prathivaram book review
വസന്തത്തിലേക്കുള്ള ദൂരം ഏറെയാണ്
"തേമ്പിപ്പിടിപ്പിച്ച വരമ്പിന്റെ ഓരത്തെ ഉറയ്ക്കാത്ത ചേറിന്റെ ഗന്ധം മൂക്കിലേക്ക് കയറാൻ തുടങ്ങി' എന്നൊക്കെ വായിക്കുമ്പോൾ പുതിയ തലമുറക്ക് അത് പോയ്പ്പോയ ഒരു കാർഷിക സംസ്കൃതിയുടെ ചരിത്രപഠന സന്ദേശം കൂടിയാകുന്നുണ്ട്. ചെറിയ ചെറിയ അധ്യായങ്ങളിലെ കാവ്യശൈലിയും ഭാഷാപ്രയോഗങ്ങളും ചരിത്ര പുരുഷന്മാരുടെ പ്രത്യയശാസ്ത്ര ചിന്തകളിൽ നിന്നുള്ള ഉദ്ധരണികളും കൊണ്ട് സമ്പന്നമാണീ ചെറിയ നോവൽ.

വസന്തത്തിന്റെ ഇടിമുഴക്കം എന്നൊക്കെ പീക്കിംഗ് റേഡിയോയിലൂടെ പോലും ലോകത്തൊയൊട്ടാകെ അറിയിച്ച ഞെട്ടിപ്പിക്കുന്ന ഒരു വാർത്തക്ക് കളമൊരുങ്ങിയ സംഭവമായിരുന്നല്ലോ ഇന്ത്യയിൽ 1969 -70 കളിൽ പശ്ചിമ ബംഗാളിലെ സിലിഗുരി ജില്ലയിലെ നക്സൽബാരി എന്ന സ്ഥലത്തു പൊട്ടിപ്പുറപ്പെട്ട വിപ്ലവമുന്നേറ്റം.
ഒരു കൊടുങ്കാറ്റിന്റെ ആരവത്തോടെ വന്ന് കേരളമടക്കമുള്ള ചിലയിടങ്ങളിൽ ചുഴലിയായി ആഞ്ഞടിക്കുകയും വളരെ വൈകാതെ തന്നെ ഒരു നനഞ്ഞ പടക്കമായി ചീറ്റിപ്പോവുകയും ചെയ്ത നക്സൽ കലാപങ്ങളെക്കുറിച്ച് ധാരാളം ചർച്ചകളും എഴുത്തുകളും നടക്കുകയും ചെയ്തു.
മഴ തോർന്നിട്ടും മരം പെയ്യുന്നു എന്ന് പറയും പോലെ ആ കലാപത്തിന്റെ പോസ്റ്റ്മോർട്ടം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ആ ഗണത്തിലേക്കിതാ കിഴക്കൻ ഏറനാട്ടിൽനിന്നും ഒരു സൃഷ്ടി പിറവിയെടുത്തിരിക്കുന്നു. ഷിഫാ സക്തർ എന്ന കഥാകൃത്തിന്റെ കന്നി നോവലായി അത് ” വസന്തത്തിലേക്കുള്ള വഴിദൂരങ്ങൾ ‘ എന്ന പേരിൽ 103 പേജുകളിലായി അടയാളപ്പെട്ടിരിക്കുകയാണ്.
പലരും പല ഘട്ടങ്ങളിലായി പറഞ്ഞുവെച്ചതാണ് നക്സലിസത്തിന്റെ ഉദയവും അസ്തമയവും പ്രതീക്ഷയും നൈരാശ്യവുമെല്ലാം. പക്ഷേ, ഷിഫാ സക്തർ ഏറ്റവും ചുരുക്കി 24 അധ്യായങ്ങളിലൂടെ വസന്തത്തിലേക്കുള്ള വഴി ദൂരത്തെ അളന്നെടുത്തപ്പോൾ അത് വായനയിൽ ഏറെ ഉദ്വേഗവും ആകാംക്ഷയും നിറച്ചുവെച്ചു കൊണ്ടുള്ള ഒരു ചരിത്രാന്വേഷണമായി മാറി.
