Connect with us

Editorial

സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങുന്ന ശ്രീലങ്ക

മനുഷ്യരെ മതപരമായും വംശീയമായും വിഭജിച്ചും വികാരം ഇളക്കിവിട്ടും തീവ്ര ദേശീയത കത്തിച്ചു നിര്‍ത്തിയും അധികാരം പിടിക്കുന്നവര്‍ക്ക് രാജ്യത്തെ സുസ്ഥിരമായി നയിക്കാനാകില്ലെന്നതിന്റെ നേര്‍ നിദര്‍ശനമായി മാറിയിരിക്കുന്നു ശ്രീലങ്ക. അതുകൊണ്ട് ശ്രീലങ്ക സാമ്പത്തിക തകര്‍ച്ചയുടെ പെരുങ്കടലില്‍ മുങ്ങുമ്പോള്‍ ഇന്ത്യക്ക് അതില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.

Published

|

Last Updated

അയല്‍ രാജ്യമായ ശ്രീലങ്കയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയിലൂടെയാണ് ദ്വീപ് രാജ്യം കടന്നുപോകുന്നത്. മനുഷ്യരെ മതപരമായും വംശീയമായും വിഭജിച്ചും വികാരം ഇളക്കിവിട്ടും തീവ്രദേശീയത കത്തിച്ചു നിര്‍ത്തിയും അധികാരം പിടിക്കുന്നവര്‍ക്ക് രാജ്യത്തെ സുസ്ഥിരമായി നയിക്കാനാകില്ലെന്നതിന്റെ നേര്‍ നിദര്‍ശനമായി മാറിയിരിക്കുന്നു ശ്രീലങ്ക. ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ തുടങ്ങിയവക്ക് കടുത്ത ക്ഷാമം തുടങ്ങിയിട്ട് നാളുകളേറെയായി. പെട്രോളിനും മണ്ണെണ്ണക്കുമായി കത്തുന്ന വെയിലില്‍ നാല് മണിക്കൂറോളം വരിനിന്ന് രണ്ട് വയോധികരാണ് കുഴഞ്ഞുവീണു മരിച്ചത്. കടലാസ് കിട്ടാനില്ലാത്തതിനാല്‍ അനിശ്ചിതകാലത്തേക്ക് പരീക്ഷകള്‍ റദ്ദാക്കി. അതിരൂക്ഷമായ വിലക്കയറ്റം ജനജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യ ഉത്പന്ന വിലയാണ് കൂടുതല്‍ വേഗത്തില്‍ കുതിക്കുന്നത്. ഭക്ഷണ ശാലകളെല്ലാം വില കൂട്ടി. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തകൃതിയായി നടക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ല.

പ്രധാന ഉത്പന്നങ്ങളെല്ലാം ഇറക്കുമതി ചെയ്യുന്ന ശ്രീലങ്കയുടെ കൈയില്‍ വിദേശനാണ്യ ശേഖരം ഏതാണ്ട് തീര്‍ന്ന സ്ഥിതിയാണുള്ളത്. ഇതോടെ വ്യാപാര പങ്കാളികള്‍ ഓരോന്നായി പിന്‍വാങ്ങി. 9.6 ബില്യണ്‍ ഡോളര്‍ വായ്പ തിരിച്ചടവ് ഈ വര്‍ഷം നടത്താനുണ്ട്. എന്നാല്‍ 2.3 ബില്യണ്‍ ഡോളറിന്റെ വിദേശ നാണ്യശേഖരം മാത്രമാണ് കൈയിലുള്ളത്. പ്രധാന ദാതാവായ ചൈനക്ക് അടക്കാനുള്ള വായ്പക്ക് കാലപരിധി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബീജിംഗില്‍ നിന്ന് അനുകൂല സന്ദേശം ലഭിച്ചിട്ടില്ല. ഇതേ ചൈനയോട് 250 കോടി ഡോളര്‍ കൂടി കടം ചോദിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഇന്ത്യ ശ്രീലങ്കക്ക് 100 കോടി ഡോളര്‍ ക്രെഡിറ്റ്‌ലൈന്‍ വായ്പ നല്‍കിയിരുന്നു. വായ്പ വാങ്ങുന്ന രാജ്യത്തിന് കുറേക്കൂടി വിനിയോഗ സ്വാതന്ത്ര്യം നല്‍കുന്ന വായ്പകളാണിവ. ഐ എം എഫ് വായ്പ സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്കായി ധനമന്ത്രി ബേസില്‍ രാജപക്സെ അടുത്ത മാസം യു എസിലേക്ക് പോകും. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുമെന്നാണ് ഐ എം എഫ് റിപോര്‍ട്ട്. ശ്രീലങ്കന്‍ രൂപയുടെ മൂല്യം ദിനംപ്രതി ഇടിയുകയാണ്. ഒരു ലങ്കന്‍ രൂപയെന്നാല്‍ 27 ഇന്ത്യന്‍ പൈസയാണ് ഇപ്പോള്‍. മാര്‍ച്ച് എട്ടിന് ഇത് 38 ഇന്ത്യന്‍ പൈസയായിരുന്നു.

