Prathivaram
മുൾവേലിയിൽ വസന്തം വിരിയുന്നു
പ്രതാപ കാലത്തേക്കുള്ള തിരിച്ചു വരവിലാണ് ഇറാഖീ റെയിൽവേ. നവീകരിച്ച ബഗ്ദാദ് റെയിൽവേ സ്റ്റേഷൻ അതിന് തെളിവാണ്. തന്ത്രപ്രധാന ഭാഗങ്ങളാണ് അതിനോട് ചേർന്നുള്ളത്.
ഞങ്ങൾ ഹോട്ടലിൽ നിന്നിറങ്ങി ബസിൽ കയറി. സമീപത്തുള്ള ഡിവൈഡറിൽ ചെന്ന് യൂടേണെടുത്ത് ബസ് അതിന്റെ പ്രയാണം ആരംഭിച്ചു. ഇനി ഏഴ് നാൾ ഇറാഖിന്റെ വിരിമാറിലൂടെ അറിവും ആത്മീയതയും തേടിയുള്ള തീർഥയാത്രയാണ്. നല്ല ബ്ലോക്കുണ്ട്. നിരങ്ങി നിരങ്ങിയാണ് ബസ് മുന്നോട്ടു നീങ്ങുന്നത്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ.സി)യുടെ സ്മാരകമായ ഹള്‌റതുൽ ഖാദിരിയ്യയാണ് ലക്ഷ്യം. പത്ത് കിലോമീറ്ററാണ് ദൂരം. പക്ഷേ, അവിടെയെത്താൻ ഒരു മണിക്കൂറിലധികം സമയമെടുക്കും.
ബസിന്റെ വേഗക്കുറവ് ഞങ്ങൾക്ക് അനുഗ്രഹമായെന്ന് പറയാം. ബഗ്ദാദ് നഗരത്തെ അടുത്തറിയാൻ അതൊരു അവസരമായി. ചുറ്റിലുമുള്ള വാഹനങ്ങൾ പലതും പഴക്കമുള്ളതാണ്. വൃത്തി കുറഞ്ഞതും. കഴുകിയിട്ട് മാസങ്ങളായത് പോലെ. ജനങ്ങൾക്കിടയിൽ പുകവലി വ്യാപകമാണ്. അൽപ്പം ചൂടു കിട്ടുന്ന എന്തും അവർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. തണുപ്പിന് അതൽപ്പം ശമനം നൽകും. പുറത്തിറങ്ങി ഒന്ന് ഊതിയാൽ തന്നെ വായയിൽ നിന്ന് പുകച്ചുരുളുകൾ പോലെ മഞ്ഞുകണങ്ങൾ വരുന്ന കാഴ്ച രസകരമായ അനുഭവമാണ്.
വെയിലിന് ശക്തി കൂടി വരുന്നുണ്ട്. അതോടെ തണുപ്പ് പമ്പ കടന്നു. നിരത്തുവക്കിലെ കാഴ്ചകൾ മാറിത്തുടങ്ങിയിരിക്കുന്നു. ബഗ്ദാദ് റെയിൽവേ സ്റ്റേഷനാണ് മുന്നിൽ. ഐ ആർ ആർ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇറാഖി റിപബ്ലിക് റെയിൽവെയ്‌സ് കമ്പനിക്കാണ് രാജ്യത്തെ ട്രയിൻ ഗതാഗതത്തിന്റെ ചുമതല. യുദ്ധ വേളയിൽ ബോംബുകളും മിസൈലുകളും പതിച്ച് അമ്പേ തകർന്നടിഞ്ഞിരുന്നു രാജ്യത്തെ റെയിൽവേ സംവിധാനം. തുരുമ്പെടുത്ത പാളങ്ങളിൽ, ഇടിവെട്ടേറ്റ പോലെ കരിഞ്ഞു കിടക്കുന്ന ട്രയിൻ ബോഗികൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന കാഴ്ചകൾ നൊമ്പരമായി ഇപ്പോഴും തുടരുന്നു.
എന്നാൽ, പ്രതാപ കാലത്തേക്കുള്ള തിരിച്ചു വരവിലാണ് ഇറാഖീ റെയിൽവേ. നവീകരിച്ച ബഗ്ദാദ് റെയിൽവേ സ്റ്റേഷൻ അതിന് തെളിവാണ്. തന്ത്രപ്രധാന ഭാഗങ്ങളാണ് അതിനോട് ചേർന്നുള്ളത്. വിവിധ മന്ത്രാലയങ്ങളും ആസ്ഥാനങ്ങൾ, കോടതി കാര്യാലയങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എല്ലാം ഊഴത്തിനനുസരിച്ച് കടന്നുവന്നു. എല്ലായിടത്തും രാഷ്ട്രീയ മത നേതാക്കൾ, രക്തസാക്ഷികൾ തുടങ്ങിയവരുടെ ഛായാ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്.
