International
ആഭ്യന്തര കലാപത്തിനിടെ പലായനം ചെയ്ത ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് തിരിച്ചെത്തി
രജപക്സെയ്ക്ക് ബൊക്കെ നല്‍കിയും രജപക്സെ നടക്കുന്ന വഴികളില്‍ പുഷ്പങ്ങള്‍ വിതറിയുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേറ്റത്
കൊളംബോ| ആഭ്യന്തര കലാപത്തിനിടെ പലായനം ചെയ്ത ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ ശ്രീലങ്കയില്‍ തിരിച്ചെത്തി. ഏഴ് ആഴ്ചകളോളം ലങ്കയില്‍ നിന്നും മാറിനിന്ന ശേഷമാണ് ഗോതബായ രജപക്‌സെ തിരിച്ചെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിമാനത്തില്‍ വന്നിറങ്ങിയ രജപക്സെയ്ക്ക് ബൊക്കെ നല്‍കിയും രജപക്സെ നടക്കുന്ന വഴികളില്‍ പുഷ്പങ്ങള്‍ വിതറിയുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേറ്റത്. സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനം പ്രസിഡന്റിന്റെ വസിതി ഉള്‍പ്പെടെ കൈയേറിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഐഎംഎഫില്‍ നിന്നും 2.9 ബില്യണ്‍ യു എസ് ഡോളര്‍ ധനസഹായം ലഭിച്ചതിന് പിന്നാലെയാണ് മുന്‍ പ്രസിഡന്റ് തിരിച്ചെത്തിയിരിക്കുന്നത്.
അതേസമയം ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് ബജറ്റ് അവതരിപ്പിച്ചത്. 225 അംഗ നിയമസഭയില്‍ 115 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ പ്രധാന പ്രതിപക്ഷമായ എസ്ജെബി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഞ്ച് അംഗങ്ങള്‍ മാത്രമാണ് ഇടക്കാല ബജറ്റിന് എതിരായി വോട്ട് ചെയ്തത്.
ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) മൂന്ന് നിയമസഭാംഗങ്ങളും ഓള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസിലെ രണ്ട് എംപിമാരുമാണ് ഇടക്കാല ബജറ്റിനെതിരെ വോട്ടുചെയ്തത്. ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുന്നതിനായി നികുതിപരിഷ്‌കരണമുണ്ടാകും എന്നുള്‍പ്പെടെയാണ് ബജറ്റില്‍ പറയുന്നത്.
ആദായ നികുതി, മൂല്യവര്‍ധിത നികുതി (വാറ്റ്), ടെലികമ്മ്യൂണിക്കേഷന്‍ ലെവി, വാതുവെപ്പ്, ഗെയിമിംഗ് ലെവി എന്നിവയുമായി ബന്ധപ്പെട്ട നിരവധി നികുതി പരിഷ്‌കാരങ്ങള്‍ ഇടക്കാല ബജറ്റിലുണ്ട്. ഈ വര്‍ഷം സെപ്തംബര്‍ ഒന്നു മുതല്‍ വാറ്റ് നിരക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തും. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വാറ്റ് 8 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയത്. സര്‍ക്കാരിന് വരുമാനം കൂടാനാണ് നികുതി പരിഷ്‌കരണം കൊണ്ടുവരുന്നത്.