t20worldcup
ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ജയം
ശ്രീലങ്കക്ക് വേണ്ടി ചരിത് അസലങ്ക പുറത്താവാതെ 49 പന്തില്‍ 80 റണ്‍സ് നേടി വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു
ഷാര്‍ജ | ലോകകപ്പ് ടി20യില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് വിജയം. ഏഴ് പന്ത് ബാക്കി നില്‍ക്കെയാണ് ശ്രീലങ്ക വിജയം നേടിയത്. ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 18.5 ഓവറില്‍ മറികടന്നത്.
ശ്രീലങ്കക്ക് വേണ്ടി ചരിത് അസലങ്ക പുറത്താവാതെ 49 പന്തില്‍ 80 റണ്‍സ് നേടി വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ബഹുങ്ക രജപക്‌സെ 31 പന്തില്‍ 53 റണ്‍സും പതും നിസ്സാങ്ക 21 പന്തില്‍ 24 റണ്‍സും നേടി. ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസ്സന്‍ മൂന്നോവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. നാസും അഹ്മദും ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് സൈഫുദ്ദീന്‍ ഒരു വിക്കറ്റ് നേടി.
നേരത്തെ, 52 പന്തില്‍ 62 റണ്‍സ് നേടിയ മുഹമ്മദ് നയിമിന്റെയും 37 പന്തില്‍ 57 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹിമിന്റേയും ബലത്തിലാണ് ബംഗ്ലാദേശ് 171 ല്‍ എത്തിയത്. ശ്രീലങ്കക്കായി ചമിക കരുണരത്‌നെ, ബിനുര ഫെര്‍ണാണ്ടോ, ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.