Connect with us

aathmeeyam

വാർധക്യത്തിലെ വസന്തം

വയോജനങ്ങൾക്കും പ്രായമായവർക്കും അർഹമായ പരിഗണനയും അംഗീകാരവും ലഭിക്കണം. അവരോടുള്ള സമീപനവും പെരുമാറ്റവും പക്വപരമായിരിക്കണം. ബഹുമാനവും ആദരവും നൽകി സംഭാഷണവും ആശയവിനിമയവും ആരോഗ്യകരവും സമ്പന്നവുമാവണം. അങ്ങനെ ഓരോ പ്രഭാതത്തേയും സന്തോഷത്തോടെ വരവേൽക്കാനും ഓരോ ദിവസവും അടുത്ത ദിവസത്തേക്കുള്ള ഒരുക്കമാക്കാനും സാധിക്കണം.

Published

|

Last Updated

ബാല്യം, കൗമാരം, യൗവനം എന്നീ പ്രധാന മൂന്ന് ഘട്ടങ്ങൾക്ക് ശേഷമുള്ള ജീവിതത്തിന്റെ സായന്തനമാണ് വാര്‍ധക്യകാലം. മനുഷ്യന് മാത്രമല്ല, പ്രപഞ്ചത്തിലെ സകല ജീവജാലങ്ങള്‍ക്കും ഈ ഘട്ടമുണ്ട്. പ്രകൃതിയുടെ അനിവാര്യത കൂടിയാണത്. അതുകൊണ്ടുതന്നെ വാർധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെക്കാനോ ആർക്കും സാധ്യമല്ല. വാർധക്യം അവശതയുടെ കാലം കൂടിയാണ്. ആരോഗ്യ ദൃഢതയുള്ള ശരീരത്തിനും മനസ്സിനും തളർച്ച ബാധിക്കുകയും ശരീരഘടനയും അവയവങ്ങളുടെ ധർമങ്ങളും ക്ഷയിക്കുകയും കോശങ്ങളും പേശികളും ജീർണിക്കുകയും ആന്തരികാവയവങ്ങളായ ഹൃദയം, വൃക്കകള്‍, കരള്‍, ശ്വാസകോശം തുടങ്ങിയവയുടെ പ്രവര്‍ത്തനക്ഷമത കുറയുകയും ചെയ്യുന്നു. കൂടാതെ രോഗപ്രതിരോധ ശക്തി ഇല്ലാതാവുകയും രോഗങ്ങള്‍ക്ക് അടിപ്പെടാനുള്ള സാധ്യത കൂടിവരികയും അസ്ഥികള്‍ക്കും പേശികള്‍ക്കും തേയ്മാനങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഇത്തരം ശാരീരിക മാനസിക വൈകാരിക മാറ്റങ്ങളുടെ പരിണിത ഫലമാണ് വാര്‍ധക്യമെന്നത്.

ലോക ജനസംഖ്യയിൽ വൃദ്ധന്മാരുടെ എണ്ണം കൂടുകയും യുവാക്കൾ കുറയുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ വൃദ്ധന്മാർ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. കേരളീയരിൽ എട്ടിലൊരാൾ അറുപത് പിന്നിട്ടവരാണ്. വാർധക്യത്തെ സന്തോഷത്തോടെ സ്വീകരിക്കാനും വയോജനകാലം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും സാധിക്കണം. ജീവിതസൗകര്യങ്ങളോ വിദ്യാഭ്യാസമോ പദവികളോ നേട്ടങ്ങളോ ഒന്നുമല്ല വാർധക്യത്തിലെ സന്തോഷത്തിനു നിദാനമാകുന്നത്. മനസ്സിന്റെ സുഖകരമായ താളാത്മകതയാണ് വാർധക്യകാല ജീവിതത്തെ ആനന്ദകരമാക്കുന്നത്. മനസ്സിനെ നിയന്ത്രണ വിധേയമാക്കുകയും അതിന് ക്രിയാത്മകമായ പരിശീലനം നല്‍കുകയും ചെയ്താല്‍ മനുഷ്യന് നേടാനാകാത്ത ഒന്നുമില്ല. റിട്ടയർമെന്റിനു ശേഷം പുതിയ ബിരുദം എടുത്ത് ജോലിയിൽ പ്രവേശിക്കുന്നവരും അറുപത് കഴിഞ്ഞവർ ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് നേടി വാഹനം ഓടിക്കുന്നവരും ഉണ്ട്.

വ്യദ്ധന്മാർ ആരോഗ്യ സംബന്ധമായും മാനസിക, സാമൂഹിക മേഖലകളിലും നിരവധി വെല്ലുവിളികൾ നേരിടുന്നു. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അർഹിക്കുന്ന അംഗീകാരം കിട്ടാതിരിക്കൽ, ഒറ്റപ്പെടൽ, രോഗഭയം, വിഷാദം, മടുപ്പ്, അലസത ഇതെല്ലാം വാർധക്യാവസ്ഥയിലുണ്ടാകുന്ന പ്രധാന പ്രയാസങ്ങളാണ്. ചെറുപ്പമായിരിക്കുമ്പോൾ ധാരാളം പറയാനും കേൾക്കാനും ആളുകളുണ്ടാകും. എന്നാൽ പ്രായമാകുമ്പോൾ പറയാനും കേൾക്കാനുമുള്ള ത്വര കൂടുമെങ്കിലും അതിനുള്ള ആളുകൾ കുറയുകയും ചിലപ്പോൾ ആരും തന്നെ ഇല്ലാതാവുകയും ചെയ്യുന്നു. പ്രായമായവർക്ക് മിണ്ടാനും ആശയങ്ങൾ പങ്കുവെക്കാനും കൃത്യമായി ആളുണ്ടെങ്കിൽ തന്നെ ഒരുവിധം പ്രയാസങ്ങളെല്ലാം തരണം ചെയ്യപ്പെടും.

