു മനുഷ്യാവകാശ സംഘടനകളും നോക്കുകുത്തികളായി നില്‍ക്കും!

 

Latest