Kerala
ശ്രീകാര്യം പോലീസ് സ്‌റ്റേഷന്‍ ഉപരോധം; എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു
പോലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
തിരുവനന്തപുരം | കാര്യവട്ടം കാമ്പസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് എംഎല്‍എമാര്‍ക്കെതിരെ പോലീസ് കേസെടുത്തു.എം വിന്‍സന്റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പോലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. കണ്ടാലറിയാവുന്ന യൂത്ത് കോണ്‍ഗ്രസ് ,കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
കാര്യവട്ടം കാമ്പസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസിന്റെ സംരക്ഷണത്തില്‍ എംഎല്‍എമാരെ ആക്രമിച്ചു.എന്നിട്ടും പ്രതികളെ സംരക്ഷിക്കുന്നുവെന്ന് സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. പോലീസ് പ്രതികള്‍ക്കൊപ്പമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കാര്യവട്ടം കാമ്പസില്‍ സംഘര്‍ഷം തുടങ്ങിയത്. കാമ്പസിലെ വിദ്യാര്‍ഥിയും കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാന്‍ജോസിനെ ഇടിമുറിയില്‍ പൂട്ടിയിട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചെന്നാരോപിച്ചാണ് സംഘര്‍ഷം ഉടലെടുത്തത് . മര്‍ദിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അതിനിടെ എം എല്‍ എ മാരായ ചാണ്ടി ഉമ്മനും എം വിന്‍സന്റും പോലീസ് സ്റ്റേഷനിലെത്തി. കാറില്‍ നിന്നിറങ്ങിയ എം വിന്‍സന്റ് എംഎല്‍എയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തു. ഇതോടെ പൊലീസ് സ്റ്റേഷന് മുന്നിലെ സംഘര്‍ഷം രൂക്ഷമായി മാറുകയായിരുന്നു.