ജി ഡി പി വായ്പാ അനുപാതം നൂറ് ശതമാനത്തിനും മുകളിലുള്ള രാജ്യമാണ് ശ്രീലങ്ക. എന്നാല്‍ കടം ജി ഡി പിയേക്കാളും മുകളിലാണ്. കടമെടുക്കാതെ ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാകില്ല. എന്നാല്‍ ഈ കടം എന്തിന് വിനിയോഗിക്കുന്നുവെന്നത് വളരെ പ്രധാനമാണ്. പ്രത്യുത്പാദനപരമല്ലാത്ത മേഖലകളിലാണ് കടമെടുത്ത പണം ഉപയോഗിക്കുന്നതെങ്കില്‍ എങ്ങനെ അത് തിരിച്ചടക്കും. ഇപ്പോഴത്തെ പ്രധാനമന്ത്രിയും മുന്‍ പ്രസിഡന്റുമായ മഹീന്ദാ രജപക്സേയാണ് പ്രത്യുത്പാദനപരമല്ലാത്ത കടമെടുപ്പിന്റെ ആശാന്‍. എല്‍ ടി ടി ഇ വേട്ടക്കായി അദ്ദേഹം വരുത്തിയ സൈനികച്ചെലവില്‍ നല്ല പങ്കും കടമായിരുന്നു. തമിഴ് ജനതക്ക് നേരേയുള്ള വംശഹത്യാ ശ്രമമായി മാറിയ സൈനിക നീക്കത്തിന്റെ നായകനായി വാഴ്ത്തപ്പെടുന്നയാളാണ് മഹീന്ദാ രജപക്സേ. ആ സൈനിക നടപടിയുടെ സാമ്പത്തിക ഭാരം കൂടിയാണ് ശ്രീലങ്ക ഇപ്പോള്‍ പേറുന്നത്.

കുടുംബവാഴ്ചയാണ് ശ്രീലങ്കയില്‍ നടക്കുന്നത്. സിംഹള/ ബുദ്ധ വൈകാരികത ഇളക്കി വിട്ട് നേടിയ അധികാരം പ്രധാനമന്ത്രിപദത്തിലിരുന്ന് മഹീന്ദ രജപക്സേയും പ്രസിഡന്റ് പദത്തിലിരുന്ന് സഹോദരന്‍ ഗോതഭയ രജപക്സേയും പങ്കിട്ടെടുക്കുകയായിരുന്നു. രജപക്സേ കുടുംബത്തിലെ അംഗങ്ങളോ ആ കുടംബവുമായി അടുത്ത ബന്ധമുള്ളവരോ ആണ് മന്ത്രിസഭയിലേറെയും. 2019ലെ ഈസ്റ്റര്‍ ദിന ചര്‍ച്ച് ആക്രമണത്തിന് ശേഷം മുസ്ലിംകളെയൊന്നാകെ അന്യവത്കരിക്കുന്ന നയമാണ് ഇവര്‍ കൈക്കൊള്ളുന്നത്. ഒരു ഭാഗത്ത് സാമ്പത്തിക തകര്‍ച്ച, മറുഭാഗത്ത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സാമൂഹിക വിഭജനം.