ദൃശ്യങ്ങൾ പോലെ വൈവിധ്യമാർന്നതാണ് ഇറാഖിന്റെ ചരിത്ര പാരമ്പര്യവും. ഉയർച്ച താഴ്ചകൾ എന്നും ഈ നാടിന്റെ കൂടെപ്പിറപ്പാണ്. തകർന്നും അതിജീവിച്ചും തന്നെയാണ് ഇറാഖ് എക്കാലത്തും അതിന്റെ ചരിത്രം അടയാളപ്പെടുത്തിയത്. നഹാവന്ദ്, കർബല പോരാട്ടങ്ങളും അബ്ബാസി സൽജൂഖീ ഭരണങ്ങളും താർത്താരീ പടിഞ്ഞാറൻ അധിനിവേശങ്ങളും അതിൽ തെളിഞ്ഞു കിടപ്പുണ്ട്. ആയിരത്തൊന്നു രാവുകളുടെ കഥ പറയുന്ന നാടിന്റെ കഥയും ആ ഉദ്വേഗങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് എന്ന് ചുരുക്കം.
തിരുനബി(സ്വ)യുടെ കാലത്ത് ഇവിടം ഭരിച്ചിരുന്നത് കിസ്‌റാ ചക്രവർത്തിയായിരുന്നു. അഹങ്കാരത്തിന്റെ ആൾരൂപമായിരുന്നു അയാൾ. സത്യദീനിന്റെ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി നബി(സ്വ) കിസ്‌റക്ക് കത്തെഴുതിയിരുന്നു. അബ്ദുല്ലാഹിബ്‌നു ഹുദാഫ(റ) ആയിരുന്നു ദൂതൻ. കത്ത് വായിച്ചതും രാജാവ് കോപാന്ധനായി. “എന്റെ പേരിന് മുമ്പ് മറ്റൊരാൾ തന്റെ പേരെഴുതുകയോ?’. കിസ്‌റ തിരുലിഖിതം പിച്ചിച്ചീന്തി. തുടർന്ന് യമൻ ഗവർണർ ബാദാന് ഇങ്ങനെ എഴുതി. “മുഹമ്മദിനെ പിടിച്ച് ഇങ്ങോട്ട് കൊണ്ടു വരണം’. വാർത്തയറിഞ്ഞ ശത്രുക്കൾ ഹർഷപുളകിതരായി. കരുത്തനാണ് കിസ്‌റ. പക്ഷേ, നടന്നത് മറ്റൊന്നാണ്. മദീനയിലെത്തിയ ബാദാന്റെ ദൗത്യസംഘത്തെ തിരുനബി(സ്വ) ഒരദൃശ്യ സംഭവം പറഞ്ഞ് മടക്കിയയച്ചു. “നിങ്ങളുടെ ചക്രവർത്തി സ്വന്തം പുത്രന്റെ കരങ്ങളാൽ കൊല്ലപ്പെട്ടിരിക്കുന്നു. നിശ്ചയം, എന്റെ അധികാരം കിസ്‌റയുടെ ഭരണ പരിധിക്കപ്പുറവും എത്തിച്ചേരും’. തുടർന്ന് ബാദാനെ ഇസ്്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ദൗത്യ സംഘം തിരിച്ചെത്തുന്നത് വരെചക്രവർത്തി കൊല്ലപ്പെട്ട വിവരം ബാദാൻ അറിഞ്ഞിരുന്നില്ല. അന്ത്യദൂതരുടെ വാക്കുകൾ കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു. ഇതൊരു പ്രവാചക വചനമാണ്. അതുകൊണ്ട് വസ്തുത അറിയാൻ നമുക്ക് കാത്തിരിക്കാം. അധിക നാൾ കഴിഞ്ഞില്ല. കിസ്‌റയെ കൊന്ന് മകൻ ഷിയറവൈഹി അധികാരമേറ്റെടുത്ത വാർത്തയുമായി സന്ദേശ വാഹകർ എത്തിച്ചേർന്നു. അതോടെ തിരുനബി (സ്വ)യിൽ പൂർണ വിശ്വാസം വന്ന ഗവർണർ സത്യസാക്ഷ്യം ചൊല്ലി മുസ്്ലിമായി.