Articles
ഗണിതമുള്ളിടത്തോളം കാലം ഓര്‍ക്കപ്പെടും ശ്രീനിവാസ രാമാനുജന്‍
മാനവികതയുടെ വികസനത്തിനും പുരോഗതിക്കും ഗണിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ദേശീയ ഗണിത ദിനത്തിന്റെ ലക്ഷ്യം.
ഇന്ന് ദേശീയ ഗണിത ദിനം. ഇന്ത്യന്‍ ഗണിതശാസ്ത്രത്തിലെ അത്ഭുതപ്രതിഭയായ ശ്രീനിവാസ രാമാനുജനോടുള്ള ബഹുമാനാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 22 ദേശീയ ഗണിത ദിനമായി ആചരിക്കുന്നത്. ശ്രീനിവാസ രാമാനുജന്‍ ജനിച്ച ദിവസം കൂടിയാണിത്. അദ്ദേഹത്തിന്റെ 134-ാം ജന്മദിനമാണ് ഇന്ന്. 2012 ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഡിസംബര്‍ 22 ദേശീയ ഗണിതദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. മാനവികതയുടെ വികസനത്തിനും പുരോഗതിക്കും ഗണിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ദേശീയ ഗണിത ദിനത്തിന്റെ ലക്ഷ്യം.
1887 ഡിസംബര്‍ 22ന് മദ്രാസിലെ ഈറോഡിലാണ് ശ്രീനിവാസ രാമാനുജന്‍ ജനിച്ചത്. തമിഴ്നാട് ഈറോഡിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച രാമാനുജന് പതിനഞ്ചാമത്തെ വയസിലൊരു പുസ്തകം ലഭിച്ചു. സിനോപ്‌സിസ് ഓഫ് എലിമെന്ററി റിസള്‍ട്‌സ് ഇന്‍ പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ് മാത്തമാറ്റിക്‌സ് എന്ന പുസ്തകം. ഇത് ജോര്‍ജ്ജ് കാര്‍ എന്ന ഒരു ഗണിതശാസ്ത്രജ്ഞന്റെ പുസ്തകമാണ്. രാമാനുജനെ കണക്കിനോട് അടുപ്പിച്ചത് ഈ പുസ്തകമാണ്. പുസ്തകത്തില്‍ ജോര്‍ജ്ജ് കാര്‍ വ്യക്തമാക്കാത്ത പല കണക്കുകള്‍ക്കും രാമാനുജന്‍ ഉത്തരങ്ങള്‍ കണ്ടെത്തി. സ്വന്തം സിദ്ധാന്തങ്ങള്‍ ഉണ്ടാക്കി. അക്കാലത്ത് കോളജില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടിയെങ്കിലും കണക്കിലല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ലാത്ത രാമാനുജന്‍ ബാക്കി വിഷയങ്ങളിലെല്ലാം പരാജയപ്പെട്ടു. അതോടെ സ്‌കോളര്‍ഷിപ്പ് പോയി.
തുടര്‍ന്ന് മദ്രാസ് പോര്‍ട്ട് ട്രസ്റ്റില്‍ ഗുമസ്തപ്പണിയില്‍ പ്രവേശിച്ചു. അപ്പോഴും ഗണിതത്തില്‍ ഉറച്ചു നിന്നു. 1911ല്‍ ജേണല്‍ ഓഫ് ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയില്‍ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു. പിന്നീട് ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞന്‍ ഹാര്‍ഡിയുമായി കത്തുകളിലൂടെ ബന്ധം സ്ഥാപിച്ചെടുത്തു. രാമാനുജന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഹാര്‍ഡി അദ്ദേഹത്തെ ലണ്ടനിലെത്തിച്ചു. രാമാനുജന്‍ സമകാലികര്‍ക്ക് അത്ഭുതമായിരുന്നു. ഗണിത ശാസ്ത്രത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് ഒന്നുമറിയാത്തവനെന്ന് അവര്‍ക്ക് തോന്നിയെങ്കിലും രാമാനുജന്റെ സിദ്ധാന്തങ്ങള്‍ തള്ളിക്കളയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. നമ്പര്‍ തിയറിയില്‍ രാമാനുജന്‍ പുതിയ വഴി തുറന്നു. 1918ല്‍ റോയല്‍ സൊസൈറ്റി അഗത്വം രാമാനുജന് ലഭിച്ചു. 1920 ഏപ്രില്‍ 26ന് ക്ഷയരോഗം ബാധിച്ചാണ് രാമാനുജന്‍ ലോകത്തോട് വിടപറഞ്ഞത്. 32 വര്‍ഷവും 4 മാസവും നാല് ദിവസവും മാത്രം നീണ്ട ജീവിതം.