ഭക്ഷ്യ വസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ ഭാഗമായി എല്ലാ വിലനിയന്ത്രണങ്ങളും എടുത്തു കളഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെ രൂക്ഷമാക്കിയത്. പൂഴ്ത്തിവെപ്പ് തടയാന്‍ സൈന്യത്തെ ഇറക്കിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് ഈ തലതിരിഞ്ഞ നയം പുറത്തെടുത്തത്. വില കുതിച്ചുയരുമ്പോള്‍ എല്ലാ വ്യാപാരികളും വസ്തുക്കള്‍ വില്‍പ്പനക്കെടുക്കുമെന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ അതുണ്ടായില്ല. ഏത് പ്രതിസന്ധികളെയും നേരിടുന്നതിന് രജപക്സേ സഹോദരന്മാര്‍ പട്ടാളത്തെയാണ് ഉപയോഗിക്കുന്നത്. ഉപഭൂഖണ്ഡത്തില്‍ ആദ്യമായി സ്വതന്ത്ര സാമ്പത്തിക സമ്പ്രദായത്തിലേക്കു മാറിയ രാജ്യമാണ് ശ്രീലങ്ക. കൊവിഡ് പ്രതിസന്ധിയില്‍ വിനോദസഞ്ചാരികളുടെ വരവു കുറഞ്ഞതാണ് മറ്റൊരു പ്രശ്നം. ഗോതബയ രജപക്സേ കഴിഞ്ഞ ഏപ്രിലില്‍ പൊടുന്നനെ പ്രഖ്യാപിച്ച തീരുമാനം ശ്രീലങ്കന്‍ കാര്‍ഷിക രംഗം തകര്‍ത്ത് തരിപ്പണമാക്കുന്നതായിരുന്നു. രാജ്യം സമ്പൂര്‍ണ ജൈവ കൃഷിയിലേക്കു മാറാന്‍ തീരുമാനിച്ചുവെന്നതായിരുന്നു ആ പ്രഖ്യാപനം.

ശ്രീലങ്കയെ ഇന്നത്തെ നിലയിലെത്തിച്ച തലതിരിഞ്ഞ നയങ്ങള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ക്കും ഇന്ത്യയുമായുള്ള സാമ്യം ഒട്ടും യാദൃച്ഛികമല്ല. നോട്ടു നിരോധനം പോലെ വീണ്ടുവിചാരമില്ലാത്ത സാമ്പത്തിക പരിഷ്‌കാരം പൊടുന്നനെ കൊണ്ടുവരികയെന്ന പരമാബദ്ധം അരങ്ങേറിയ രാജ്യമാണല്ലോ ഇന്ത്യ. പൊതുമേഖലാ ആസ്തികള്‍ വിറ്റഴിക്കുന്നിടത്തും രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നിയമ നിര്‍മാണം നടത്തുന്നിടത്തും ഈ സാമ്യം കാണാം. ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണാധികാരികളുടെ പ്രത്യയ ശാസ്ത്രം തന്നെയാണ് അടിസ്ഥാനപരമായി ശ്രീലങ്കന്‍ ഭരണം കൈയാളുന്ന പാര്‍ട്ടിക്കുമുള്ളത്. കടുത്ത തീരുമാനങ്ങള്‍ ഒരു കൂടിയാലോചനയുമില്ലാതെ പൊടുന്നനെ എടുക്കുന്നതാണ് വലിയ മിടുക്കെന്ന് കരുതുന്നവരാണ് നരേന്ദ്ര മോദിയും രജപക്സേമാരും. സൈന്യത്തിന്റെ അപ്രമാദിത്വത്തിലാണ് താത്പര്യം. മതത്തിന്റെ രാഷ്ട്രീയ പ്രയോഗത്തിലും ഇരു കൂട്ടരും വിശ്വസിക്കുന്നു. അതുകൊണ്ട് ശ്രീലങ്ക സാമ്പത്തിക തകര്‍ച്ചയുടെ പെരുങ്കടലില്‍ മുങ്ങുമ്പോള്‍ ഇന്ത്യക്ക് അതില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്

 

Latest