നന്ദൻ എന്ന കഥാപാത്രത്തിന്റെ വിപ്ലവ രാഷ്ട്രീയ പശ്ചാത്തലവും നന്ദന്റെ അസ്വാഭാവികമായ മരണം ഒരു കൊലപാതമാണെന്ന കണ്ടെത്തലും അതിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ തേടിയുള്ള കുറ്റാന്വേഷണ യാത്രയുമാണ് നോവൽ ചർച്ചചെയ്യുന്നത്. ഒന്നാം അധ്യായം അവസാനിക്കുന്നിടത്ത് നന്ദനെ അന്വേഷിച്ചു ചെന്നെത്തിയ സ്ഥലത്ത് എത്തിപ്പെട്ട ഹരിയോട് അവിടെയുള്ള ഒരു വൃദ്ധൻ പറയുന്നുണ്ട്. “നിങ്ങൾ വരുന്നത് വരെ കാത്തിരിക്കാതെ അയാൾ പോയി.’
എവിടേക്ക്? പതിഞ്ഞ ശബ്ദത്തിൽ ഞാൻ ചോദിച്ചു…
മറുപടി പറഞ്ഞത് മറ്റൊരു വൃദ്ധനാണ്. “മരണത്തിലേക്ക്, ചിലരങ്ങനെയാണ്… ആരെയും കാത്തു നിൽക്കില്ല…, ആരെയും’.
ഒരു മികച്ച ചെറുകഥയുടെ ലാക്ഷണിക സൗന്ദര്യം ഇത്തരം പരാമർശങ്ങളിൽ വളരെ മിതത്വത്തിൽ ഒതുക്കി പറയുന്ന ശൈലി നോവലിലുടനീളം കാണാം. അതുപോലെ ” ആത്മഹത്യ എന്ന നിഗമനങ്ങളിൽ നിന്ന് പതിയെ ഇരുട്ട് നിറഞ്ഞ ശൂന്യതയിലേക്ക് കല്ലൊതുക്കുകളിറങ്ങി’ എന്നെഴുതുമ്പോൾ നോവലിനുള്ളിൽ കവിത വിരിയുന്ന ശൈലിയും രൂപപ്പെടുന്നു.
“തേമ്പിപ്പിടിപ്പിച്ച വരമ്പിന്റെ ഓരത്തെ ഉറയ്ക്കാത്ത ചേറിന്റെ ഗന്ധം മൂക്കിലേക്ക് കയറാൻ തുടങ്ങി’ എന്നൊക്കെ വായിക്കുമ്പോൾ പുതിയ തലമുറക്ക് അത് പോയ്പ്പോയ ഒരു കാർഷിക സംസ്കൃതിയുടെ ചരിത്രപഠന സന്ദേശം കൂടിയാകുന്നുണ്ട്. “പലപ്പോഴായി ഞാൻ ചിന്തിച്ചിട്ടുണ്ട്. എപ്പോഴാണ് നന്ദനിൽ ഒരൊഴിയാ ബാധപോലെ വിപ്ലവം പടർന്നു കയറിയതെന്ന്.’ സുദേവൻ ഹരിയോട് പറയുന്ന ഈ വാക്കുകളിൽ തന്നെ ഒരൊഴിയാബാധ എന്നതുപോലുള്ള പ്രയോഗത്തിൽ തന്നെ അതിന്റെ അപ്രായോഗികതയും ഉൾച്ചേർന്നിട്ടുണ്ട്.
