mahinda rajapaksa resigns
ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സ രാജിവെച്ചെന്ന് റിപ്പോർട്ട്; തള്ളി സർക്കാർ
പ്രധാനമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയും രാജിവെക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കൊളംബോ | അനിതര സാധാരണ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെത്തിയ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സ രാജിവെച്ചതായി റിപ്പോർട്ട്. അതേസമയം, വാർത്ത സർക്കാർ വൃത്തങ്ങൾ തള്ളി. രാജപക്സയുടെ രാജിക്കത്ത് പ്രസിഡന്റ് ഗോതബയ രാജപക്‌സ സ്വീകരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയും രാജിവെക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ, ഇത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന രാജ്യത്ത് അടിയന്തരാവസ്ഥ കൂടി പ്രഖ്യാപിച്ചത് വലിയ ജനകീയ പ്രക്ഷോഭത്തിനാണ് സാക്ഷ്യംവഹിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഫ്യൂ ലംഘിച്ച് തെരുവിലിറങ്ങി. വിദ്യാര്‍ഥികളും പ്രതിഷേധിക്കുന്നുണ്ട്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
രാജ്യത്തെ വലിയ രണ്ടാമത്തെ നഗരമായ കാന്‍ഡിയിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ‘ഗോത, വീട്ടില്‍ പോകൂ’ എന്ന മുദ്രാവാക്യം മുഴക്കിയാണ് വിദ്യാര്‍ഥികള്‍ കര്‍ഫ്യൂ ലംഘിച്ചത്. ഇവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രാജപക്സ കുടുംബത്തിൻ്റെ കെടുകാര്യസ്ഥതയും കഴിവില്ലായ്മയുമാണ് രാജ്യത്തെ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് പൊതുവികാരം.