വയോജനങ്ങൾക്കും പ്രായമായവർക്കും അർഹമായ പരിഗണനയും അംഗീകാരവും ലഭിക്കണം. അവരോടുള്ള സമീപനവും പെരുമാറ്റവും പക്വപരമായിരിക്കണം. ബഹുമാനവും ആദരവും നൽകി സംഭാഷണവും ആശയവിനിമയവും ആരോഗ്യകരവും സമ്പന്നവുമാവണം. അങ്ങനെ ഓരോ പ്രഭാതത്തേയും സന്തോഷത്തോടെ വരവേൽക്കാനും ഓരോ ദിവസവും അടുത്ത ദിവസത്തേക്കുള്ള ഒരുക്കമാക്കാനും സാധിക്കണം.
വാര്‍ധക്യം ഏറെ കരുതലോടെ കാണേണ്ട സമയമാണ്. ജീവിതം നന്നായി ആസ്വദിച്ചവർക്കുപോലും നരബാധിക്കുന്നതോടെ മനസ്സും ശരീരവും തളർന്നുതുടങ്ങും. കാലം പിന്നിടും തോറും പരസഹായത്തിലേക്ക് അനിവാര്യമായിത്തീരും. പ്രസ്തുത സന്ദർഭങ്ങളിൽ സന്താനങ്ങളുടെ സ്നേഹവും കരുതലും പരിഗണനയുമെല്ലാം കൂടുതൽ പ്രതീക്ഷിക്കപ്പെടും. വേണ്ടത്ര അളവിൽ അത് കിട്ടാതെ വരുമ്പോള്‍ പ്രായമായവർ നന്നായി വേദനിക്കും. അവർക്ക് ദേഹോപദ്രവവും മാനസിക പീഡനവും കൂടിയാവുമ്പോൾ നീറ്റലിന്റെ തോത് വിവരണാത്മകമാകും. ശൈശവത്തിൽ കിട്ടിയ സ്നേഹവും സംരക്ഷണവും ലാളനയും ഇരട്ടി മധുരത്തോടെ തിരികെ നൽകേണ്ട കാലമാണ് വാർധക്യം. സർവമതങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രായമായവരെ പ്രത്യേകം ഗൗനിക്കണമെന്ന് പഠിപ്പിക്കുന്നു. വാര്‍ധക്യം ശാപമല്ല, അനുഗ്രഹമാണെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പ്രവാചകരുടെ അടുക്കല്‍ വന്നു ചോദിച്ചു: “തിരുദൂതരേ, ജനങ്ങളില്‍ ആരാണ് ഏറ്റവും ഉത്തമന്‍?’ അവിടുന്ന് പറഞ്ഞു: “ആയുസ്സ് ദീര്‍ഘിക്കുകയും കർമങ്ങള്‍ നന്നാവുകയും ചെയ്യുന്നവൻ’. എന്നാൽ ഏറ്റവും മോശപ്പെട്ടവൻ ആരാെണന്ന് കൂടി ആഗതൻ ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: “ആരുടെ വയസ്സ് നീളുകയും കർമം മോശമാവുകയും ചെയ്തുവോ, അവന്‍’ (തിര്‍മിദി)

സ്രഷ്ടാവിനോടുള്ള ബാധ്യത കഴിഞ്ഞാൽ വിശ്വാസിക്ക് പിന്നെ എറ്റവുമധികം നിർബന്ധമാകുന്നത് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യലാണ്. അവരോട് മോശമായതൊന്നും പറയുകയോ കയര്‍ക്കുകയോ ചെയ്യരുതെന്നും മാന്യമായി സംസാരിക്കണമെന്നും കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് താഴ്ത്തിക്കൊടുക്കണമെന്നും ഖുർആൻ കൽപ്പിക്കുന്നു. “എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കണമേ’ എന്ന് പ്രാർഥിക്കാനും ഖുർആൻ ചേർത്തു പറയുന്നു. (17: 23, 24). അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ എന്ന മഹാപാതകം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ പാപമായി പ്രവാചകർ (സ) പരിചയപ്പെടുത്തിയത് മാതാപിതാക്കളെ ധിക്കരിക്കുകയെന്നതാണ് (ബുഖാരി). വൃദ്ധന്മാരെ പരിഗണിക്കുന്നവരെ പ്രായമാവുമ്പോൾ ശ്രദ്ധിക്കാനാളുണ്ടാവും. അനസ്(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: “ഒരു യുവാവ് വൃദ്ധനെ പരിഗണിച്ചാല്‍ അയാൾക്ക് പ്രായമാകുമ്പോൾ സഹായത്തിനായി അല്ലാഹു ഒരാളെ നിശ്ചയിക്കുന്നതാണ്’ (തിര്‍മിദി). വൃദ്ധരും പരിചരണം ആവശ്യമുള്ളവരുമായ മാതാപിതാക്കളുള്ളവര്‍ അനിവാര്യമായ ധര്‍മസമരത്തിന് പോലും പോകാതെ അവർക്കാവശ്യമായ പരിചരണം നൽകാനാണ് തിരുനബി (സ്വ) നിര്‍ദേശിച്ചത്. (ബുഖാരി)