നക്സലിസം പോലുള്ള തീവ്ര വിപ്ലവ പാതയിലേക്ക് എടുത്തുചാടുന്ന വിപ്ലവകാരികളൊരിക്കലും കാൽപ്പനിക പ്രണയത്തിന്റെയൊന്നും തടവറകളിൽ തളച്ചിടപ്പെട്ടവരായിരിക്കില്ലെന്നാണ് മലയാളി ഉണ്ടാക്കിയെടുത്ത വിപ്ലവത്തിന്റെ ഒരു പൊതുബോധം. എന്നാൽ ഇതിലെ കേന്ദ്രകഥാപാത്രമായ നന്ദഗോപൻ പ്രിയ എന്ന കാമുകിക്ക് എഴുതിയ കത്തിലെ പരാമർശം
“നീ പ്രണയാർദ്രമായി എന്റെ കവിളിൽ ചുംബിച്ച ആ ഒരു നിമിഷത്തിലെ ഗന്ധം ഇപ്പോഴും അവിടെ തങ്ങി നിൽപ്പുണ്ട്’ എന്നാണ്. ഇത്തരം കാൽപ്പനിക മനസ്സുമായി നടക്കുന്ന ഒരു നക്സലൈറ്റായ വിപ്ലവകാരി പച്ചയായ ജീവിത യാഥാർഥ്യങ്ങൾക്ക് മുമ്പിൽ പരാജയം സമ്മതിച്ച് നിരാശയിലേക്ക് കൂപ്പ് കുത്തിയതിൽ അത്ഭുതപ്പെടാനുമില്ല.
നിലമ്പൂരിനടുത്ത് പൂക്കോട്ടും പാടത്ത് വേരുകളുള്ള നന്ദഗോപനെ തിരഞ്ഞ് അവിടെ എത്തുന്ന സഖാക്കൾ “കുഞ്ഞാലി കോളനിയിൽ’ എത്തി വാസവൻ എന്ന അവരുടെ മുൻ സഹ പ്രവർത്തകനെ കാണുന്നതോടെ വസന്തിലേക്കുള്ള വേറിട്ടൊരു വഴിയിലേക്കും നോവലിന്റെ ദിശ മാറുന്നുണ്ട്.
തൊഴിലാളി പ്രവർത്തനം കെട്ടിപ്പടുക്കുന്നതിനിടയിൽ രാഷ്ട്രീയ എതിരാളികളുടെ വെടിയേറ്റ് മരിച്ച (1969ൽ ) കമ്മ്യൂണിസ്റ്റ് എം എൽ എ ആയിരുന്ന സഖാവ് കുഞ്ഞാലിയുടെ സമരോത്സുകമായ ജീവിതത്തിലേക്കും നോവൽ വെളിച്ചം വീശുന്നു.
ചെറിയ ചെറിയ അധ്യായങ്ങളിലെ കാവ്യശൈലിയും ഭാഷാപ്രയോഗങ്ങളും ചരിത്ര പുരുഷന്മാരുടെ പ്രത്യയശാസ്ത്ര ചിന്തകളിൽ നിന്നുള്ള ഉദ്ധരണികളും കൊണ്ട് സമ്പന്നമാണീ ചെറിയ നോവൽ. നക്സലിസത്തിലെ ശരിയും തെറ്റും ചികയുന്നതിലേറെ അതിലടങ്ങിയ കാൽപ്പനിക പൈങ്കിളിത്തത്തിന്റെ മുഴച്ചു നിൽക്കലും അപ്രായോഗികതയും തന്നെയാണ് വസന്തത്തിലേക്കുള്ള വഴിദൂരം എത്തിപ്പിടിക്കാനാകാത്ത അകലത്തിലേക്ക് നീണ്ടു നീണ്ട് പോയതൊന്നും ചുരുക്കിപ്പറയലിന്റെ നോവൽഭാഷ്യത്തിൽ ഏറെ പ്രതീക്ഷകൾ വെച്ചു പുലർത്തുന്ന നോവലിസ്റ്റാണ് ഷിഫാസക്തർ എന്ന് തെളിയിക്കുക കൂടി ചെയ്യുന്നുണ്ട് ” വസന്തത്തിലേക്കുള്ള വഴിദൂരങ്ങൾ’ എന്ന നോവൽ.