Connect with us

Kerala

വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണീയ കൂട്ടായ്മ; ശക്തമായ നടപടി വേണമെന്നാവശ്യം

മഹത്തായ പാരമ്പര്യങ്ങളെ മുഴുവന്‍ വെറുപ്പ് കൊണ്ട് റദ്ദ് ചെയ്യാന്‍ വെള്ളാപ്പള്ളിയെപ്പോലെ ഒരാള്‍ ശ്രമിക്കുമ്പോള്‍ അതിനെ തുറന്നെതിര്‍ക്കേണ്ട ബാധ്യതയുണ്ട്

Published

|

Last Updated

കൊച്ചി | മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ശ്രീനാരായണീയ കൂട്ടായ്മ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയുടെ പ്രസ്താവന അത്തരത്തില്‍പ്പെട്ട ആദ്യത്തേത് അല്ല. ഇതിന് മുമ്പും മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ കാര്യത്തിലടക്കം വിഷം വമിപ്പിക്കുന്ന പ്രസ്താവനകള്‍ വെള്ളാപ്പള്ളിയുടേതായി വന്നിട്ടുണ്ട്.

ശ്രീനാരയണ ഗുരുവിന്റെ മതാതീത ആത്മീയതയുടെയും മാനവമൈത്രിയുടെയും പതാകവാഹകരാകേണ്ട ഒരു സംഘടനയുടെ നേതൃസ്ഥാനത്തിരുന്ന് സംഘ്പരിവാറിന്റെ ഉപകരണമായി വെള്ളാപ്പള്ളി പ്രവത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതോടൊപ്പം സംസ്ഥാന സര്‍ക്കാറിനെയും സ്വന്തം താത്പര്യ സംരക്ഷണത്തിന് സമുദായത്തെ മറയാക്കി വെള്ളാപ്പള്ളി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വെറുപ്പ് പടര്‍ത്തുന്ന പ്രസ്താവനകളുടെ ചരിത്രമുള്ള വെള്ളാപ്പള്ളിയെപ്പോലെ ഒരാളെ നവോത്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പിണറായി സര്‍ക്കാര്‍ നിയോഗിച്ചത്. അതിന് ശേഷവും വിദ്വേഷ പ്രചാരണങ്ങള്‍ വെള്ളാപ്പള്ളി അവസാനിപ്പിച്ചിട്ടില്ലെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ പ്രസ്താവനയെന്ന് കൂട്ടായ്മ വ്യക്തമാക്കി.

ഈ സന്ദര്‍ഭത്തില്‍ ശ്രീനാരയണഗുരു മുതല്‍ മുന്‍കാല യോഗ നേതൃത്വങ്ങളുടെ മൈത്രിയില്‍ അധിഷ്ഠിതമായ മാതൃകാപരമായ ചരിത്രങ്ങള്‍ വെള്ളാപ്പള്ളി നടേശനെ ഓര്‍മപ്പെടുത്തുന്നതിനോടൊപ്പം വിശിഷ്യാ മുസ്‌ലിം സമൂഹവുമായി ശ്രീനാരായണീയ പ്രസ്ഥാനം എക്കാലവും പുലര്‍ത്തിയ സ്‌നേഹസഹോദര്യത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ബാബരി മസ്ജിദ് പ്രശ്‌നം രൂക്ഷമായ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ മുസ്‌ലിം സഹോദരന്‍മാരോടൊപ്പം ആണെന്ന് പരസ്യമായി പ്രമേയത്തിലൂടെ പറഞ്ഞ എം കെ രാഘവനെപ്പോലെയുള്ള നേതാക്കന്‍മാര്‍ നയിച്ച ചരിത്രവും എസ് എന്‍ ഡി പി യോഗത്തിനുണ്ട്. അത്തരം മഹത്തായ പാരമ്പര്യങ്ങളെ മുഴുവന്‍ വെറുപ്പ് കൊണ്ട് റദ്ദ് ചെയ്യാന്‍ വെള്ളാപ്പള്ളിയെപ്പോലെ ഒരാള്‍ ശ്രമിക്കുമ്പോള്‍ അതിനെ തുറന്നെതിര്‍ക്കേണ്ട ബാധ്യത മുഴുവന്‍ ശ്രീനാരയണീയരുടേതുമാണ്. ആ ബാധ്യത ഞങ്ങള്‍ നിര്‍വഹിക്കുകയാണെന്നും കൂട്ടായ്മ വിശദീകരിച്ചു.

Latest